ad
Deshabhimani

'വാഴ' നന്നായി കുലച്ചുവരാൻ എന്തുചെയ്യണം?

VAZHA 2
avatar
ഋഷിരാജ് സിങ്

Published on Apr 30, 2026, 05:00 AM | 2 min read

വാഴ 2 സിനിമ കണ്ടാൽ ഇന്നത്തെ ഹയർ സെക്കൻഡറി വിദ്യാർഥിയുടെയും കൗമാരക്കാരുടെയും ഓരോ ദിവസവും എന്തായിരിക്കും എന്നു മനസ്സിലാക്കാം..


സ്‌കൂളിലേയ്ക്കുള്ള യാത്ര, സൗഹൃദങ്ങൾ, ദിനചര്യകൾ, സഹപാഠികളോടുള്ള പ്രണയാരംഭം, അതിലെ കൗതുകവും രസകരവുമായ നാൾവഴികൾ, പ്രണയത്തിൻ്റെ പേരിലുള്ള വഴക്കുകൾ ഒത്തുതീർപ്പുകൾ തുടങ്ങി ചെറുതും വലുതുമായ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള തല്ലുകളും കൂട്ടത്തല്ലുകളുമെല്ലാം നിറഞ്ഞ സവിശേഷമായ വിദ്യാലയ ജീവിതത്തിലൂടെയാണ് വാഴ തഴച്ചുവളരുന്നത്.


അച്ഛനമ്മമാരോടും സഹോദങ്ങളോടുമുള്ള കടപ്പാടും സ്നേഹവും ത്യാഗവും വൈകാരികതയുമെല്ലാം അതിനു വളമേകുന്നു.


പീയർ പ്രഷർ കൊണ്ടും ആകാംക്ഷയും കൗതുകവുമൊക്കകൊണ്ടും അജ്ഞതകൊണ്ടുമൊക്കെ സിഗരറ്റിൽ തുടങ്ങി മറ്റു ലഹരിവസ്‌തുക്കൾ പരീക്ഷിക്കുന്നവരെയും വാട്ടം തട്ടിയും ചീഞ്ഞും കുരുടുപിടിച്ചും നശിച്ചുപോകുന്നവരെയും മാത്രമല്ല തെറ്റു മനസ്സിലാക്കി ജീവിതത്തിലേയ്ക്കു തിരിച്ചുവരുന്നവരെയും നമ്മൾ വാഴയിൽ കാണുന്നുണ്ട്. അതുതന്നെയാണ് വാഴയുടെ കാമ്പും.


കൗമാരത്തിൻ്റെ ഊർജ്ജം എട്ടു മണിക്കൂർ നേരത്തേയ്ക്ക് ക്ലാസ്സു റൂമിനുള്ളിൽ തളച്ചിടപ്പെടുന്നതല്ലാതെ കലാ-കായിക നൈപുണിപോലെ ഫലവത്തായ മറ്റൊരു കാര്യങ്ങളിലെയ്ക്കും അത് എത്തിപ്പെടുന്നില്ല. ഗെയിമുകളൊന്നുമില്ലെങ്കിൽ കുട്ടികളുടെ എനർജി എങ്ങനെയാണ് വിനിയോഗികപ്പെടുന്നത്? ഒടുവിലത് കൂട്ടത്തല്ലുകളിൽ അവസാനിക്കുന്നു എന്ന സത്യം സിനിമ തുറന്നു കാണിക്കുന്നു.


എല്ലായിടത്തും, പ്രത്യേകിച്ച് സ്‌കൂളിലും വീട്ടിലും അവഗണിപ്പെടുന്നവരും അംഗീകരിക്കപ്പെടാത്തവരും ലഹരി വസ്തുക്കളിലേയ്ക്ക് പോകാനുള്ള സാധ്യത സിനിമ ചൂണ്ടിക്കാണിക്കുന്നു. പ്രശ്‌നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടത്തിനാണ് അറിഞ്ഞോ അറിയാതെയോ കുട്ടികൾ ഇത്തരം വസ്‌തുക്കളിൽ അഭയംതേടുന്നതെന്നും അധ്യാപകരും നിയമപാലകരും കുട്ടികളെ കുറ്റപ്പെടുത്താതെ യഥാർഥ കാരണം കണ്ടെത്തി അതിനു പരിഹാരം കാണുന്നതിനു പകരം ചട്ടപ്പടി പരിഹാരങ്ങളുടെ പിന്നാലെ പോകുന്നതുകൊണ്ട് കുട്ടികൾ കൂടുതൽ വഴി തെറ്റുകയേഉള്ളൂവെന്നും വാഴ 2 വ്യക്തമാക്കുന്നു.


ഹയർ സെക്കൻഡറി വിദ്യാഭ്യാസം ഒന്നു കഴിഞ്ഞു കിട്ടിയാൽ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോയി രക്ഷപ്പെടണം എന്ന തെറ്റായ പ്രവണത ഇന്നത്തെ കുട്ടികളിൽ കാണുന്നുണ്ട്. ഒരു ഡിഗ്രി പോലുമില്ലാതെ അവിടെപോയിട്ട് എന്തുചെയ്യാനാണ് എന്നവർ ചിന്തിക്കുന്നില്ല. പല ഇൻ്റർ നാഷണൽ എയർപോർട്ടുകളിലും ക്ലീനിങ് പണിയെടുക്കുന്ന ഒരുപാടു മലയാളി യുവാക്കളെ ഞാൻ കണ്ടിട്ടുണ്ട്.


ഡിഗ്രിയെങ്കിലും കഴിഞ്ഞശേഷമേ വിദേശ ജോലിയെപ്പറ്റി ചിന്തിക്കാവൂ എന്ന സന്ദേശം സിനിമ നല്കണമായിരുന്നു. സിനിമയിൽ കാണിക്കുന്നപോലെ കേരളത്തിൽ തൊഴിലില്ലായ്മ ഉണ്ടെന്നും ഞാൻ കരുതുന്നില്ല. ഷെഫ്, ബെയറർ, പ്ലംബർ, ഡ്രൈവർ ഇങ്ങനെ ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ ഇവിടെയുണ്ട് എന്നത് മറന്ന് നമുക്കജ്ഞമായ ഒരു സ്ഥലത്തുപോയി ഇതൊക്കെ ചെയ്താൽ കുഴപ്പമില്ല എന്ന കുട്ടികളുടെ ചിന്താഗതിയെ സിനിമ പ്രോത്സാഹിപ്പിക്കുന്നതിൽ അർത്ഥമില്ല. മേല്പറഞ്ഞ തൊഴിലുകളെല്ലാം ഇതര സംസ്ഥാനത്തുനിന്നു വന്നവരാണ് ഇവിടെ ചെയ്യുന്നതെന്നും ഒരു കോടി വീടുള്ള കേരളത്തിൽ ആകെ കുറച്ചു ഇലക്ട്രിഷ്യൻമാരും പ്ലംബർമാരുമെയുളളുവെന്ന കാര്യവും നമ്മൾ വിസ്മരിക്കരുത്.


കേരളത്തിലെ കൗമാരക്കാരുടെ പ്രശ്നങ്ങളും ചിന്തകളും സ്വപ്നങ്ങളും പാരൻ്റിംഗും സൗഹൃദവുമെല്ലാം കെട്ടുറപ്പോടെതന്നെ വാഴ 2വിൽ അവതരിപ്പിക്കുന്നു. ഒപ്പം ഇനിയും മാറാത്ത അധ്യാപനത്തെയും നിസഹായരായി ഇപ്പോഴും അധ്യാപകർക്കുമുന്നിൽ നില്ക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയുമെല്ലാം സിനിമ തുറന്നു കാണിക്കുന്നുമുണ്ട്.


സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറും അലൻ ബിൻ സിറാജും വിനായകും അജിൻ ജോയ്, ദേവരാജ് എന്നിവരും ചെയ്ത കേന്ദ്രകഥാപാത്രങ്ങൾ മികച്ചതുതന്നെ. സുധീഷും ബിജുകുട്ടനും അജു വർഗ്ഗീസ്സും വിജയ് ബാബുവും മാത്രമല്ല കുട്ടികളുൾപ്പെടെ എല്ലാ പുതുമുഖങ്ങളും ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. നവാഗതനായ സവിൻ സാ എന്ന സംവിധായകൻ കൗമാരത്തിൻ്റെ മനശ്ശാസ്ത്രം നന്നായി മനസ്സിലാക്കിയതുകൊണ്ടാവാം തീയേറ്റർ കൗമാരക്കാരെകൊണ്ടു നിറയുന്നത്. എന്നാൽ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും വൈകാരികതയും കൂടി പറയുന്നതിനാൽ മുതിർന്നവരെയും സിനിമ ആകർഷിക്കുന്നുണ്ട്.


എടുത്തു പറയേണ്ട മറ്റൊരു കാര്യം സിനിമാ സംഗീതമാണ്. സീനുകൾ അതു തല്ലായാലും പ്രണയമായാലും വൈകാരികതയായാലും പശ്ചാത്തലം ഗാനംകൊണ്ടും ഹൃദ്യമായ സംഗീതം കൊണ്ടും ചലനാത്മകമായ ഒരു സംഗീതകാവ്യശില്പം പോലെ സമ്പുഷ്‌ടമാണ്.


വാഴ പോലത്തെ സിനിമകൾ കുട്ടികളെ തെറ്റുകുറ്റങ്ങളിലേയ്ക്ക് കൊണ്ടുപോകുമെന്നു വാദിക്കുന്നവർ സ്വയം ഉള്ളിലേയ്ക്ക് നോക്കുകയും ശരിതെറ്റുകൾ തിരിച്ചറിയുകയും വേണം. മാത്രമല്ല, എവിടെയും കുട്ടികളെ നിയന്ത്രിക്കുന്നതും അവർക്കു വേണ്ടി നിയമങ്ങളുണ്ടാക്കുന്നതും മുതിർന്നവർ തന്നെയാണെന്നുമുള്ള യാഥാർത്ഥ്യം അംഗീകരിക്കണമെന്നും കൂടി ഇത്തരം സിനിമകൾ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home