Deshabhimani

സംസ്ഥാനത്ത് മൂന്ന് ബാറുകൾക്ക് ലൈസൻസ്; നോക്കുകുത്തിയായി മന്ത്രി ലിജു

M Liju Bar
വെബ് ഡെസ്ക്

Published on Oct 30, 2026, 11:06 PM | 1 min read

തിരുവനന്തപുരം: മന്ത്രിയറിയാതെ സംസ്ഥാനത്ത് മൂന്ന് ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ നടപടിക്കൊരുങ്ങി എക്സൈസ് വകുപ്പ്. കോട്ടയത്തെ ഒരു ബാറിനും എറണാകുളത്തെ രണ്ട് ബാറുകൾക്കുമാണ് തരംമാറ്റി ബാർ ലൈസൻസ് അനുവദിച്ചത്. പുതിയ മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാറുകൾക്ക് ലൈസൻസുകൾ നൽകരുതെന്നനിർദേശമാണ് ലംഘിച്ചത്. സ്വന്തം വകുപ്പുകളിൽ നടക്കുന്നതൊന്നും മന്ത്രി എം ലിജു അറിയുന്നില്ലെന്ന ആക്ഷേപം ശരിവെക്കുന്നതാണ് പുതിയ വാർത്ത.


യുഡിഎഫ്‌ സർക്കാരിന്റെ മദ്യനയത്തിന്റെ ചർച്ചകൾക്ക്‌ നേതൃത്വം നൽകുന്ന മന്ത്രിയോടുപോലും ആലോചിക്കാതെ വൈൻ വിൽപനയ്‌ക്ക്‌ അനുമതി നൽകിയതും വിവാദമായിരുന്നു. ചാലക്കുടിയിലെ ബേക്കറിയിൽ വീര്യംക‍ൂടിയ വൈൻ വിൽക്കാൻ അനുമതി നൽകിയത്‌ താൻ അറിഞ്ഞില്ലെന്ന് മന്ത്രിയുടെ തുറന്നുപറഞ്ഞു. എക്‌സൈസ്‌ കമീഷണർ മുഖ്യമന്ത്രിക്കായി രഹസ്യനീക്കങ്ങൾ നടത്തിയതെന്നാണ് ആരോപണം.


മുഖ്യമന്ത്രി നേരിട്ട്‌ പലതീരുമാനങ്ങളും എടുക്കുന്നതിന്റെ എതിർപ്പ്‌ ലിജു പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്‌. വീര്യംകുറഞ്ഞ മദ്യം വിൽക്കാനുള്ള നീക്കം മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിക്കുമ്പോഴാണ്‌ താൻ അറിഞ്ഞത്‌ എന്ന്‌ ലിജു പറഞ്ഞിരുന്നു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയും തമ്മിലും ഭിന്നതയുണ്ട്‌. ബിവറേജസ്‌ കോർപറേഷൻ പിടിക്കാൻ കോൺഗ്രസിലെ രണ്ട്‌ സംഘടനകൾ നടത്തുന്ന കളികളിലും മന്ത്രി കാഴ്‌ചക്കാരനാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home