ആ ചിത്ര'വേല' എന്റേതല്ല: ആര്‍ടിസ്റ്റ് സുജാതന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 23, 2018, 06:55 AM | 0 min read

ആലപ്പുഴ > സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തീന്‍മേശയിലെ കരവിരുത് തന്റേതല്ലെന്ന് നാടക രംഗപട മേഖലയിലെ അതികായകന്‍ ആര്‍ടിസ്റ്റ് സുജാതന്‍.

'ആര്‍ടിസ്റ്റ് സുജാതന്‍ ചോറുണ്ടിട്ടുപോയതാ' എന്ന കുറിപ്പോടെ ഫേസ്‌ബുക്കിലൂടെ പ്രചരിക്കുന്ന ചിത്രത്തില്‍ ഊണുകഴിഞ്ഞു പാത്രത്തില്‍ മിച്ചംവച്ച മീന്‍മുള്ളുകളും പച്ചക്കറിയുടെ അവശിഷ്ടങ്ങളും കൊണ്ട് മനോഹര ചിത്രവേലയാണുള്ളത്.

'എനിക്ക് ഒരു ബന്ധവുമില്ല' എന്നായിരുന്നു ഇതെപ്പറ്റി അദ്ദേഹത്തോടു ചോദിച്ചപ്പോഴുള്ള മറുപടി. ഇതുപോലെ ഫേസ്‌ബുക്കില്‍ കണ്ട് ഒരാള്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ഞാനും നോക്കിയത്. എന്തായാലും അതുഭയങ്കര കോമഡിയായിപ്പോയി' അദ്ദേഹം പറഞ്ഞു. ഒത്തിരി കലാകാരന്മാരുണ്ടായിട്ടും ഇത് സുജാതന്റെ പേരില്‍ പ്രചരിക്കുന്നത് അംഗീകാരമല്ലേയെന്നു ചോദിച്ചപ്പോള്‍ നിരവധി സംസ്ഥാന അവാര്‍ഡുകള്‍ നേടിയ അദ്ദേഹത്തിന്റെ മറുപടി സ്വതസിദ്ധമായ വിനയത്തോടെയുള്ള ചിരിയായിരുന്നു.

1967 മുതല്‍ നാടകത്തിന് രംഗപടം ചമയ്ക്കുന്ന ആര്‍ടിസ്റ്റു സുജാതന് ഈ രംഗത്ത് പകരക്കാരനില്ലെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ ഇത് പോസ്റ്റുചെയ്ത് ഒളിഞ്ഞിരിക്കുന്ന രസികനായ 'പോസ്റ്റുമാന്റെ' ഭാവനയ്ക്ക് ന്യായീകരണമുണ്ട്. 4000 നാടകങ്ങള്‍ക്ക് രംഗപടമൊരുക്കിയിട്ടുള്ള സുജാതന്റെ അച്ഛന്‍ ആര്‍ടിസ്റ്റ് കേശവനായിരുന്നു ഇദ്ദേഹത്തിനുമുമ്പ് കെപിഎസി ഉള്‍പ്പെടെയുള്ള നാടകസംഘങ്ങള്‍ക്ക് രംഗപടം തയ്യാറാക്കിയിരുന്നത്. കേശവന്‍ ആദ്യകാലത്ത് അമേച്വര്‍ നാടകങ്ങള്‍ക്ക് രംഗപടം തയ്യാറാക്കി വാടകയ്ക്കു നല്‍കിയിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛനെ സഹായിക്കാന്‍ കൂടിയ ആര്‍ടിസ്റ്റു സുജാതനില്ലാതെ ഇന്ന് മലയാള നാടകവേദിയില്ല എന്നതാണ് സ്ഥിതി.

 



deshabhimani section

Related News

View More
0 comments
Sort by

Home