നീയുറങ്ങീ ചാഞ്ഞുറങ്ങീ... മലയാളത്തിന്റെ മനംമയക്കിയ താരാട്ടിന് 40


എൻ എ ബക്കർ
Published on Jun 02, 2025, 02:17 PM | 3 min read
അത്രയും സ്നേഹമായ് മലയാളത്തിന്റെ മനസിൽ നിറഞ്ഞ താരാട്ടുകളുടെ ഈണമായി മാറിയ സംഗീത സംവിധായകനാണ് മോഹൻ സിതാര. ഈണം നൽകിയയാളുടെ പേരറിയാതെ തന്നെ എത്രയോ ബാല്യങ്ങൾ ആ താരാട്ടുകളുടെ സാന്ത്വനത്തിൽ വാവുറങ്ങി.
പൂമിഴികൾ പൂട്ടിമെല്ലെ
നീയുറങ്ങീ ചായുറങ്ങീ
സ്വപ്നങ്ങൾ പൂവിടും പോലേ....
ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിലെ രാരീ രാരീരം രാരോ....എന്നു തുടങ്ങുന്ന താരാട്ട് മലയാള മനസിൽ കുടിയേറിയിട്ട് നാല് പതിറ്റാണ്ട് പൂർത്തിയാവുകയാണ്. മോഹൻ സിത്താരയുടെ ചലച്ചിത്ര ലോകത്തെ സംഗീത യാത്ര ആരംഭിക്കുന്നതും ആ പാട്ടിലൂടെയാണ്.
അലീന എന്ന യുവ വിധവയുടെയും അവളുടെ നാലുവയസായ ദീപ മോളുടെയും കഥയാണ് ഈ സിനിമ പറഞ്ഞത്. ടെലഫോണിൽ ഒരു അങ്കിളുമായി അവൾ കൂട്ടാവുന്നു. ഫോണിന് അപ്പുറത്തും ഇപ്പുറത്തുമായി ആ പാട്ട് കുഞ്ഞുമനസിൽ സ്നേഹ മഴയുടെ താരാട്ടാവുന്നു.
ഇന്ന് മൊബൈൽ ഫോൺ കാലത്തും ആ പാട്ട് പ്രിയപ്പെട്ടവരുടെ പിറന്നാളിനും ഉറക്ക ആശംസകളിലും റീലുകളിലും സ്റ്റാറ്റസിലും ദാ ഇപ്പോൾ പിറന്ന പാട്ട് എന്ന വണ്ണം താരാട്ടപ്പെടുന്നു. 1986 ൽ ആണ് രഘുനാഥ് പാലേരിയുടെ ചിത്രത്തിൽ ഒ എൻ വി യുടെ വരികൾക്ക് മോഹൻ സിത്താര ഈണമിട്ടത്.
മെയ് 30 ന് മോഹൻ സിതാരയുടെ പിറന്നാളായിരുന്നു. നാല് പതിറ്റാണ്ടിന്റെ സംഗീത യാത്രയിൽ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചവയിൽ മലയാള ചലച്ചിത്ര ലോകത്തെ പ്രിയപ്പെട്ട താരാട്ടു പാട്ടുകൾ ഏറെയും ഉൾപ്പെടുന്നു. 1991 ൽ കൈതപ്രത്തിന്റെ വരികൾക്കൊപ്പം ഈണമിട്ട ഉണ്ണീ വാവാവോ.... കുഞ്ഞുറക്കങ്ങളിൽ കൺപീലികൾ തഴുകി.
താലോലം താനേ താരാട്ടും പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോൾ കുടുംബ പുരാണത്തിൽ പീലുരാഗത്തിൽ പിറന്ന താരാട്ട് ചാഞ്ഞുറക്കത്തിന് ശേഷം മലയാളി കുടുംബങ്ങൾ നെഞ്ചേറ്റി. തുടർന്ന് ‘മിണ്ടാതെടി കുയിലേ’....(തന്മാത്ര) സിന്ധുഭൈരവിയുടെ മനോഹാരിത വിരിയിച്ച ‘കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ’... തുടങ്ങിയ പാട്ടുകളും കുഞ്ഞു സ്വപ്നങ്ങൾക്ക് കൂട്ടായും മുതിർന്നവർക്ക് ഗൃഹാതുര സാന്ത്വനമായും താരാട്ടീണമായി.
ആദ്യം സംഗീത സംവിധാനം ചെയ്ത 'രാരീ രാരിരം രാരോ..' എന്ന പാട്ടിന് ആദ്യം നിശ്ചയിച്ചത് വ്യത്യസ്തമായ ഒരു ഈണമായിരുന്നു. ഇതില്‍ നിരസിക്കപ്പെട്ട ഈണം ആണ് പില്‍ക്കാലത്ത് കുടുംബപുരാണം എന്ന ചിത്രത്തില്‍ താലോലം താനേ താരാട്ടും എന്ന് തുടങ്ങുന്ന ഗാനമായി മാറിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. അപ്പോഴും രണ്ടും മലയാളിയുടെ മനസിലെ മായാത്ത ഈണങ്ങളായി.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപിക പഠിപ്പിച്ച പദ്യം മറ്റുള്ള കുട്ടികളിൽനിന്ന് വ്യത്യസ്തമായി സ്വന്തം ശൈലിയിൽ പാടിയത് ഒരു അധ്യാപിക തിരിച്ചറിയുകയായിരുന്നു. ആ വിദ്യാർഥിയെ തന്നെ സ്കൂൾ വാർഷികത്തിനുള്ള സംഘനൃത്തത്തിന്റെ പാട്ടിനു സംഗീതം നൽകാൻ സുനന്ദഭായി എന്ന ടീച്ചർ തന്റെ വിദ്യാർഥിയെ ഏൽപ്പിച്ചു. ‘കോഴി കൂവണ കേട്ടില്ലേ, വേഗമെണീക്കിൻ കൂട്ടരേ’ എന്ന പാട്ടായിരുന്നു അതെന്ന് മോഹൻ സിതാര അഭിമുഖങ്ങളിൽ ഓർത്തെടുക്കുന്നുണ്ട്.
മകൻ അവിനൊപ്പം
മുതിർന്നപ്പോൾ ‘സിതാര’ മ്യൂസിക് ക്ലബ്ബിൽ വയലിൻ വായിക്കാൻ പോയി. ആ പേരാണ് സ്വന്തം പേരിനൊപ്പം ചേർന്നത്. സിനിമയിൽ എത്തിയപ്പോഴാണ് ആ പേര് കിട്ടുന്നത്.
കറുപ്പനഴക് എന്ന പോലുള്ള അടിപൊളി പാട്ടുകൾ ഹിറ്റായപ്പോൾ തന്നെ എവിടെയോ താരാട്ടിന്റെ സ്പർശമുള്ള നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി... എന്നിങ്ങനെയുള്ള പാട്ടുകളും ആസ്വാദകർ ഏറ്റെടുത്തു. ആലിലക്കണ്ണാ നിന്റെ ......എന്നു തുടങ്ങുന്ന പാട്ടിൽ ഭക്തിയും വാത്സല്യവും ശ്രുതി ചേർന്നു നിന്നു. 'ഇല കൊഴിയും ശിശിരത്തില്‍' അവയ്ക്കൊപ്പം വിഷാദം പടർത്തി.
ഇരുളിൽ മഹാനിദ്രയിൽ നിന്നുണർത്തി നീ... എന്ന ദൈവത്തിന്റെ വികൃതികളിലെ നഷ്ട പ്രണയം കവിയുന്ന ഉണർവിന്റെ പാട്ടും ഈണമിട്ടത് അതേയാൾ തന്നെ. സ്നേഹത്തിൻ പൂന്നുള്ളി....രാവിൻ നീലക്കായലിൽ...കണ്ണീർ മഴത്ത്... എന്തു ഭംഗി നിന്നെ കാണാൻ...ഇന്നലെകൾ ഇതുവഴിയേ പോയീ...എന്നിങ്ങനെ തങ്ക മനസ് അമ്മ മനസ് എന്ന് താരാട്ടുകളിൽ നിന്നും അമ്മയിലേക്കും എത്തി. 2013 മുതൽ ഒരു ദശാബ്ദകാലത്തോളം സിനിമാ സംഗീത രംഗത്ത് മോഹൻ സിതാരയുടെ സാന്നിധ്യം ഇല്ലായിരുന്നു.
മായാമാളവഗൗളരാഗത്തിൽ കുഞ്ഞുങ്ങൾ അക്ഷരം പഠിക്കുന്ന മാതൃകയിലുള്ള അ ആ ഇ ഈ...എന്ന എഴുത്തോലയിലെ പാട്ടുമായി 2024 ലാണ് വീണ്ടും എത്തുന്നത്. അദ്ദേഹത്തിന്റെ മകൻ അവിൻ മോഹൻ സിത്താര (വിഷ്ണു) സംഗീതസംവിധായകനായും ഗായകനായും അച്ഛനൊപ്പം ഈ പാട്ടിന് പിന്നിലുണ്ടായി എന്നതും തിരിച്ചുവരവിന്റെ പ്രത്യേകതയായി. 2013-ൽ പുറത്തിറങ്ങിയ ‘സക്കറിയയുടെ ഗർഭിണികൾ’ എന്ന സിനിമയിലെ ‘വെയിൽച്ചില്ല പൂക്കും നാളിൽ...’ എന്ന ഗാനം സംഗീതം നൽകി ജ്യോത്സ്‌നയ്ക്കൊപ്പം പാടിയത് അവിനാണ്.
0 comments