തരംഗമായി വേടന്റെ പുതിയ റാപ് സോങ്; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സെപ്തംബർ 11ന്
കൊച്ചി: പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിലെ ‘പുരട്ച്ചി’ തീം സോങ് പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു. മൂർച്ചയേറിയ വരികളും ഈണവുമായി ശ്രദ്ധ നേടുന്ന റാപ് ഗാനത്തിന്റെ വരികൾ എഴുതിയതും ആലപിച്ചതും വേടനാണ്. മുജീബ് മജീദാണ് സംഗീതം ഒരുക്കിയത്. ഭാവന സ്റ്റുഡിയോസാണ് ഗാനം പുറത്തിറക്കിയത്.
തങ്ങളുടേതല്ലാത്ത പ്രൊഡക്ഷനിലുള്ള ഒരു സിനിമയുടെ മ്യൂസിക് റൈറ്റ്സ് ഭാവന സ്റ്റുഡിയോസ് സ്വന്തമാക്കുന്നത് ഇതാദ്യമാണ്. സെപ്റ്റംബർ 11ന് ചിത്രം തിയറ്ററുകളിലെത്തും. സെൻട്രൽ പിക്ചേഴ്സാണ് വിതരണം.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നുമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’.
ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിടുന്ന പാർവതി തിരുവോത്തിന്റെ ആദ്യ പൊലീസ് വേഷമാണിത്. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന് ശേഷം പാർവതിയും ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി എസ് സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് നിർവഹിക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റിങ്. റോബി രാജ് ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.
മനോജ് കുമാർ പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ദീപക് രാജ് ലൈൻ പ്രൊഡ്യൂസറുമാണ്. സനൂപ് ചങ്ങനാശ്ശേരി പ്രൊഡക്ഷൻ കൺട്രോളറും ജോസഫ് കെ തോമസ് ഫിനാൻസ് കൺട്രോളറുമാണ്. ജയദേവൻ ചക്കടത്ത് സൗണ്ട് ഡിസൈൻ, മഹേഷ് മോഹൻ കലാസംവിധാനം, ബേബി പണിക്കർ ചീഫ് അസോസിയേറ്റ് ഡയറക്ഷൻ, അമൽ ചന്ദ്രൻ മേക്കപ്പ്, കലൈ കിംഗ്‌സൺ ആക്ഷൻ, സമീറ സനീഷ് വസ്ത്രാലങ്കാരം എന്നിവ നിർവഹിക്കുന്നു.
മഞ്ജു ഗോപിനാഥാണ് പി ആർ ഒ. ടാഗ് 360 ഡിഗ്രിയാണ് ഡിജിറ്റൽ പി ആർ. റിഷാജ് മുഹമ്മദ് സ്റ്റിൽസും റോസ്റ്റഡ് പേപ്പർ പബ്ലിസിറ്റി ഡിസൈനും നിർവഹിക്കുന്നു. കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബംഗളൂരു, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.









0 comments