കെ ആൻസലനെതിരെ വ്യാജവാർത്ത
സംഘപരിവാര്‍ പത്രം ഖേദം പ്രകടിപ്പിച്ചു

നെയ്യാറ്റിൻകര
വ്യാജപ്രചാരണം നടത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സംഘപരിവാർ മുഖപത്രം ‘ജന്മഭൂമി’ ഒടുവിൽ ഖേദം പ്രകടിപ്പിച്ചു. നെയ്യാറ്റിൻകര മുൻ എംഎൽഎ കെ ആൻസലൻ നൽകിയ മാനനഷ്ടക്കേസിനെ തുടർന്നാണിത്. ആൻസലനെതിരെ നൽകിയ വാർത്തകൾ സത്യവിരുദ്ധമാണെന്ന് സമ്മതിച്ചാണ് 24ന് ജന്മഭൂമി ഖേദപ്രകടനം നടത്തിയത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എംഎൽഎ 162 താൽക്കാലിക നിയമനങ്ങൾ നടത്തിയെന്നും ഇതിൽ ഭൂരിഭാഗവും സ്വന്തം സമുദായത്തിൽപ്പെട്ടവരാണെന്നുമായിരുന്നു ജന്മഭൂമിയുടെ വിഷലിപ്തമായ പ്രചാരണം. ജില്ലാ പഞ്ചായത്തിനുകീഴിലുള്ള സ്ഥാപനത്തിലെ നിയമനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ജനപ്രതിനിധിയെ അനാവശ്യമായി വലിച്ചിഴച്ച് വ്യക്തിഹത്യ നടത്താനായിരുന്നു ശ്രമം. ഇതിനെതിരെ കെ ആൻസലൻ അഡ്വ. ആനാവൂർ വേലായുധൻ നായർ മുഖേന വക്കീൽ നോട്ടീസ് നൽകി. തുടർന്നാണ് സംഘപരിവാർ പത്രത്തിന്റെ ഖേദപ്രകടനം.









0 comments