വിമർശനം കടുത്തു: നോറ ഫത്തേഹി-സഞ്ജയ് ദത്ത് ഗാനത്തിന്റെ ഹിന്ദി പതിപ്പ് നിർമാതാക്കൾ പിൻവലിച്ചു

മുംബൈ: കന്നഡ പാൻ-ഇന്ത്യൻ ചിത്രമായ 'കെഡി: ദി ഡെവിളി'ലെ (KD: The Devil) "സർക്കെ ചുനാർ തേരി സർക്കെ" എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പ് നിർമ്മാതാക്കൾ പിൻവലിച്ചു. ഗാനത്തിലെ വരികൾ അശ്ലീലമാണെന്നും നൃത്തസംവിധാനം മോശമാണെന്നും ആരോപിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നതും സിബിഎഫ്‌സിയിൽ (CBFC) പരാതി ലഭിച്ചതുമാണ് കാരണം.
ഹിന്ദി പതിപ്പ് പിൻവലിച്ചെങ്കിലും മലയാളം, കന്നഡ, തമിഴ്, തെലുങ്ക് പതിപ്പുകൾ ഇപ്പോഴും ഓൺലൈനിൽ ലഭ്യമാണ്. അഭിഭാഷകനായ വിനീത് ജിൻഡാൽ ആണ് സെൻസർ ബോർഡിനും വിവര പ്രക്ഷേപണ മന്ത്രാലയത്തിനും പരാതി നൽകിയത്. ഗാനത്തിൽ അങ്ങേയറ്റം അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ പദപ്രയോഗങ്ങൾ ഉണ്ടെന്നും ഇത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ദോഷകരമാണെന്നും പരാതിയിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിത (BNS), പോക്‌സോ (POCSO) നിയമം, ഐടി ആക്ട് എന്നിവ പ്രകാരം നടപടി വേണമെന്നാണ് ആവശ്യം. ഡൽഹി പൊലീസ് സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നോറ ഫത്തേഹിയുടെ നൃത്തത്തെ ചിലർ പ്രശംസിച്ചെങ്കിലും, ഭൂരിഭാഗം ആളുകളും വരികളിലെ അശ്ലീലതയെ വിമർശിച്ചു. ഇത്തരം ഗാനങ്ങൾ മുഖ്യധാരയിലേക്ക് വരുന്നത് തടയാൻ സെൻസർ ബോർഡ് എന്തുചെയ്യുന്നു എന്നും വിമർശനം ഉയർന്നു.
പ്രേം സംവിധാനം ചെയ്യുന്ന കന്നഡ ആക്ഷൻ ക്രൈം ചിത്രമാണ്കെഡി: ദി ഡെവിൾ. ധ്രുവ സർജ, സഞ്ജയ് ദത്ത്, ശിൽപ ഷെട്ടി, നോറ ഫത്തേഹി തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിടുന്നത്. 1970-കളിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ, 'കാളി' എന്ന ഗുണ്ടയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 2026 ഏപ്രിൽ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.











0 comments