ad
Deshabhimani

അമ്പതു വർഷം പിന്നിട്ടും ഹൃദയത്തിലൊഴുകുന്ന ‘ഷോലെ’യിലെ ഗാനങ്ങൾ

sholey
avatar
എൻ എ ബക്കർ

Published on Aug 15, 2025, 04:35 PM | 2 min read

സിനിമാ ചരിത്രത്തിൽ ഒരിക്കലും മാഞ്ഞുപോകാത്തൊരു പേരാണ് ഷോലെ. അതിലെ പാട്ടുകളാവട്ടെ ഇന്നലെ പുറത്തിറങ്ങിയത് എന്ന പോലെ അത്രയും പുതുമയോടെ തലമുറകൾ കൈമാറി. 50 വർഷം പിന്നിട്ടിട്ടും പ്രണയം, വിരഹം, സൗഹൃദം, സന്തോഷം, സങ്കടം എന്നിങ്ങനെ ഏത് ഭാവത്തിലും ഷോലൈയിൽ നിന്ന് ഒരു പാട്ടുണ്ട്.


ഷോലെയിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളും പോലെ തന്നെ ഗാനങ്ങളും ഇന്നും ഹൃദയത്തിൽ മുഴങ്ങുന്നു. ആർ ഡി ബർമ്മന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ പാട്ടുകൾ ട്രെൻഡിങ് എന്ന വാക്ക് നാണയപ്പെടുന്നതിനും മുൻപേ മനസുകളിൽ പടർന്നേറിയതാണ്.   ധർമേന്ദ്രയ്ക്കും ഹെമാ മാലിനിക്കും അമിതാഭ് ബച്ചനും വേണ്ടി യഥാക്രമം കിഷോർ കുമാർ, ലതാ മങ്കേഷ്കർ, മന്നാ ഡേ എന്നിവർ ശബ്ദം നൽകി.

 

യെ ദോസ്തി’ — സൗഹൃദത്തിന്റെ ശാശ്വതഗാനമായി ഇന്നും ആഘോഷിക്കപ്പെടുന്നു. ജയിയും വീരുവും തമ്മിലുള്ള അകറ്റാനാവാത്ത ബന്ധം സ്കൂട്ടർ-സൈഡ്കാർ സവാരിയിൽ പാട്ടിലൂടെ രംഗത്ത് വിരിയുന്നു. കിഷോർ കുമാറും മന്നാ ഡേയും പാടിയ ഈ ഗാനത്തിന് എണ്ണി തീർക്കാൻ കഴിയാത്ത അത്രയും കവർ സോങ് ഉണ്ടായിട്ടുണ്ട്. ആഹ്ളാദത്തിന്റെയും വിഷാദത്തിന്റെയും വ്യത്യസ്ത ഭാവങ്ങളിൽ ഈ ഒരേ പാട്ട് സ്വീകരിക്കപ്പെട്ടു.



2010-ൽ ‘ഫോർ ഫ്രണ്ട്സ്’ എന്ന മലയാള ചിത്രത്തിനായി ശങ്കർ മഹാദേവനും ഉദിത് നാരായണനും ചേർന്ന് ഈ പാട്ട് അവതരിപ്പിച്ചത് പുതിയ പാട്ട് എന്നാണ് പലയിടത്തും സ്വീകരിക്കപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഇന്ത്യ-അമേരിക്ക സൗഹൃദത്തിന്റെ പ്രതീകമായി ഈ പാട്ട് ഉപയോഗിച്ചിരുന്നു.

 

മെഹ്ബൂബ മെഹ്ബൂബ — ആർ ഡി ബർമ്മൻ തന്നെ പാടിയ ഐറ്റം സോങ്. ഇതിന് ചുവട് വെക്കാത്തവർ ആരുമില്ലായിരുന്നു ഒരു കാലത്ത്. ഇന്നും ആദ്യമായി കേൾക്കുന്നവരെ പാട്ട് കീഴടക്കും. ഹെലന്റെ മിന്നുന്ന പ്രകടനവും അമ്ജദ് ഖാന്റെ ഭീഷണിപ്പെടുത്തുന്ന സാന്നിധ്യവും ചേർന്നുള്ള ഈ ഗാന രംഗം സിനിമാപ്രേമികളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു. തുടക്കത്തിലെ ഹമ്മിങ്ങും നാടോടി സ്പർശവും പാട്ടിനൊപ്പം പാട്ടുകളിലെ ഫോക് ട്രെൻഡിനും പുതു വിതാനം നൽകി.





2005-ൽ ക്രോണോസ് ക്വാർട്ടറ്റ് ആശാ ഭോസ്ലെയുടെ ശബ്ദത്തോടെ ഇതേ പാട്ട് പുനർസൃഷ്ടിച്ചതും ഹിറ്റായി തീർന്നു. പിന്നീട് ഹിമേഷ് റെഷമ്മിയയും ആശാ ഭോസ്ലെയും ചേർന്ന് ആപ് കാ സുരൂർ എന്ന ചിത്രത്തിൽ റീമിക്സ് ചെയ്ത വേർഷനും വന്നു.

 

ജബ് തക് ഹൈ ജാൻ’ — ലതാ മങ്കേഷ്കർ പാടിയ, ബസന്തി (ഹെമ മാലിനി) വീരുവിന്റെ ജീവൻ രക്ഷിക്കാനായി പാറക്കെട്ടിൽ കുപ്പിച്ചില്ലുകൾക്ക് മുകളിൽ വേദന സഹിച്ചു നൃത്തം ചെയ്യുന്ന ഹൃദയഭേദക ഗാനം. ബന്ധനസ്ഥനായ വീരുവിന്റെ (ധർമേന്ദ്ര) നിസ്സഹാതയും ചേർന്ന രംഗത്തിന്റെ വികാരവും പാട്ട് കൊണ്ട് പ്രേക്ഷകനെ പിടിച്ചുലച്ചു.

 

sholey 50


ഹോളി കേ ദിൻ ദിൽ ഖിൽ ജാതേ ഹൈ — കിഷോർ കുമാറും ലതാ മങ്കേഷ്കറും ചേർന്ന് പാടിയ ഹോളി ആഘോഷ ഗാനം. ഗ്രാമവാസികളുടെ ഐക്യവും സന്തോഷവും പിങ്ക് ഗുലാലിന്റെ നിറപ്പകിട്ടിൽ പതിഞ്ഞിരിക്കുന്നു. വീരുവും ബസന്തിയും ജയിയും രാധയും (ജയ ഭദുരി) തമ്മിലുള്ള പ്രണയത്തിന്റെ മുളപ്പും ഇതിൽ വിരിയുന്നത് കാണാം. ആഘോഷം ഗബ്ബറിന്റെ ആക്രമണത്തിൽ കലാശിക്കുമ്പോൾ പാട്ടിനെ പെട്ടെന്ന് ദുഃഖത്തിലേക്ക് വഴിമാറ്റുന്നു.

 

കോയി ഹസീന ജബ് ഊഠ് ജാതി — വീരു, ബസന്തിയെ തന്റെ തുംതുംവണ്ടിയിൽ സവാരിക്കിടെ മനപ്പൂർവ്വം കോപിപ്പിക്കുകയും പിന്നെ സമ്മതിപ്പിക്കുകയും ചെയ്യുന്ന ചിരിമിഴിയുന്ന ഗാനം. കിഷോർ കുമാറിന്റെ മാധുര്യവും ജോഡിയുടെ മനോഹര രസവും ചേർന്ന് സിനിമയിലെ ഒരു സന്തോഷ നിമിഷമായി വിളക്കി ചേർക്കുന്നു.


ഷോലെ’ എന്ന ഹിന്ദി ബ്ലോക്ക്ബസ്റ്റര്‍ ചിത്രം റിലീസ് ചെയ്യുന്നത് 1975ലാണ്. ഗൗരവപൂര്‍ണ്ണമായ ഏതെങ്കിലൂം ചിന്ത മുന്നോട്ട് വയ്ക്കുന്ന സിനിമയുമായിരുന്നില്ല ‘ഷോലെ’. ആ ചിത്രം പക്ഷെ പ്രേക്ഷകർ ഏറ്റെടുത്തു. അത് സൃഷ്ടിച്ച വിസ്മയത്തിന്റെ അലയൊലികള്‍ ഇന്നും തുടരുന്നു. തട്ടുപൊളിപ്പന്‍ സിനിമകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാഠപുസ്തകമായി ‘ഷോലെ’. മുംബൈയിലെ മിനര്‍വാ തിയറ്ററില്‍ അഞ്ചു വര്‍ഷത്തിലേറെ ഈ സിനിമ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കപ്പെട്ടു. ഷോലെ എന്നാൽ തീക്കനൽ എന്നാണർത്ഥം.


Gabbar sing


വിശേഷിച്ച് എന്താണ് എന്ന് ചോദിക്കുമ്പോൾ ഒന്നുമില്ല. പക്ഷെ ഷോലെ ഇന്നും തീക്കനൽ പോലെ പ്രേക്ഷക മനസുകളിൽ കത്തി നിൽക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home