പ്രകൃതിക്കും മനുഷ്യനും എതിരായ ബില്ലുകൾ

മാരിടൈം ബോർഡ് ഭേദഗതി ബിൽ, സരൾ കേരളം ബിൽ എന്നിവ കഴിഞ്ഞ ബുധൻ, വ്യാഴം ദിവസമായി സംസ്ഥാന സർക്കാർ നിയമസഭയിൽ പാസാക്കിയെടുത്തു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനും ബഹിഷ്കരണത്തിനും ഇടയിലാണ് യുഡിഎഫ് സർക്കാർ ഇൗ ബില്ലുകൾ സഭ കടത്തിവിട്ടത്. ഭരണപക്ഷത്തുനിന്നുപോലും ചില എതിർപ്പുകൾ ഉയർന്നിരുന്നു എന്നത് മറന്നുകൂടാ.
നിയമസഭയിലെ സ്വാഭാവിക നടപടിക്രമമായോ അല്ലെങ്കിൽ കേവലമായ രണ്ടു നിയമനിർമാണങ്ങളായോ ഇൗ ബില്ലുകളെ കരുതാനാകില്ല. കേരളത്തിന്റെ അമൂല്യമായ പ്രകൃതിസമ്പത്ത് അത്രയും വൻകിട മുതലാളിമാർക്ക് അടിയറവയ്ക്കാനുള്ള നിഗൂഢപദ്ധതിയുടെ ഭാഗമാണിത്.
നെഹ്റുവിയൻ സോഷ്യലിസ്റ്റ്, ഒരുപടികൂടി കടന്ന്; യഥാർഥ ഇടതുപക്ഷം എന്നൊക്കെ സ്വയം അവകാശപ്പെട്ടിരുന്ന മുഖ്യമന്ത്രി വി ഡി സതീശൻ കോർപറേറ്റുകളുടെ അച്ചാരം വാങ്ങിയ ദല്ലാൾമാത്രമാണെന്ന് ഭാവികേരളത്തിന് ബോധ്യപ്പെടാനുതകുന്ന നിയമനിർമാണങ്ങളാണിത്.
നാടിനും ജനങ്ങൾക്കും അവകാശപ്പെട്ട നമ്മുടെ കാടും മേടും വയലും കടലും കടൽത്തീരവുമെല്ലാം വൻകിട മുതലാളിമാരുടെ നിയന്ത്രണത്തിലാക്കാനും ഇൗ മണ്ണിന്റെ നേരവകാശികളായ മനുഷ്യരെ ഇവിടെനിന്ന് ആട്ടിപ്പായിക്കാനും പ്രകൃതിക്ക് ചരമഗീതമെഴുതാനുമുള്ള ഇൗ ബില്ലുകളുടെ അപകടത്തെക്കുറിച്ച് കേരളത്തിന് വരുംനാളുകളിൽ ബോധ്യപ്പെടും. ഇൗ നിയമനിർമാണങ്ങളുടെ ആപത്തുകൾ യുഡിഎഫ് പക്ഷപാതമുള്ള മുഖ്യധാരാ മാധ്യമങ്ങൾ എത്രതന്നെ മറച്ചുവച്ചാലും യാഥാർഥ്യം സമീപഭാവിയിൽത്തന്നെ വെളിപ്പെടുമെന്ന് ഉറപ്പ്.
മാരിടൈം ബോർഡ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ തുറകളിലെ ജീവിതങ്ങളെ ആശങ്കയുടെ ചുഴിയിലേക്ക് എടുത്തെറിയാൻ പര്യാപ്തമാണ്. 222 മത്സ്യബന്ധന ഗ്രാമങ്ങളാണ് കേരളതീരത്തുള്ളത്. ഇവിടങ്ങളിലെ മണ്ണും കടലുമടക്കമുള്ള എല്ലാ വിഭവങ്ങളും വാണിജ്യതാൽപ്പര്യങ്ങൾക്കായി പിടിച്ചെടുക്കാൻ പോകുകയാണ്. വിവിധ വകുപ്പുകളുടെ ഭൂമി പിടിച്ചെടുത്ത് ലാൻഡ് ബാങ്ക് രൂപീകരിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. നൂറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികൾ വള്ളം കയറ്റിവയ്ക്കാനും വലയുണക്കാനും യാനങ്ങൾ അറ്റകുറ്റപ്പണി നടത്താനും ഉപയോഗിക്കുന്ന തീരങ്ങൾ ഇതോടെ അവർക്ക് നഷ്ടപ്പെടും. അമൂല്യമായ ധാതുമണലിന്റെ നിയന്ത്രണവും സ്വകാര്യ കന്പനികളിൽ വന്നുചേരും.
സംയോജിത ടൗൺഷിപ്പുകൾ എന്ന ബില്ലിലെ ആശയം നടപ്പാകുന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് കടലിലേക്കുള്ള സ്വാഭാവികപ്രവേശം വിലക്കപ്പെടും. പരമ്പരാഗതമായി മീൻപിടിക്കുന്ന കായലുകളിലും തീരക്കടലിലും വാട്ടർഫ്രണ്ട് റോയൽറ്റി പിടിക്കുക എന്ന അപകടകരമായ വ്യവസ്ഥകൂടി ബില്ലിലുണ്ട്. സ്വകാര്യ മേഖലയിൽ സംയോജിത വാണിജ്യ ടൗൺഷിപ്പുകൾ അടക്കമുള്ള പദ്ധതികൾ വരുന്നതോടെ മത്സ്യത്തൊഴിലാളികളെ ആട്ടിപ്പായിക്കും. പൊതു–സ്വകാര്യ പദ്ധതികൾക്ക് കാലപരിധിപോലും വേണ്ടെന്നും ബില്ലിലുണ്ട്.
സമാനമായ അപകടങ്ങളാണ് സരൾ (സിംപ്ലിഫൈഡ് ആൻഡ് ആക്സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവൽസ് ആൻഡ് ലൈസൻസിങ്) കേരളം ബില്ലിലുള്ളത്. വയലും തണ്ണീർത്തടവുമെല്ലാം ഭൂമാഫിയക്ക് പന്താടാൻ വിട്ടുകൊടുക്കുന്ന വ്യവസ്ഥകളാണ് ബില്ലിൽ. തണ്ണീർത്തടങ്ങളും നെൽവയലുകളും സംരക്ഷിക്കാൻ അധികാരമുള്ള കമ്മിറ്റികളെ മറികടന്നുകൊണ്ട് ഉദ്യോഗസ്ഥതല കമ്മിറ്റിക്ക് ഇവയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള വ്യവസ്ഥ അത്യന്തം അപകടകരമാണ്.
തണ്ണീർത്തടങ്ങളും നെൽവയലുകളും സ്വകാര്യ മേഖലയ്ക്ക് തോന്നുംപടി ഉപയോഗിക്കാൻ അവസരം നൽകുകയാണ് ഇൗ ബില്ലിലൂടെ സർക്കാർ ചെയ്യുന്നത്. ലൈസൻസ്, കെട്ടിടനിർമാണ അനുമതി അധികാരങ്ങൾ എന്നിവ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് പിടിച്ചെടുത്ത് ചീഫ് സെക്രട്ടറിയുടെയും കലക്ടറുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ കമ്മിറ്റികൾക്ക് കൈമാറാനാണ് വ്യവസ്ഥ. ബില്ലിൽ നിഷ്കർഷിക്കുന്ന അതോറിറ്റിയോ ഉദ്യോഗസ്ഥരോ എടുക്കുന്ന തീരുമാനത്തിനെതിരെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയത്തിൽപ്പോലും പൗരർ സിവിൽ കോടതിയെ സമീപിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
1957 ആഗസ്ത് 15-ന് മുഖ്യമന്ത്രിമാർക്കയച്ച കത്തിൽ നെഹ്റു വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാട്ടി. അതിങ്ങനെ: ‘പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കാനും അതേസമയം സംരക്ഷിക്കാനും നമുക്ക് കഴിയണം. എന്നാൽ, ചിലപ്പോൾ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാനുള്ള ആഗ്രഹം വിവേകത്തെയും സംരക്ഷണബോധത്തെയും മറികടക്കും.’
പ്രകൃതിവിഭവങ്ങൾ അനന്തമല്ലെന്നും വികസനത്തിന്റെ പേരിൽ അവയെ അനിയന്ത്രിതമായി ചൂഷണം ചെയ്യരുതെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന വികസനം ദീർഘകാലത്തിൽ മനുഷ്യന് ദോഷകരമാണെന്നുമാണ് നെഹ്റു പറഞ്ഞതിന്റെ പൊരുൾ. നെഹ്റുവിന്റെ നേരവകാശി ചമയുന്ന മുഖ്യമന്ത്രി വി ഡി സതീശൻ കടപ്പാടുകൾക്കും പുതിയ തിരക്കുകൾക്കും ഇടയിൽ ഇത് മറന്നുപോയതാണോ നെഹ്റുവിന്റെ പേര് കാപട്യത്തോടെ ആവർത്തിക്കുന്നതണോ?









0 comments