പൊതിച്ചോർ വിതരണത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചോർ വിതരണം എന്തുവിലകൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ച ആരോഗ്യമന്ത്രി കെ മുരളീധരൻ, പ്രതിഷേധം ശക്തമായതോടെ മലക്കം മറിഞ്ഞു. ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിന് സർക്കാർ എതിരല്ലെന്നും ആലപ്പുഴ മെഡിക്കൽ കോളജിലെ കാര്യം മാത്രമാണ് പറഞ്ഞതെന്നും അത് പൊതുവായി എടുക്കേണ്ടതില്ല എന്നുമാണ് പുതിയ വിശദീകരണം. തന്റെ മുൻ പ്രസ്താവനയെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ പുതിയ നിലപാട്. ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രതികരിച്ചതെന്നാണ് മുരളീധരന്റെ വാദം
എന്നാൽ, നേരത്തേ നടത്തിയ പല പ്രതികരണത്തിലും ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രത്യേക സാഹചര്യമാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നില്ല. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും കൊടിയും ബാനറും ഉപയോഗിച്ചുള്ള ഭക്ഷണവിതരണം എന്തുവിലകൊടുത്തും തടയുമെന്നും കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രമേ ഭക്ഷണം വിതരണം ചെയ്യാവൂ എന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളിൽനിന്നും പൊതുജനങ്ങളിൽനിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വർഷങ്ങളായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന സൗജന്യ പൊതിച്ചോർ വിതരണം നിർത്തരുതെന്ന ആവശ്യവുമായി സാധാരണക്കാരും രംഗത്തെത്തി. പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐയും പ്രഖ്യാപിച്ചു.
ഇതിനിടെ കെ കരുണാകരന്റെ പേരും ചിത്രവും പതിച്ച ബോർഡുകളോടെ കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പൊതിച്ചോർ വിതരണത്തിന്റെ ചിത്രങ്ങളും കെ മുരളീധരന്റെ പേരിലുള്ള ഭക്ഷണവിതരണ ബോർഡുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മറ്റുള്ളവരുടെ പേരിലുള്ള പൊതിച്ചോർ വിതരണം സേവനവും ഡിവൈഎഫ്ഐയുടേത് മാത്രം രാഷ്ട്രീയ പ്രവർത്തനവുമാകുന്നതെങ്ങനെയെന്ന ചോദ്യവും ശക്തമായി.
വിമർശനം കനത്തതോടെയാണ് ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാർ എതിരല്ലെന്നും ആഹാരത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ലെന്നുമുള്ള പുതിയ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ഭക്ഷണം ആര് നൽകുന്നു എന്നത് വിഷയമല്ലെന്നും പാവപ്പെട്ടവർക്ക് ഭക്ഷണം ലഭിക്കണമെന്നാണ് സർക്കാരിന്റെ താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞു.











0 comments