Deshabhimani

മരിച്ചിട്ടും മരിക്കാതെ ജീവിക്കുന്ന സോംബികളുടെ ലോകവും പ്രൊഫസർ അമ്പിളിയും; 'വല'യുടെ ഇൻട്രോ വീഡിയോ പുറത്ത്

വെബ് ഡെസ്ക്

Published on May 07, 2025, 07:55 PM | 1 min read

കൊച്ചി: ഗഗനചാരിക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന 'വല'യുടെ ഇൻട്രോ വീഡിയോ പുറത്ത്. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ എന്ന അമ്പിളിചേട്ടൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ എത്തുന്ന ചിത്രമാണ് 'വല'. മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് 'വല' വരാൻ ഒരുങ്ങുന്നതെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.


മരിച്ചിട്ടും മരിക്കാതെ തുടരുന്ന മനുഷ്യരെയും ജീവികളെയുമാണ് സയൻസ് ഫിക്ഷൻ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തിൽ പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവെ ഫിക്ഷനിൽ കണ്ടുവരാറുള്ളത്. ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളിൽ നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇന്ത്യൻ ഭാഷകളിൽ വളരെ വിരളമായേ സോംബികൾ സ്‌ക്രീനിൽ എത്തിയിട്ടുള്ളു. കോമഡി കലർന്നായിരിക്കും മലയാളത്തിന്റെ സോംബികൾ എത്തുക എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.


പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ എന്നാണ് ചിത്രത്തിൽ ജ​ഗതി ശ്രീകുമാറിന്റെ കഥാപാത്രത്തിൻറെ പേര്. ശരിക്കും ലോകത്തെ തന്റെ കൈവെള്ളയിൽ നിയന്ത്രിക്കുന്ന ഒരു മാസ്റ്റർ മൈൻഡ് ശാസ്ത്രജ്ഞന്റെ റോളാണ് അദ്ദേഹത്തിന് എന്ന് തോന്നിപ്പിക്കും വിധമുള്ള വ്യത്യസ്തമായ അവതരണമാണ് വീഡിയോയിൽ. ഗഗനചാരി'യുടെ തുടർച്ചയാണ് 'വല' എത്തുന്നത് എന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് വീഡിയോയിലെ സൂചനകൾ. ​ഗ​ഗനചാരിയിലെ താരനിരയും ചിത്രത്തിലുണ്ട്. അനാർക്കലി മരക്കാർ, ബേസിൽ ജോസഫ്, ഗോകുൽ സുരേഷ്, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, ​ഗണേഷ് കുമാർ, ഗിജു ജോൺ, ജോൺ കൈപ്പള്ളിൽ, ഭഗത് മാനുവൽ, ആദി എന്നിവരാണ് ച്ത്രത്തിലെ മറ്റ് അഭിനേതാക്കൾ.


അണ്ടർഡോഗ്സ് എൻറർടെയ്ൻമെൻറ്സ് നിർമിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എൻറർടെയ്ൻമെൻറ്സാണ്. ടെയ്‌ലർ ഡർഡനും അരുൺ ചിന്തുവും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുർജിത് എസ് പൈ, സംഗീതം ശങ്കർ ശർമ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആർജി വയനാടൻ, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ, വിഎഫ്എക്സ് മേരാക്കി, സൗണ്ട് ഡിസൈൻ ശങ്കരൻ എഎസ് സിദ്ധാർത്ഥൻ എന്നിവർ നിർവ്വഹിക്കുന്നു. ഫൈനൽ മിക്സ് വിഷ്ണു സുജാതൻ, ക്രിയേറ്റീവ് ഡയറക്ടർ വിനീഷ് നകുലൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പിആർഒ ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Home