നൂറ്റാണ്ടുകൾ താണ്ടിയെത്തിയ പുസ്തകം; അസാധാരണ അനുഭവം പങ്കുവച്ച് എൻ ഇ സുധീര്‍

വായന ഇഷ്ടപ്പെടുന്ന ഒരാൾക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ല സമ്മാനം പുസ്തകങ്ങളാണ്. അതിൽ തർക്കമില്ല. അക്ഷരങ്ങൾ സമ്മാനമായി നൽകി വായനയുടെ ലോകത്തേക്ക് ക്ഷണിക്കുന്നവരും ഏറെയാണ്. നിങ്ങളിൽ പലർക്കും പിറന്നാൾ ദിനത്തിലോ, അല്ലെങ്കിൽ മറ്റേതെങ്കിലും അവസരങ്ങളിലോ ഒരു പുസ്തകമെങ്കിലും സമ്മാനമായി ലഭിച്ചിട്ടുണ്ടാകില്ലേ? ഏത് പുസ്തകമാണെങ്കിലും വിലമതിക്കാനാകാത്ത (പ്രിന്റിങ് വിലയ്ക്കപ്പുറം) ചില ഘടകങ്ങൾ വായനക്കാർ കണ്ടെത്താറുണ്ട്. നിങ്ങൾക്ക് ഇപ്പോൾ ഒരു പുസ്തകം സമ്മാനമായി കൈയിൽ കിട്ടി എന്ന് കരുതുക. എത്ര സന്തോഷമായിരിക്കുമല്ലേ. അത് ആ പുസ്തകത്തിന്റെ ആദ്യ കോപ്പിയാണെങ്കിൽ പിന്നെ പറയേണ്ടതില്ല. എന്നാൽ അത് വർഷങ്ങൾക്ക്, അല്ല നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ ആദ്യ കോപ്പിയാണെങ്കിലോ?
അത്തരത്തിൽ വളരെ കൗതുകകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സാംസ്കാരിക പ്രവർത്തകനായ എൻ ഇ സുധീർ. ലണ്ടനിൽ പോയി വന്ന ഒരു സുഹൃത്ത് സമ്മാനിച്ച സെക്കൻഡ് ഹാൻഡ് പുസ്തകത്തെക്കുറിച്ചാണ് എൻ ഇ സുധീർ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ആദ്യം പഴയ ഏതോ പുസ്തകമാണെന്ന് വിചാരിച്ചെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോഴല്ലേ കാര്യം മനസിലായത്. 1859ൽ ജോർജ് എലിയറ്റ് എഴുതിയ ‘ആദം ബീഡ്’ എന്ന ക്ലാസിക് നോവലിന്റെ 137 വർഷം പഴക്കമുള്ള കോപ്പിയാണ് തന്റെ കൈയിലുള്ളതെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹം അക്ഷരാർഥത്തിൽ ഞെട്ടിയത്. പുസ്തകം എന്നത് എന്തൊദ്‌ഭുതമാണെന്ന് നിങ്ങളും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുമല്ലേ... ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കുണ്ടായിട്ടുണ്ടെങ്കിൽ പങ്കുവയ്ക്കൂ.
എൻ ഇ സുധീർ പങ്കുവച്ച ഫേസ് ബുക്ക് കുറിപ്പ്
ഇന്നലെ കൊറിയറിൽ വന്ന പാക്കറ്റ് പൊളിച്ച് അതിലെ പുസ്തകം പുറത്തെടുത്തപ്പോൾ നിരാശയാണ് തോന്നിയത്. ഏതോ ഒരു സെക്കൻ്റ് ഹാൻഡ് പുസ്തകം!
ലണ്ടനിൽ പോയി തിരിച്ചെത്തിയ സുഹൃത്ത് സ്നേഹപൂർവ്വം അവിടെ നിന്നും വാങ്ങി കൊണ്ടുവന്നതാണ്. ഇതെന്താ ഇങ്ങനെ എന്ന് മനസ്സിലാവാതെയാണ് പുസ്തകം തുറന്നത്.
Novels of George Eliot - Vol 1 - Adame Bede - with illastralions
പ്രത്യേകിച്ച് താല്പര്യമൊന്നും തോന്നിയില്ല. ഇതിൻ്റെ നല്ലൊരു കോപ്പി എൻ്റെ കയ്യിലുള്ളതാണ്. അപ്പോഴാണ് ടൈറ്റിൽ പേജിൻ്റെ മുകളിൽ വലതു മൂലയിലായി ആരുടെയോ ഒരു കൈപ്പട കണ്ണിൽപ്പെട്ടത്.
മങ്ങിയ ഒരു കൈയ്യക്ഷരം.
ഒരു കൗതുകത്തിന് അതൊന്നു സൂക്ഷിച്ചു വായിച്ചു നോക്കി -
Jack
from mother
may 31st,, 1888.
ഞാനൊന്നുകൂടി സൂക്ഷിച്ചു വായിച്ചു. അതെ, വർഷം 1888 തന്നെ.
മനസ്സൊന്നു പിടച്ചു.137 വർഷം പഴക്കമുള്ള പുസ്തകം!
അതെ 1859-ലാണ് ‘ആദം ബീഡ്’ ആദ്യമായി പ്രസിദ്ധീകരിച്ചത്.
മേരി ആൻ ഇവാൻസ് - ജോർജ് എലിയറ്റ് എന്ന തൂലികാനാമത്തിൽ എഴുതിയ ക്ലാസിക്. ആ ആദ്യ പതിപ്പാണ് 164 കൊല്ലങ്ങൾക്കിപ്പുറം എൻ്റെ കൈകളിലെത്തിയിരിക്കുന്നത്. William Blackwood & Sons പ്രസിദ്ധപ്പെടുത്തിയത്.
അറിയാതെ എൻ്റെ കയ്യൊന്ന് വിറച്ചു.
ജാക്ക് എന്നൊരാളിന് അയാളുടെ അമ്മ 1888 ൽ കൊടുത്ത ആ കോപ്പി ഇപ്പോഴിതാ എൻ്റെയീ കൈകളിൽ. പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക്.
ഞാനെൻ്റെ സുഹൃത്തിനെ മനസ്സാ ചേർത്തു പിടിച്ചു. ഇതിലും വലിയൊരു സമ്മാനം എനിക്കു ലഭിക്കാനുണ്ടോ! ഇതിനയാൾ കൊടുത്തിരിക്കാനിടയുള്ള വിലയോർത്ത് ഞനന്തം വിട്ടു. Antique പുസ്തകങ്ങൾക്ക് അന്യായ വിലയാണെന്ന് എനിക്കറിയാം. പാശ്ചാത്യ ലോകത്ത് പുസ്തക മോഷ്ടാക്കൾ പോലും ഇത്തരം പുസ്തകങ്ങളിലാണ് ഉന്നം വെക്കുന്നത്.
പുസ്തകം എന്നത് എന്തൊദ്‌ഭുതമാണെന്ന് ആലോചിച്ചു കൊണ്ട് ഞാൻ വെറുതെയിരുന്നു.
അമൂല്യം എന്ന എന്തെങ്കിലും നാളിതുവരെ എൻ്റെ പക്കലുണ്ടായിരുന്നില്ല. ഇന്നിതാ, കാലത്തെ അതിജീവിച്ചുകൊണ്ട്, നൂറ്റാണ്ടുകൾ താണ്ടി ഒരെണ്ണം എൻ്റെ കൂടെ വന്നിരിക്കുന്നു.
കാലം എനിക്കുമുന്നിൽ തെളിച്ചമായി നിൽക്കുന്നു.
അതിനു സാധ്യതയൊരുക്കിയ എൻ്റെ ചങ്ങാതി- എൻ. ഇ. മനോഹറിന് സ്തുതി.
നിങ്ങളെന്നെ മറ്റേതോ ലോകത്തെത്തിച്ചതു പോലെ.
പുസ്തകം ഞാൻ ഭദ്രമായി അടച്ചു വെച്ചു.
ഇനി അതിൻ്റെ ജീവിതം എൻ്റെ കൈകളിൽ.
അതൊരു വലിയ ഉത്തരവാദിത്തമാണ്.









0 comments