Deshabhimani

ടൈറ്റാനിയത്തിൽ ഉന്നത ഉദ്യോഗസ്ഥരെ ജീവനക്കാർ ഉപരോധിച്ചു

ടൈറ്റാനിയം ജീവനക്കാർ എംഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ഓഫീസിനുള്ളിൽ ഉപരോധിച്ചു.

ടൈറ്റാനിയം ജീവനക്കാർ എംഡിയെ ഓഫീസിനുള്ളിൽ ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Oct 30, 2026, 11:41 PM | 1 min read

തിരുവനന്തപുരം

മുടങ്ങിയ ശമ്പളം അടിയന്തരമായി വിതരണം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ടൈറ്റാനിയം ജീവനക്കാർ എംഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ഓഫീസിനുള്ളിൽ ഉപരോധിച്ചു. ടൈറ്റാനിയം ജനറൽ ലേബർ യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ എംഡി, ജനറൽ മാനേജർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, കമ്പനി സെക്രട്ടറി, മാർക്കറ്റിങ്‌ വകുപ്പ് തലവൻ തുടങ്ങിവരെയാണ്‌ രാവിലെമുതൽ വൈകിട്ടുവരെ ഉപരോധിച്ചത്‌. കമ്പനിയുടെ 80 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്‌ ശമ്പളം മുടക്കിയത്‌. നിലവിൽ മൂന്നുമാസത്തെ ശമ്പളം കുടിശ്ശികയാണ്‌. ഒക്ടോബർമുതൽ ശമ്പളം മുടക്കമില്ലാതെ നൽകാനാകുമെന്ന ഉറപ്പും മാനേജ്മെന്റ്‌ പാലിച്ചില്ല. ജൂൺ അവസാനം ഭരണകക്ഷി യൂണിയന്റെ സമ്മർദത്തിന് വഴങ്ങി മാനേജ്മെന്റ് ഉൽപ്പാദനം നിർത്തിയിരുന്നു. അന്നുമുതലാണ് പ്രതിസന്ധി ആരംഭിച്ചത്. ശമ്പളം ഉറപ്പാക്കി ഉൽപ്പാദനം തുടരുന്നതിന് ടൈറ്റാനിയം ജനറൽ ലേബർ യൂണിയൻ പ്രായോഗിക നിർദേശങ്ങൾ സമർപ്പിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ അട്ടിമറിച്ചു. സെൻട്രൽ വെയർഹൗസിങ്‌ കോർപറേഷന് 5.03 ഏക്കർ ഭൂമി പാട്ടത്തിനുനൽകി, 45 കോടി സമാഹരിച്ച് ഉൽപ്പാദനം പൂർണതോതിലാക്കി ശമ്പളമുറപ്പാക്കിയും വിരമിച്ചവരുടെ ആനുകൂല്യങ്ങൾ ഭാഗികമായി നൽകിയും മുന്നോട്ടുപോകാൻ തീരുമാനിച്ചെങ്കിലും രണ്ടാഴ്ച കഴിഞ്ഞാണ് ഫയലിൽ വ്യവസായ മന്ത്രി ഒപ്പുവച്ചത്. തുടർനടപടികളും നീളുകയാണ്‌. യൂണിയൻ പ്രസിഡന്റ് വി കെ പ്രശാന്ത് നടത്തിയ ചർച്ചയിൽ മാനേജ്മെന്റ് നൽകിയ ഉറപ്പുകളെ തുടർന്നാണ്‌ വൈകിട്ട്‌ ഉപരോധം അവസാനിപ്പിച്ചത്‌. യൂണിയൻ ജനറൽ സെക്രട്ടറി എൽ വർഗീസിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home