ജോണിന്റെ അമ്മ അറിയാൻ നാല് പതിറ്റാണ്ടിന് ശേഷം കാൻ ഫെസ്റ്റിവലിലേക്ക്

കോഴിക്കോട്: നാല് പതിറ്റാണ്ട് പിന്നിട്ട ജോൺ എബ്രഹാം ചിത്രം 'അമ്മ അറിയാൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ 4K പതിപ്പിൽ വേൾഡ് പ്രീമിയറിന് ഒരുങ്ങുന്നു. 1986 ൽ പുറത്തിറങ്ങിയ ജനകീയ ചിത്രമാണ്. 2026 ൽ കാനിൽ എത്തുന്നത്.
ഈ വർഷം കാനിലെ പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ഫീച്ചർ ഫിലിം കൂടിയാണ് ഒഡേസ മൂവീസ് നിര്‍മ്മിച്ച അമ്മ അറിയാൻ. ഈ വരുന്ന മെയ് 16ന് കാനിലെ ബുനുവല്‍ തീയറ്ററില്‍ വൈകീട്ട് 3:45നാണ് സ്‌ക്രീനിംഗ്. 2001-ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച പത്ത് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജോണ്‍ എബ്രഹാമിന്റെ ഈ കള്‍ട്ട് മലയാളം സിനിമ നിര്‍മ്മിച്ചത് ജനങ്ങളിൽ നിന്നും പണം ശേഖരിച്ചാണ്. നാല്പത് വര്‍ഷത്തിന് ശേഷം ചിത്രത്തിന് ലഭിക്കുന്ന മറ്റൊരു വലിയ ആഗോള അംഗീകാരമാവുകാണ് കാനിലെ സ്‌ക്രീനിംഗ്.
പതിവ് തിയേറ്റര്‍ റിലീസ് എന്നതില്‍ നിന്നു മാറി ഈ സിനിമ ഉണ്ടാകാന്‍ സഹായിച്ച ജനങ്ങളിലേക്ക് നേരിട്ടെത്തി പ്രദര്‍ശിപ്പിക്കുന്ന രീതിയായിരുന്നു സ്വീകരിച്ചത്. ജനങ്ങൾ തന്നെ നിര്‍മ്മിച്ച് ജനങ്ങൾ തന്നെ പ്രദര്‍ശിപ്പിച്ച ചലച്ചിത്രം. 1987-ല്‍ 49-ാം വയസ്സിലെ അപ്രതീക്ഷിത വിയോഗത്തിന് മുന്‍പ് ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത നാല് സിനിമകളില്‍ അവസാനത്തേതായിരുന്നു അമ്മ അറിയാൻ.
ഡോക്യുമെന്ററിയും ഫിക്ഷനും ചേര്‍ന്ന നോണ്‍-ലിനിയര്‍ ആഖ്യാനത്തിലൂടെ, ഒരു മകന്‍ അമ്മയ്ക്ക് എഴുതുന്ന കത്തിലൂടെയാണ് കഥ വികസിക്കുന്നത്. കൂട്ടുകാരന്റെ മരണം അമ്മയെ അറിയിക്കാൻ പോകുന്ന യുവാവിലൂടെയും ഈ യാത്രക്കിടെ കണ്ടെത്തുന്നവരിലൂടെയും ഈ ചിത്രം വ്യക്തിപരവും രാഷ്ട്രീയവുമായ അനുഭവമായി മാറുന്നു. ഒരു കാലഘത്തിന്റെ രാഷ്ട്രീയ ജീവിതവും അത് നേരിട്ട പീഢകളും ചരിത്ര രേഖയാക്കുന്നു.
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ (FHF) നേതൃത്വത്തിൽ ഇമേജിൻ റിട്രോവാട്ട (L’Immagine Ritrovata), ഡിജിറ്റൽ ഫിലിം റീസ്റ്റോർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ ഒഡേസ കളക്ടീവുമായി ചേർന്നാണ് ചിത്രത്തിൻ്റെ 4K പുനരുദ്ധാരണം പൂർത്തിയാക്കിയത്. ലാഭേച്ഛയില്ലാതെ ഇന്ത്യന്‍ സിനിമകളെ റീസ്റ്റോര്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍. നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിരുന്ന ആകെ അവശേഷിക്കുന്ന രണ്ട് 35mm പ്രിന്റുകളിൽ നിന്നാണ് ഇത് സാധ്യമാക്കിയത്.
'തമ്പ്' (അരവിന്ദന്‍ ), 'ഇശാനു' (അരിബം ശ്യാം ശര്‍മ്മ), 'മന്ഥന്‍' (ശ്യാം ബെനഗല്‍), 'അരണ്യര്‍ ദിന്‍ രാത്രി' (സത്യജിത് റേ), 'ഗെഹേനു ലമൈ' (സുമിത്ര പെരീസ്) എന്നീ ചിത്രങ്ങളാണ് 2022 മുതല്‍ 2025 വരെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കാനിലെ റെഡ് കാര്‍പെറ്റ് ലോക പ്രീമിയറുകളില്‍ എത്തിച്ച സിനിമകള്‍.










0 comments