കാതിൽ തേൻമഴയായ് പെയ്തിറങ്ങിയ ഈണങ്ങൾ.. ഒഎൻവിയുടെ ഓർമകൾക്ക് പത്താണ്ട്

മലയാളിയുടെ ആത്മാവിൽ മുട്ടി വിളിച്ച എത്രയോ ഗാനങ്ങൾ, കവിതകൾ, ഗസലുകൾ. മലയാള സാഹിത്യ വേദിക്കു മാത്രമല്ല മലയാള സിനിമാ ഗാന ശാഖയ്ക്കും ഒഎൻവി നൽകിയ സംഭാവന വിസ്മരിക്കാനാവാത്തതാണ്. ഒഎൻവിയുടെ ഓർമകൾക്ക് പത്താണ്ട് തികയുന്ന വേളയിൽ ആ ഹൃദ്യമായ ഈണങ്ങളിലേയ്ക്കൊരു തിരികെ നടത്തമാവാം..
ആത്മാവിൽ മുട്ടി വിളിച്ചതു പോലെ...
1988ൽ എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ‘ആരണ്യകം’ എന്ന ചിത്രത്തിലെ ഈ ഗാനം മലയാളിയുടെ സംഗീത ആസ്വാദനത്തിന്റെ ആത്മാവിനെ തൊട്ടുണർത്തി. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രഘുനാഥ് സേത്തിന്റെ സംഗീതത്തിൽ കെ ജെ യേശുദാസ് പാടിയ ഗാനം മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഈണങ്ങളിലൊന്നാണ്. കൗമാരകാലത്ത്, മൊട്ടിട്ട പ്രണയം ഒരു പെൺകുട്ടിയിൽ ഉണ്ടാക്കുന്ന വികാര തലങ്ങളെ വരച്ചിടാൻ കവിയ്ക്കായി. അനുവാദമില്ലാതെ കടന്നുവന്ന പ്രണയത്തെ അവൾ പലതായും സങ്കൽപ്പിക്കുന്നു..
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ...
അരികിൽ നീ ഉണ്ടായിരുന്നുവെങ്കിൽ....
പല്ലവിയിലെ ആദ്യ രണ്ട് വരികൾ.. ജീവിതത്തിന്റെ ഏതെങ്കിലുമൊരു കാലഘട്ടത്തിൽ ആ വരികൾ പറയാത്ത.. പാടാത്ത മലയാളികൾ ഉണ്ടോയെന്നത് സംശയമാണ്. ജി ദേവരാജന്റെ മാന്ത്രിക ഈണത്തിൽ യേശുദാസിലെ ഭാവഗായകൻ നമുക്കു പാടിത്തന്ന പാട്ട്. ജീവിതത്തിൽ വിഷാദം തളര്‍ത്തുന്ന നേരത്തെല്ലാം നമ്മൾ മനസിലോർമിക്കുന്നതും ആ പല്ലവികളാണ്. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...1987ലാണ് 'നീയെത്ര ധന്യ' പുറത്തിറങ്ങുന്നത്. കാർത്തിക, മുരളി എന്നിവരാണ് ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
എന്റെ മൺവീണയിൽ കൂടണയാനൊരു മൗനം പറന്നു..
ഹൃദയത്തിൽ നിന്ന് ഒഴുകിയിറങ്ങി വരുന്ന പോലെ ഒരീണം.."നേരം പുലരുമ്പോൾ" എന്ന ചിത്രത്തിനായി ഒഎൻവിയുടെ വരികൾക്ക് ജോൺസൺ മാഷ് ഈണം നൽകിയ ഗാനം മലയാളിയുടെ കാതിൽ അഗാധമായ മൗനമാണ് സമ്മാനിക്കുന്നത്. വരിയിൽ കുറിച്ചിട്ട മൗനത്തെ അതുപോലെ കേൾവിക്കാരനിലേയ്ക്ക് എത്തിക്കാൻ സംഗീത സംവിധായകനും ഗായകനുമായി.
പല്ലവിയിലും ചരണത്തിലുമായി പല തവണയാണ് മൗനം എന്ന വാക്ക് ആവർത്തിക്കപ്പെടുന്നത്. "പൂവിൻ ചൊടിയിലും മൗനം ഭൂമിദേവി തൻ ആത്മാവിൽ മൗനം, വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും കൊച്ചു മൺതരിച്ചുണ്ടിലും മൗനം" എന്നിങ്ങനെ. മലയാളത്തിലെ എക്കാലത്തെയും മികച്ച കാവ്യഗീതികളിൽ ഒന്നായി എന്റെ മൺവീണയിൽ നിറഞ്ഞു നിൽക്കുന്നു.
ശരദിന്ദു മലർദീപനാളം നീട്ടി ...
കാല്പനികമായ ഒരു പ്രണയകഥയാണ് ഉൾക്കടൽ. ചിത്രത്തിലെ കാവ്യാത്മകതയെ അതുപോലെ തന്നെ വരച്ചിടാൻ കഴിഞ്ഞ ഗാനങ്ങളാണ് ചിത്രത്തിലേത്. ഒഎന്‍വി കുറുപ്പും എം ബി ശ്രീനിവാസനും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ ഇന്നും ജനപ്രിയങ്ങളായി തുടരുന്നു. സെല്‍മ ജോര്‍ജും ജയചന്ദ്രനും ചേര്‍ന്നാലപിച്ച 'ശരദിന്ദു മലര്‍ദീപനാളം നീട്ടി' എന്ന ഗാനത്തിന് എക്കാലത്തും കേൾവിക്കാരേറെയാണ്. അസാധാരണമായ ഒഴുക്കോടെയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
ഒരു നറുപുഷ്പമായ് എൻ നേർക്ക് നീളുന്ന...
കമലിന്റെ മേഘമൽഹർ എന്ന ചിത്രത്തിലെ ഒരു നറുപുഷ്പമായ് എന്ന ഗാനം ഒരു കവിതപോൽ മനോഹരമാണ്. പരസ്പരം പറഞ്ഞറിയാത്ത, എന്നാൽ നോട്ടത്തിൽ തുടിച്ചു നിൽക്കുന്ന സ്നേഹത്തിന്റെ ആവിഷ്കാരമാണ് ആ ഗാനം. രമേശ് നാരായണന്റെ ഈണവും കമലിന്റെ ചിത്രീകരണവും പാട്ട് ശ്രദ്ധേയമാക്കുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം യേശുദാസിന്റെ മധുരമായ ആലാപനവും. ഗൃഹാതുരമായ പ്രണയത്തെ മനസിൽ കൊണ്ടു നടക്കുന്ന പലരുടെയും ഇഷ്ട ഗാനങ്ങളിൽ ഒന്നാണിത്. പാട്ടിന്റെ വരികളിൽ ഒഎൻവി എഴുതിയിരിക്കുന്ന പോലെ മഴയുടെ തന്ത്രികൾ മീട്ടി നിന്ന് ആകാശം പാടിയ പാട്ടു തന്നെയാകുമിതെന്ന് കേൾവിക്കാരും പറയുന്നു.
ഒഎൻവി എന്ന മൂന്നക്ഷരം മലയാളികൾക്കു കവിതയുടെ കൂടെ പര്യയമാണ്. സ്‌നേഹവും വിരഹവും നിറയുന്ന ഒരുപിടി നല്ല ഗസലുകളും ഒഎൻവി നമുക്കായി സമ്മാനിച്ചു. എല്ലാം ചിട്ടപ്പെടുത്തി പാടിയത് പ്രിയ ഗായകൻ ഉമ്പായിയാണ്.
ആത്മാവിനെ തൊട്ടുണര്‍ത്തിയ കവിതയിലൂടെയും ഗാനങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ഇടംപിടിച്ച കാവ്യ സൂര്യന് ഇന്ന് സ്മരണാഞ്ജലി അര്‍പ്പിക്കുകയാണ് കേരളം. ഗന്ധർവ്വ ഗായക വീണ്ടും വരിക.. ഈ ഓർമദിനത്തിൽ മാത്രമല്ല, എന്നും...










0 comments