ad
Deshabhimani

വെറുതെ പറയരുത്, വേഗം ചെയ്യൂ; ജില്ലാ മജിസ്ട്രേറ്റിനെ ചോദ്യം ചെയ്ത് സംസാരിച്ച് എട്ടാം ക്ലാസ് വിദ്യാർഥി

UP KID QUSTIONS MAGISTRATE

Photo Credit:India Today

വെബ് ഡെസ്ക്

Published on Jul 19, 2026, 12:08 PM | 1 min read

ലഖിംപൂർ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന ജനകീയ പരാതി പരിഹാര അദാലത്തിൽ, ജില്ലാ മജിസ്ട്രേറ്റിനെ ചോദ്യം ചെയ്ത പതിമൂന്നുകാരന്റെ ധീരമായ ഇടപെടൽ ശ്രദ്ധേയമായി.


തന്റെ കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും, ഭരണകൂടത്തിന്റെ നിസ്സംഗതയെ വിമർശിച്ചുമാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അമിതാഭ് ഗുപ്ത അധികൃതരെ വെല്ലുവിളിച്ചത്.


കുടുംബത്തിന്റെ സംയുക്ത ഉടമസ്ഥതയിലുള്ള വീടിന്റെ ഒരു ഭാഗത്ത് ബന്ധുക്കൾ അനധികൃതമായി പൂട്ടിയിട്ടെന്നും, ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അമിതാഭ് ഒറ്റയ്ക്ക് പരാതി പരിഹാര വേദിയിലെത്തിയത്.


താൻ ഒറ്റയ്ക്കാണോ വന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അഞ്ജനി കുമാർ സിംഗ് അന്വേഷിച്ചപ്പോൾ, തന്റെ പിതാവ് മാനസികാസ്വാസ്ഥ്യം നേരിടുകയാണെന്നും, മാതാവ് വീടുകളിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നതെന്നും കുട്ടി വ്യക്തമാക്കുകയായിരുന്നു.


പൂട്ടിക്കിടക്കുന്ന വീടിന്റെ ഭാഗം വാടകയ്ക്ക് നൽകിയാൽ തനിക്കും സഹോദരിക്കും പഠനത്തിനുള്ള ചിലവ് കണ്ടെത്താൻ കഴിയുമെന്ന് കുട്ടി അധികൃതരോട് വിശദീകരിച്ചു.


സംഭാഷണത്തിനിടെ ഉദ്യോഗസ്ഥർ നൽകിയ വാഗ്ദാനങ്ങളെ അമിതാഭ് കർശനമായി ചോദ്യം ചെയ്തു. വെറുതെ ഉറപ്പുകൾ നൽകുകയല്ല, മറിച്ച് ഉടൻ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് കുട്ടി ആവശ്യപ്പെട്ടു.


വിഷയം ഉടൻ പരിഹരിക്കാമെന്ന് പോലീസ് ഇൻസ്പെക്ടർ ഉറപ്പുനൽകിയപ്പോൾ, "നിങ്ങൾ ചെയ്യുമെന്ന് പറയരുത്, വേഗം ചെയ്യൂ" എന്ന് അമിതാഭ് പ്രതികരിച്ചത് സദസ്സിലുള്ളവരെപ്പോലും അത്ഭുതപ്പെടുത്തി.


വിഷയത്തിൽ ഇടപെട്ട മജിസ്ട്രേറ്റ് കുട്ടിയോട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിച്ചെങ്കിലും, അമിതാഭ് അതിനെ ശക്തമായി നേരിട്ടു. വിദ്യാഭ്യാസം തുടരണമെങ്കിൽ പണം വേണമെന്നും, മാതാവിന്റെ തുച്ഛമായ വരുമാനം കൊണ്ട് പുസ്തകങ്ങളും മറ്റ് ചിലവുകളും എങ്ങനെ നടത്തുമെന്ന് കുട്ടി ചോദിച്ചു.


നേരത്തെ നൽകിയ പരാതികൾ ഉദ്യോഗസ്ഥർ അവഗണിച്ചുവെന്നും കുട്ടി ആരോപിച്ചു. കുട്ടിയുടെ മറുപടികൾക്ക് മുൻപിൽ പതറിയ മജിസ്ട്രേറ്റ്, അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്നും പരാതി പരിശോധിച്ച് നടപടിയെടുക്കാമെന്നും ഉറപ്പുനൽകി.


തുടർന്ന്, സംഭവം നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മജിസ്ട്രേറ്റ് ബന്ധപ്പെട്ട പോലീസ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകി.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home