ഉപഗ്രഹ സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലനം; ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും HEX20-ഉം കൈകോർക്കുന്നു

തിരുവനന്തപുരം: ഉപഗ്രഹ സാങ്കേതികവിദ്യയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രായോഗിക പരിശീലന പരിപാടി ആരംഭിക്കുന്നതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും വാണിജ്യ ഉപഗ്രഹ കമ്പനിയായ HEX20-ഉം ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഉപഗ്രഹ സാങ്കേതികവിദ്യയിൽ പ്രത്യേക പരിശീലന പരിപാടി സംയുക്തമായി രൂപകൽപ്പന ചെയ്ത് നടപ്പാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.
ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഉപഗ്രഹ ഉപസംവിധാനങ്ങളുടെ രൂപകൽപ്പന, അസംബ്ലി, ഇന്റഗ്രേഷൻ, പരിശോധന എന്നിവയിൽ നേരിട്ട് പരിശീലനം നൽകും. ക്ലാസ് മുറിയിലെ പഠനവും വ്യവസായ മേഖലയിലെ പ്രായോഗിക അനുഭവവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
യഥാർഥ ഉപഗ്രഹ സംവിധാനങ്ങളിൽ വിദഗ്ധർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കും. ഇതിലൂടെ സാറ്റലൈറ്റ് എൻജിനീയറിങ്ങിലെ പ്രവർത്തനരീതികളെക്കുറിച്ച് ആഴത്തിലുള്ള പ്രായോഗിക പരിചയം നേടാനും അതിവേഗം വളരുന്ന ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ തൊഴിൽ അവസരങ്ങൾക്കായി കൂടുതൽ സജ്ജരാകാനും കഴിയും.
പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നതിനായി പരിചയസമ്പന്നരായ സാറ്റലൈറ്റ് എൻജിനീയർമാരെയും വിഷയവിദഗ്ധരെയും HEX20 നിയോഗിക്കും. പരിപാടിയുടെ നടത്തിപ്പിന് ആവശ്യമായ അക്കാദമിക് അന്തരീക്ഷവും സ്ഥാപന പിന്തുണയും ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള ഉറപ്പാക്കും.
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള രജിസ്ട്രാർ പ്രൊഫ. ജയശങ്കർ ആർ നായരും HEX20 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അമൽ ചന്ദ്രനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥിന്റെയും ഇരുസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
വ്യവസായ–അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉപഗ്രഹ എൻജിനീയറിങ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ആഗോള നിലവാരത്തിലുള്ള പഠനാവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പങ്കാളിത്തം.











0 comments