'തെന്നൽ വന്ത് തീണ്ടുംപോത്...'; തലമുറകളെ പ്രണയിപ്പിക്കുന്ന രാജ


ഹർഷിദ ബത്താലി
Published on Jun 02, 2026, 09:51 PM | 3 min read
രാത്രിയാത്രകളിലും തനിച്ചിരിക്കുമ്പോഴും പ്രണയിക്കുമ്പോഴുമെല്ലാം ഇന്നും കോടിക്കണക്കിന് ആളുകൾ ലൂപ്പിലിട്ട് കേൾക്കുന്ന 'ഇളയ നിലാ പൊഴികിറതേ'യും, 'കൺമണി അൻപോട് കാതലനും', 'എൻ ഇനിയ പൊൻ നിലാവേ'യുമെല്ലാം നമ്മളിൽ നിറയ്ക്കുന്നത് ഒരു വിന്റേജ് പ്രണയത്തിന്റെ അനുഭൂതിയാണ്.
തലമുറകൾ എത്ര മാറിയാലും 'അന്തി മഴൈ പൊഴികിറതും' 'തെന്നൽ വന്ത് തീണ്ടുംപോതും' നമ്മളിൽ ഉണ്ടാക്കുന്ന ആ ഒരു മാന്ത്രികത വേറെ തന്നെയാണ്. ഇളയരാജയുടെ ഈ ഈണങ്ങൾ കേൾക്കാതെ നമ്മൾക്ക് ഒരു രാത്രിയോ ഏകാന്ത നിമിഷങ്ങളോ പൂർണ്ണമാകില്ലെന്നതാണ് സത്യം. തെന്നിന്ത്യൻ സംഗീതപ്രേമികൾ നെഞ്ചിലേറ്റിയ എക്കാലത്തെയും വലിയ ജനപ്രിയ ഗാനങ്ങളുടെ പിന്നിലെ മാന്ത്രികൻ ഇന്ന് തന്റെ 83-ാം ജന്മദിനം ആഘോഷിക്കുകയാണ്.
തമിഴ് സിനിമയും കടന്ന് ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾ ഇന്ന് ആ ഒരു പേര് തന്നെയാണ് സോഷ്യൽ മീഡിയയിലാകെ കുറിക്കുന്നത്; മാസ്ട്രോ ഇളയരാജ! സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന സുവർണ്ണ വേളയിലും അദ്ദേഹത്തിന്റെ സംഗീതം വീഞ്ഞ് പോലെ വീര്യം കൂടിക്കൊണ്ടേയിരിക്കുകയാണ്.
എന്നാൽ ഇന്ന് ജൂൺ 2-ന് തമിഴകം മുഴുവൻ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുമ്പോൾ അണിയറയിൽ അധികമാർക്കും അറിയാത്ത രസകരമായ ഒരു കാര്യമുണ്ട്. ഇളയരാജയുടെ ജന്മദിനം യഥാർത്ഥത്തിൽ ജൂൺ 2 അല്ല, ജൂൺ 3 ആണ്. തനിക്ക് 'ഇസൈജ്ഞാനി' എന്ന വിഖ്യാത പദവി നൽകി ആദരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ കലൈജ്ഞർ കരുണാനിധിയോടുള്ള ആദരസൂചകമായാണ് ഇളയരാജ തന്റെ ജന്മദിനാഘോഷം ഒരു ദിവസം മുൻപേക്ക് മാറ്റിയത്.
"ജൂൺ 3 കലൈജ്ഞറുടെ ജന്മദിനമാണ്. തമിഴ് ഭാഷയ്ക്കായി അദ്ദേഹം ചെയ്ത വലിയ സേവനങ്ങളുടെ ചെറിയൊരു പങ്ക് പോലും ഞാൻ ചെയ്തിട്ടില്ല. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ, ജൂൺ 3-ന് തമിഴ്‌നാട് കലൈജ്ഞറെ മാത്രമേ ഓർക്കാൻ പാടുള്ളൂ. അതുകൊണ്ട് ഞാൻ എന്റെ ജന്മദിനം ജൂൺ 2-ലേക്ക് മാറ്റാൻ തീരുമാനിച്ചു," എന്ന് മുൻപ് ഒരു അഭിമുഖത്തിൽ ഇളയരാജ തന്നെ വ്യക്തമാക്കിയതാണ്. കരുണാനിധിയുടെ സംഭാവനകളെ ബഹുമാനിക്കാനും ജൂൺ 3 ലെ ശ്രദ്ധ മുഴുവൻ അദ്ദേഹത്തിലേക്ക് മാത്രമായി ചുരുക്കാനുമാണ് ഇളയരാജ ഇങ്ങനൊരു തീരുമാനം എടുത്തത്.
തേനി ജില്ലയിലെ പണ്ണൈപ്പുറം എന്ന ഉൾനാടൻ ഗ്രാമത്തിലാണ് ഇളയരാജ ജനിച്ചു വളർന്നത്. കുട്ടിക്കാലം മുതൽക്കേ സംഗീതത്തോട് കടുത്ത അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം തന്റെ സഹോദരങ്ങൾക്കൊപ്പം ചേർന്ന് രൂപീകരിച്ച സംഗീത ട്രൂപ്പിലൂടെയാണ് ആദ്യമായി പാട്ടുകൾ പാടിത്തുടങ്ങിയത്. വർഷങ്ങളോളം തമിഴ്‌നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ സ്റ്റേജ് പ്രോഗ്രാമുകൾ നടത്തി.
പിന്നീട് സംഗീതം കൂടുതൽ പഠിക്കാനും സിനിമയിൽ ഒരവസരം തേടിയുമാണ് അദ്ദേഹം ചെന്നൈയിലേക്ക് വണ്ടി കയറുന്നത്. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിനും അസിസ്റ്റന്റായുള്ള ജോലികൾക്കും ഒടുവിലാണ് വഴിത്തിരിവുണ്ടാകുന്നത്.
1976-ൽ പുറത്തിറങ്ങിയ 'അന്നക്കിളി' എന്ന ചിത്രത്തിലെ 'അടി രാക്കായി മുത്തു രാക്കായി', 'മച്ചാനാ പാത്തീങ്ങളാ' തുടങ്ങിയ നാടൻ പാട്ടുകളുടെ ഈണങ്ങളിലൂടെ ഇളയരാജ തന്റെ ഔദ്യോഗിക ചലച്ചിത്ര സംഗീത യാത്ര ആരംഭിച്ചു. ആദ്യ ചിത്രത്തിലെ ഗാനങ്ങൾ തന്നെ സൂപ്പർഹിറ്റായതോടെ തമിഴ് സിനിമയിൽ ഇളയരാജ യുഗത്തിന് തുടക്കമാവുകയായിരുന്നു.
തന്റെ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ പോലും പുതുമുഖ സംവിധായകരെ കൈപിടിച്ചുയർത്താൻ അദ്ദേഹം കാണിച്ച മനസ്സ് വലിയൊരു ചരിത്രമാണ്. പണം മുടക്കാൻ നിർമ്മാതാക്കളില്ലാതെ വലഞ്ഞ പി വാസു, പ്രതാപ് പോത്തൻ, മണിവണ്ണൻ, സംഗിലി മുരുകൻ തുടങ്ങിയ പുതുമുഖ സംവിധായകർ തന്റെ ആദ്യ ചിത്രവുമായി സമീപിച്ചപ്പോൾ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഇളയരാജ അവർക്കായി സംഗീതമൊരുക്കിയത്.
അക്കാലത്ത് ഇളയരാജയുടെ പേര് മാത്രം മതിയായിരുന്നു ഒരു സിനിമ തിയേറ്ററുകളിൽ വൻ വിജയമാക്കാൻ. ആ ജനപ്രിയത മുഴുവൻ അദ്ദേഹം പുതിയ പ്രതിഭകൾക്കായി സൗജന്യമായി നൽകി അവരെ സിനിമയിൽ വളർത്തിക്കൊണ്ടുവന്നു.
പഴയ തലമുറയുടെ മാത്രമല്ല, ഇന്നത്തെ 'ജെൻ സി'കളുടെയും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും സ്പോട്ടിഫൈ പ്ലേലിസ്റ്റുകളിലും ഇളയരാജ തന്നെയാണ് താരം. ഹെഡ്‌ഫോണും കുത്തി ഏകാന്തമായി നടക്കുമ്പോഴും, വിന്റേജ് കാറുകളുടെയും ബൈക്കുകളുടെയും റീലുകൾ ചെയ്യുമ്പോഴും പശ്ചാത്തലത്തിൽ ഒഴുകിയെത്തുന്നത് രാജയുടെ ക്ലാസിക് ഈണങ്ങളാണ്. ടോക്കിയോ നൈറ്റ്സിന്റെ റീലുകളിൽ 'ഇളയ നിലാ പൊഴികിറതേ'യും, പ്യൂർട്ടോ റിക്കോ ആകാശത്തിന്റെ വിഷ്വലുകളിൽ 'പൂമാലയേ' എന്ന പാട്ടിലെ സാക്സോഫോൺ ബിറ്റുകളും ട്രെൻഡിംഗാകുന്നത് ഇളയരാജയുടെ സംഗീതത്തിന് അതിരുകളില്ല എന്നതിന്റെ തെളിവാണ്.
ഇന്നത്തെ തലമുറയ്ക്ക് ഓരോ മൂഡിനും ഇളയരാജയുടെ പാട്ടുകളുണ്ട്. പ്രണയത്തിന് 'നിനൈവെല്ലാം നിത്യാ' എന്ന ചിത്രത്തിലെ ഈണങ്ങളും, പാർട്ടികൾക്ക് 'ഇളമൈ ഇതോ ഇതോ', 'സ്വർഗ്ഗം മധുവിലെ' എന്നിവയും അവർ മാറ്റിവെച്ചിരിക്കുന്നു. ഏകാന്തതയും ഒറ്റപ്പെടലും വരുമ്പോൾ 'രാസാത്തി ഉന്ന കാണാതെ'യും 'തെന്നപാണ്ടി ചീമയിലെ'യും അവർ ലൂപ്പിലിട്ട് കേൾക്കുന്നു.
വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക്കും ഇന്ത്യൻ ഫോക്കും കർണാട്ടിക് സംഗീതവും ഒരുപോലെ ലയിപ്പിച്ച ഇളയരാജയുടെ 'നത്തിങ് ബട്ട് വിൻഡ്', 'ഹൗ ടു നെയിം ഇറ്റ്' എന്നീ ആൽബങ്ങളിലെ 'മോസാർട്ട് ഐ ലവ് യു' പോലുള്ള ട്രാക്കുകൾക്ക് ഇന്ന് വലിയ ആരാധകരാണുള്ളത്.
തമിഴിലെ വിഖ്യാത സംവിധായകരായ മിഷ്കിൻ, വെട്രിമാരൻ, ത്യാഗരാജൻ കുമാരരാജ എന്നിവർക്ക് പുറമെ കാർത്തിക് സുബ്ബരാജും മാരി സെൽവരാജും വരെ തങ്ങളുടെ പുതിയ ചിത്രങ്ങളിൽ ഇളയരാജയെയാണ് സംഗീത സംവിധായകനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഹോളിവുഡ് വെബ് സീരീസ് ആയ 'സ്ട്രേഞ്ചർ തിങ്സ്' പ്രൊമോഷന് വേണ്ടിയുള്ള 'ഇളയരാജ x സ്ട്രേഞ്ചർ തിങ്സ്' കൊളാബറേഷനും 'മോഡേൺ ലവ് ചെന്നൈ'യിലെ 'നിനൈവോ ഒരു പറവൈ' എന്ന ട്രാക്കും ഈ പുതിയ കാലത്തും അദ്ദേഹം എത്രമാത്രം പുതുമയോടെ നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ്.
തമിഴ് സിനിമയിലെ മാത്രമല്ല, മലയാളത്തിലെ 'ലോക' (2025) എന്ന ചിത്രത്തിൽ 'കിളിയേ കിളിയേ' എന്ന ഗാനം ഉപയോഗിച്ചതും തെലുങ്കിലെ 'മന ശങ്കര വരപ്രസാദ് ഗാരു' (2026) എന്ന ചിത്രത്തിൽ 'സുന്ദരി കണ്ണാൽ ഒരു സേതി' ഉപയോഗിച്ചതും വലിയ തരംഗമാണ് സൃഷ്ടിച്ചത്. 'മഞ്ഞുമ്മൽ ബോയ്സിനെ വേറെ തലത്തിൽ എത്തിക്കാൻ 'കൺമണി അൻപോട് കാതലൻ' എന്ന ഗാനം വഹിച്ച പങ്കും ചെറുതല്ല. 'ലബ്ബർ പന്ത്' എന്ന ചിത്രത്തിലൂടെ 'നീ പൊട്ടു വെച്ച' എന്ന പാട്ടും തെന്നിന്ത്യൻ യുവത്വം എത്രത്തോളം ഹൃദയത്തോട് ചേർത്തുവെച്ചു എന്ന് നമ്മൾ കണ്ടതാണ്.
കാലങ്ങൾ എത്ര മാറിയാലും ഹെഡ്‌ഫോണിന്റെ അറ്റത്ത് നമ്മൾ തനിച്ചാകുന്ന നിമിഷങ്ങളിൽ, അല്ലെങ്കിൽ ഒരു ദീർഘദൂര യാത്രയിൽ ജനൽക്കമ്പികളിൽ തലചായ്ച്ചിരിക്കുമ്പോൾ ഈ ഈണങ്ങൾ വീണ്ടും വീണ്ടും നമ്മളിലേക്ക് മടങ്ങിവരും.










0 comments