ചൈനയിൽ കനത്ത മഴയും മണ്ണിടിച്ചിലും; എട്ട് മരണം, 34 പേരെ കാണാതായി

Photo: AFP
ബീജിങ് : തെക്കൻ ചൈനയിൽ വൻ നാശനഷ്ടം വിതച്ച് കനത്ത മഴയും പ്രകൃതിദുരന്തങ്ങളും തുടരുന്നു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാൻ മുതൽ കിഴക്കൻ തീരത്തെ യാങ്‌സി നദീതടം വരെ നീളുന്ന പ്രദേശങ്ങളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചൈനയിലെ ചോങ്കിങ് നഗരത്തിന് സമീപമുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ എട്ട് പേർ മരണപ്പെടുകയും 34 പേരെ കാണാതാകുകയും ചെയ്തു.
കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. മഴ കടുത്തതോടെ ഷാങ്ഹായ്-കുൻമിങ് പാതയിലൂടെയുള്ള നിരവധി യാത്രാ ട്രെയിൻ സർവീസുകൾ റെയിൽവെ താൽക്കാലികമായി നിർത്തിവെച്ചു. യുനാൻ പ്രവിശ്യയിലെ പ്രശസ്ത മലയിടുക്കായ ടൈഗർ ലീപ്പിങ് ജോർജ് ഉൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. കനത്ത നാശനഷ്ടം വിതച്ച മെയ്‌സാക് ചുഴലിക്കാറ്റിന് പിന്നാലെയാണ് ചൈനയിലെ ഗുവാങ്ഷി മേഖലയിൽ വീണ്ടും മഴ കടുക്കുന്നത്.
കിഴക്കൻ ഗുവാങ്ഷിയിലെ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ 300 മുതൽ 450 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ചൈനീസ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത് ഈ മേഖലയിൽ ആകെ ലഭിക്കേണ്ട വാർഷിക മഴയുടെ മുപ്പത് ശതമാനത്തോളം വരും. മേഖലയിൽ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.











0 comments