നീലിയെ നാച്ചിയപ്പ ആദ്യം കണ്ട് സംസാരിച്ചത് കഫേയിലാണ്; റൂമിലെ പാർട്ടിക്കിടയിലല്ല; എഡിറ്റിങ് ഇങ്ങനെയാണ്

തിരുവനന്തപുരം: ലോക കണ്ടവരാരും നീലിയെയും കൊടൂര വില്ലൻ നാച്ചിയപ്പയെയും തമ്മിൽ കാണുന്ന സീൻ മറക്കില്ല. എന്നാൽ നീലിയെ ആദ്യമായി പൊലീസുകാരനായ നാച്ചിയപ്പ കാണുന്നത് റൂമിലെ പാർട്ടിക്കിടയിൽ അല്ലെന്നുള്ള വിവരം പങ്കുവെക്കുകയാണ് എഡിറ്റർ ചമൻ ചാക്കോ.
'ശരത് സഭയുടെ കഥാപാത്രം ഇടികിട്ടിയ ശേഷം നാച്ചിയപ്പയെ കല്യാണിയെ ചൂണ്ടിക്കാണിക്കുന്നത് കഫെയുടെ ഉള്ളിലേക്കാണ്. എന്നാൽ ശരിക്കും
കഫെയുടെ ഉള്ളിൽ ഇവർ തമ്മിൽ സംസാരിക്കുന്ന സീനുമുണ്ടായിരുന്നു. ഞാൻ നോക്കുമ്പോൾ അത് ഇല്ലെങ്കിലും കഥ മുൻപോട്ട് പൊക്കോളും. പിന്നീട് പാർട്ടിയിൽ വെച്ചാണ് നാച്ചിയപ്പ നീലിയെ കാണുന്നത്. ആ സീൻ ഉള്ള സ്ഥിതിക്ക് അത് ഇല്ലെങ്കിലും കുഴപ്പമില്ല. അതുകൊണ്ട് ആ സീൻ ഞാൻ വെട്ടി കളഞ്ഞു, എഡിറ്റിൽ നടക്കുന്നത് ഇങ്ങനെയാണ്'- ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ചമൻ ചാക്കോ പറഞ്ഞു.
മോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റായ ചിത്രം ഒടിടി റിലീസിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് എഡിറ്ററുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമ 31 ന് പ്രേക്ഷകരിലെത്തും. ഇൻഡസ്ട്രി ഹിറ്റ്, കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ബുക്ക് മൈ ഷോയിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ പലവിധ റെക്കോഡുകൾ തിരുത്തിയ ശേഷമാണ് ഒടിടി പ്രവേശനം.
അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസാണ്. ഇതുവരെയുള്ള യക്ഷിക്കഥകളിലും സൂപ്പർഹീറോ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ചിത്രം കാഴ്ചക്കാർക്ക് മുന്നിലേക്ക് ഒരു പുതിയ സാധ്യത തന്നെ തുറന്നിടുകയാണ്. നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
സിനിമ ആസ്വാദകരും നിരൂപകരും ഇതിനോടകം തന്നെ ചിത്രത്തെ ഏറ്റടുത്ത് കഴിഞ്ഞു. വ്യത്യസ്തമായ ആശയവും അവതരണവും കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സിനിമയുടെ ഒരു പുതിയ ലോകം തുറന്നിരിക്കുകയാണ് ലോക.









0 comments