ഗൊന്ധൽ: ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷ

ഗൊന്ധൽ സിനിമയിൽനിന്ന്
രാജേഷ് പുത്തൻപുരയിൽ
Published on Nov 22, 2026, 01:30 AM | 1 min read
ഓസ്കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുത്തിരിക്കുകയാണ് സന്തോഷ് ദിവാകർ രചനയും സംവിധാനവും ചെയ്ത ഗൊന്ധൽ. ഒരു നാടൻ കലാരൂപത്തിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലർ ചിത്രമാണിത്. ഗൊന്ധൽ എന്നത് മഹാരാഷ്ട്രയിലെ പാരമ്പര്യകലാരൂപവും ആചാരവുമാണ്. ദേവതാപ്രീതിക്കായി സംഗീതവും നൃത്തവും കഥപറച്ചിലുമൊക്കെ ഉൾപ്പെടുത്തി രാത്രിയിൽ നടത്തുന്ന ഈ ആചാരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. എന്നാൽ, ഗൊന്ധൽ ഒരു ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നു.
മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശത്ത് നവദമ്പതികൾക്കായി ഗൊന്ധൽ നടക്കുന്ന രാത്രിയിലാണ് കഥ വികസിക്കുന്നത്. സന്തുഷ്ടമല്ലാത്ത ദാമ്പത്യത്തിൽ കുടുങ്ങിപ്പോയ സുമൻ എന്ന യുവ വധു ഈ ചടങ്ങിനെ വിശ്വാസവഞ്ചനകളുടെയും പ്രതികാരത്തിന്റെയും രാത്രിയാക്കിമാറ്റുന്നു.
ആദ്യരാത്രിയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലർ.
ആദ്യകാഴ്ചയിൽ വളരെ സാധാരണക്കാരായ മനുഷ്യർക്കിടയിലെ കഥയായി തോന്നുമെങ്കിലും സിനിമയ്ക്കു ള്ളിലേക്ക് കടക്കുമ്പോൾ സങ്കീർണമായ മനുഷ്യബന്ധങ്ങളെയാണ് തുറന്നുകാട്ടുന്നത്. ഗൊന്ധൽ എന്നാൽ ആശയക്കുഴപ്പം എന്നാണ് അർഥം. ഗ്രാമത്തിൽ നടക്കുന്ന ഗൊന്ധൽ ചടങ്ങിലൂടെ സഞ്ചരിക്കുന്ന കാമറ ഒടുവിൽ ഒരു യുവതിയിലേക്ക് എത്തുന്നു. തുടർച്ചയായി 24 മിനിറ്റ് നീളുന്ന ഷോട്ട് വരാനിരിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലം പരിചയപ്പെടുത്തുന്നു. ഇഷ്ടമല്ലാത്ത വിവാഹത്തിൽനിന്ന് രക്ഷപ്പെടാൻ സുമൻ തന്റെ സ്വന്തം ബുദ്ധിയും സാഹചര്യവും ഉപയോഗപ്പെടുത്തുന്നു. ഇതിലൂടെ അവരെടുക്കുന്ന തീരുമാനങ്ങൾ കഥയെ കൂടുതൽ സങ്കീർണമാക്കുന്നു.
ഓരോ കഥാപാത്രവും സിനിമയുടെ പേരുപോലെതന്നെ വലിയ ആശയക്കുഴപ്പങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആരാണ് സത്യസന്ധൻ, ആരാണ് കള്ളം പറയുന്നത്, ആരാണ് ഇര, ആരാണ് വേട്ടക്കാരൻ, ആരാണ് മറ്റുള്ളവരെ നിയന്ത്രിക്കുന്നത് എന്നീ ചോദ്യങ്ങൾക്കൊക്കെയും ഉത്തരം നൽകാതെ സിനിമ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ സ്വയം ചിന്തിപ്പിക്കാൻ വിട്ടുകൊടുക്കുകയാണ്.
ഉദ്ദേശം 33 പ്രമുഖ സിനിമകളാണ് ഇന്ത്യയുടെ ഓസ്കാർ എൻട്രിക്കായി മത്സരിച്ചത്. ഇതിൽ മലയാളസിനിമയായ ബാലൻ ഉൾപ്പെട്ടിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച മലയാളചിത്രമായ ബാലനെയും തമിഴിലെ ദോറോത്തിയെയും നാഗചിത്രമായ അംഗ്‌നെയും മറികടന്നാണ് ഗൊന്ധൽ ഔദ്യോഗിക എൻട്രിയായത്.









0 comments