അമ്മൂമ്മയുടെ റൂം, വീൽചെയർ, നിശ്ചലമായ നൈറ്റ് വ്യൂ, മറ്റാരോ വീട്ടിലുണ്ടെന്ന തോന്നൽ; ഡീയസ് ഈറെയ്ക്കൊപ്പം ചർച്ചയായി ഭൂതകാലം

അമ്മൂമ്മയുടെ റൂം, അതിനുള്ളിൽ വീൽചെയർ, നിശ്ചലമായ നൈറ്റ് വ്യൂ, ഒരു അടുക്കള, ഒറ്റ നിലയുള്ളതും പരന്നതുമായ ആ വീട്, മെഴുകുതിരി വെളിച്ചത്തിൽ അപ്പുറം ഇപ്പുറമിരുന്ന് സംസാരിക്കുന്ന അമ്മയും മകനും. ഇവയിലൊക്കെ ഹൈ ഹൊറർ എലമെന്റ്സ് കണ്ടെത്താനാകുമോ, വാക്കിലോ വരിയിലോ ഇതൊക്കെ സാധാരണ കാര്യങ്ങളാണ്. എന്നാൽ രാഹുൽ സദാശിവൻ ഇവയെയൊക്കെ പകൽ കണ്ടാലും ഞെട്ടിപ്പിക്കുന്ന മാനത്തോടെ അവതരിപ്പിച്ചു എന്നതാണ് ഭൂതകാലത്തിന്റെ മെറിറ്റ്. ഒടിടി റിലീസായിട്ട് പോലും പേടിത്തരിപ്പോടെയാണ് ചിത്രം നാം കണ്ടു തീർക്കുക.
പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ നാളെ തിയറ്ററുകളിൽ എത്തുന്ന സാഹചര്യത്തിലാണ് ഭൂതകാലം വീണ്ടും ചർച്ചാ വിഷയമാകുന്നത്.
ഷെയ്ൻ നിഗം, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഭൂതകാലം സൈക്കോളജിക്കൽ ഹൊറർ ഴോണർ ചിത്രമായിരുന്നു. ആശ, വിനു എന്ന അമ്മയുടെയും മകന്റെയും വീട്ടിലുണ്ടാക്കുന്ന വിചിത്രമായ ചില കാര്യങ്ങളായിരുന്നു ചിത്രത്തിന്റെ കാമ്പ്. തങ്ങൾ താമസിക്കുന്നവീട്ടിൽ മറ്റാരോ ഉണ്ടെന്ന തോന്നൽ ശരിയെന്ന് കാഴ്ചക്കാരായ നമ്മളും ഉറപ്പിക്കും.
ബി ഫാം കഴിഞ്ഞെങ്കിലും ജോലി ലഭിക്കാത്ത വിനു സാധാരണക്കാരായ ചെറുപ്പക്കാർക്ക് കണക്ട് ചെയ്യാനാകും വിധം ജീവിതത്തിൽ പ്രയാസം അനുഭവിക്കുന്ന പല സന്ദർഭങ്ങൾ സിനിമയിലുണ്ട്. വെള്ള സാരി ഉടുത്ത സ്ത്രീയെ കണ്ട് ശീലിച്ച മലയാളിയുടെ പ്രേത സങ്കൽപ്പത്തിൽ കഴിഞ്ഞ വർഷങ്ങളിൽ മാറ്റങ്ങൾ പലത് സംഭവിച്ചിട്ടുണ്ട്. പൊടുന്നനെയുള്ള അലറിച്ചയും ബഹളവും മിന്നൽ ട്രാൻസിഷനും തുടങ്ങി വികൃതമായ രൂപം വരെ കാഴ്ചക്കാരെ പീഡിപ്പിക്കാൻ സിനിമാക്കാർ ഉപയോഗിച്ചു. ഇവിടെയാണ് ഭൂതകാലം വീണ്ടും വ്യത്യസ്തത തീർത്തത്. വീട്ടിലെ ആ അദൃശ്യ സാന്നിധ്യത്തെ വിരൂപിയാക്കിയല്ല രാഹുൽ സദാശിവൻ പ്രേക്ഷകരിലെത്തിച്ചത്.
ഭൂതകാലം ഒരു ഫിക്ഷണൽ സ്റ്റോറിയാണെന്നും അതിൽ റിയലിസം കൊണ്ടുവരാനായിരുന്നു ശ്രമിച്ചതെന്നും സംവിധായകൻ തന്നെ മുൻപ് പറഞ്ഞിരുന്നു. അമ്മ കഥാപാത്രത്തിന് ക്ലിനിക്കൽ ഡിപ്രഷനുണ്ട്. മകനാണെങ്കിൽ മദ്യപാനം, പുകവലി പോലുള്ള ശീലങ്ങളുണ്ട്. അതുകൊണ്ടു തന്നെ അവർ ആ വീട്ടിൽ അനുഭവിക്കുന്ന കാര്യങ്ങൾ ഹാലുസിനേഷനാണോ എന്ന് സംശയിക്കാമെന്നും മുൻപൊരു അഭിമുഖത്തിൽ രാഹുൽ പറയുന്നുണ്ട്.
ഡീയസ് ഈറേയുടെ ഓരോ അപ്ഡേറ്റസിനുമൊപ്പം പ്രേക്ഷകർ ഭൂതകാലവുമായി താരതമ്യപ്പെടുത്തുന്നത് സ്വാഭാവികമായും പ്രതീക്ഷ ഉയർത്തുന്നുണ്ട്.
"ക്രൂരമായ കാഹളത്തിന്റെ നാളം ഓരോ ശവകുടിരത്തിനെയും കീറിമുറിച്ച് ഏവരെയും സിംഹസനത്തിന്റെ മുൻപിൽ മുട്ട് കുത്തിക്കും. അന്ന് ആകാശവും ഭൂമിയും ചാരമായി കിടക്കും.കണ്ണുനീരും ഭയവും കൊണ്ട് ആ ദിവസം മരിച്ചവരെല്ലാം ഉണർത്തപ്പെടും." എന്ന വരികൾ പേടിപ്പെടുത്തുന്ന സ്ലോ പോയ്സൺ മൂഡിലുള്ള ബിജിഎമ്മിന്റെ സഹായത്തോടെ നാളെ തീയറ്ററിൽ മുഴങ്ങും.
പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ നാളെ റിലീസിന് എത്തുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ സദാശിവൻ തന്നെയാണ്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയ്‌ലർ സൂചന നൽകുന്നത്. റിലീസ് അനൗൺസ്മെന്റ് ട്രെയിലറും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസറും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ.










0 comments