Deshabhimani

ബസ്‌സ്‌റ്റാൻഡിനുള്ളിൽ ഷെൽട്ടർ

അനാവശ്യനിർമിതി ആരെ കബളിപ്പിക്കാൻ

shelter.jpg
avatar
എസ്‌ സജു

Published on Oct 30, 2026, 11:39 PM | 1 min read

നെയ്യാറ്റിൻകര

നെയ്യാറ്റിൻകരയിലെ ‘ഹൈടെക്' ബസ് ഷെൽട്ടർ പരസ്യക്കമ്പനികൾക്ക് ജനപ്രതിനിധികളുടെ ചിത്രംവച്ച് കൊള്ളലാഭം കൊയ്യാൻമാത്രം ഉപകരിക്കുന്നതെന്ന്‌ നാട്ടുകാർ. കെഎസ്ആർടിസി ഡിപ്പോ വളപ്പിൽ അഞ്ഞൂറോളംപേരെ ഉൾക്കൊള്ളുന്ന രണ്ട് ബസ് ടെർമിനലുകൾ നിലനിൽക്കെ അതിനുള്ളിൽത്തന്നെ ഇത്തരമൊരു നിർമിതി പ്രഹസനമായെന്നും നാട്ടുകാർ പറയുന്നു. അൽപ്പമൊരു മഴ പെയ്താൽപ്പോലും അകത്തിരിക്കുന്നവർ നനയും. എംഎൽഎ വിഭാവനംചെയ്‌ത അനാവശ്യനിർമിതി കണ്ട്‌ ആശ്ചര്യപ്പെടുകയാണ്‌ നാട്ടുകാർ. പ്രാഥമിക ഗതാഗതനിയമങ്ങൾപോലും പാലിക്കാതെയാണ്‌ നിർമാണം. നെയ്യാറ്റിൻകര ബസ്‌സ്‌റ്റാൻഡിലേക്ക് ബസുകൾ കയറിപ്പോകുന്ന റോഡിലെ ഷെൽട്ടർ നിർമാണം തീർത്തും അനാവശ്യമാണ്‌. ഷെൽട്ടറുകൾ ബസിന്റെ ഇടതുവശത്താണ് നിർമിക്കേണ്ടതെന്ന വിവേകം പോലും ഇല്ലാതെയാണ്‌ നിർമാണം. ഷെൽട്ടറിൽ കാത്തുനിന്ന് ബസിൽ കയറാൻ ശ്രമിക്കുന്നവർ ബസിനടിയിൽപ്പെടാനും അപകടമുണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. എംഎൽഎയ്‌ക്ക്‌ സ്വന്തം ചിത്രവും പരസ്യങ്ങളും പ്രദർശിപ്പിക്കാനുള്ള പരസ്യബോർഡ് എന്നതിപ്പുറം ഷെൽട്ടർ കൊണ്ട്‌ ഉപകാരമില്ലെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം. അതിനിടയിൽ ‘തള്ളും’ ​അശാസ്‌ത്രീയ നിർമാണത്തെ ന്യായീകരിക്കാൻ കേരളത്തിലെ ആദ്യത്തെ സ്മാർട്ട് ഹൈടെക് ബസ് ഷെൽട്ടർ എന്ന ലേബലിലാണ്‌ കോൺഗ്രസ് കേന്ദ്രങ്ങളുടെ പ്രചാരണം. തമ്പാനൂരിൽ മാത്രം ഇത്തരത്തിലുള്ള രണ്ട് ഷെൽട്ടർ വർഷങ്ങൾക്കുമുന്പേയുണ്ട്. ഇതറിയാതെയും വാസ്‌തവം മറച്ചുവച്ചുമാണ്‌ ഇവരുടെ പ്രചാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home