ad
Deshabhimani

'കാവാണേ' എഐ വേർഷൻ; മമ്മൂട്ടിയും മോഹൻലാലും മുതൽ മെസിയും റോണാൾഡോയും വരെ

DAKINI KUTTOOSAN MAMMOOTTY MOHANLAL
വെബ് ഡെസ്ക്

Published on Jul 09, 2026, 03:56 PM | 1 min read

സോഷ്യൽ മീഡിയയിൽ കാലാകാലങ്ങളിൽ ട്രെൻഡുകൾ മാറിക്കൊണ്ടിരിക്കും. എന്നാൽ ഇപ്പോൾ എവിടെത്തിരിഞ്ഞാലും 'കാവാണേ...' റീലുകളാണ് താരം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഈ പാട്ട് നിറഞ്ഞുനിൽക്കുന്നു. മമ്മൂട്ടിയും മോഹൻലാലും മുതൽ ഡാകിനിയും കുട്ടൂസനും വരെ ഈ റീലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എഐ സാങ്കേതികവിദ്യയുടെ സാധ്യതയാണ് ഇതിനെല്ലാം പിന്നിൽ.


VIRAT DHONI_HALAND VINICIOUS


ഈ തരംഗം കേരളത്തിന്റെ അതിരുകൾ കടന്ന് ആഗോളതലത്തിലും ശ്രദ്ധനേടിക്കഴിഞ്ഞു. ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു മലയാളം പാട്ടിന് ചുവടുവെച്ചാൽ എങ്ങനെയിരിക്കും? എഐ ഉപയോഗിച്ച് അതും യാഥാർത്ഥ്യമായിരിക്കുന്നു. വിരാട് കോഹ്ലിയും ധോണിയും, എർലിൻ ഹാലണ്ടും വിനീഷ്യസ് ജൂനിയറും ഒക്കെ ഒരേ റീലിൽ എത്തുന്നതും സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നു. എല്ലാം ഒത്തുകളിയാണോ എന്ന രസകരമായ ചർച്ചകളും ഈ എഐ റീലുകളുടെ കമന്റിലൂടെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏതാണ് ഏറ്റവും മികച്ച റീൽ എന്നതിനെച്ചൊല്ലി ആരാധകർ തമ്മിൽ കമന്റ് ബോക്സുകളിൽ പോരടിക്കുന്നതും പതിവാണ്.


MESSI RONALDO


ട്രെൻഡ് തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും ‘കാവാണേ’ ഒട്ടും മങ്ങാതെ സോഷ്യൽ മീഡിയയിൽ ഹിറ്റായി തുടരുകയാണ്. നാടൻപാട്ട് ശൈലിയിലുള്ള ‘കരിനീലി’ എന്ന ആൽബത്തിലെ വരികളുപയോ​ഗിച്ച് മുഹമ്മദ് ആസിഫ്, വിഗ്നേഷ് എന്നിവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഈ ട്രെൻഡ് വൈറലായത്. അതിനുശേഷം നിരവധി എഐ വേർഷനുകൾ പുറത്തിറങ്ങി. സേതു ചന്ദ്രന്റെ വരികൾക്ക് വിനീഷ് കല്ലേറ്റുംകരയാണ് സംഗീതം നൽകിയിരിക്കുന്നത്. വിവേക് നെല്ലായിയും വിനോദ് നെല്ലായിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്തരായ താരങ്ങൾ പോലും എഐ റീലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ ഈ പാട്ട് തിരയാൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ മത്സരിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home