കാഴ്ചയെ കൊല്ലുന്ന വിധം

പഥേർ പാഞ്ചാലിയിൽ നിന്ന്
നല്ല സിനിമകൾ ജനങ്ങളിലെത്തിക്കാനായി ചലച്ചിത്ര അക്കാദമി നടത്തിയിരുന്ന ടൂറിങ് ടാക്കീസ് അവസാനിപ്പിക്കാനും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐഎഫ്എഫ്കെയുടെ ഭാഗമായ ഓപ്പൺ ഫോറത്തിന്റെ സംഘാടനത്തിൽനിന്ന് ഫിലിം സൊസൈറ്റി ഫെഡറേഷനെ അകറ്റിനിർത്താനുമുള്ള അക്കാദമിയുടെ തീരുമാനം സാംസ്കാരികകേരളം ചർച്ച ചെയ്യുകയാണല്ലോ. ഫെഡറേഷനെ ഒഴിവാക്കാനുള്ള പല ശ്രമങ്ങളും ഇതിനുമുമ്പും നടത്തിയിരുന്നെങ്കിലും ഫിലിം സൊസൈറ്റികൾ ചെറുത്തുനിൽക്കുകയായിരുന്നു. സ്കൂളുകളിലും ഗ്രന്ഥശാലകളിലും കോളേജുകളിലും ഫിലിം സൊസൈറ്റികളിലും കുടുംബശ്രീ യൂണിറ്റുകളിലും മറ്റ് വിദൂരഗ്രാമങ്ങളിൽപ്പോലും നല്ല സിനിമകൾ എത്തിച്ച ടൂറിങ് ടാക്കീസ് പരിപാടിയാണ് നിർത്തുന്നത്. മുന്പ് ഒരിക്കൽ ചലച്ചിത്രമേളയിൽ ഓപ്പൺ ഫോറം നിർത്തലാക്കിയപ്പോൾ ഫെഡറേഷൻ സമാന്തരമായി കൈരളി തിയറ്ററിനു പുറത്ത് സംഘടിപ്പിച്ച് പ്രതിഷേധിച്ചു.
ടൂറിങ് ടാക്കീസ് നിർത്തലാക്കാനും ഫിലിം സൊസൈറ്റി ഫെഡറേഷനെ ഒഴിവാക്കാനുമുള്ള അക്കാദമി കൗൺസിൽ തീരുമാനം സാംസ്കാരികരംഗത്ത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വിപുലവും മാനവികവുമായ ദൃശ്യസാംസ്കാര നിർമിതിയിലൂടെ ഫാസിസ്റ്റ് ആശയങ്ങളെ ചെറുക്കുന്നതിൽ സിനിമകൾക്ക് വലിയ പങ്കുണ്ടാകേണ്ട കാലത്താണ് നിരവധി വർഷങ്ങളുടെ പ്രവർത്തനപാരന്പര്യമുള്ള ഫെഡറേഷനെ മാറ്റിനിർത്തുന്നത്. ഐഎഫ്എഫ്കെ നടത്താൻമാത്രമുള്ള ഒരു സ്ഥാപനമല്ല ചലച്ചിത്ര അക്കാദമി. വളരെ വലിയ സങ്കൽപ്പത്തോടെ രൂപീകരിച്ച സ്ഥാപനമാണിത്. കേരളത്തിലെ അക്കാദമിക പഠനവിഷയങ്ങളിൽ ചലച്ചിത്രം ഒരു വിഷയമായി സ്വീകരിച്ചത് ഫിലിം സൊസൈറ്റികളുടെ ആശയപരമായ സാന്നിധ്യംകൊണ്ടാണ്.
ഫിലിം സൊസൈറ്റികൾ
സിനിമ ഗൗരവമുള്ള കലാരൂപമായി വികസിക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള അന്വേഷണങ്ങളിൽനിന്നും സൗന്ദര്യശാസ്ത്രചിന്തകളിൽനിന്നുമാണ് ഫിലിം സൊസൈറ്റികൾ എന്ന ആശയം ജന്മമെടുത്തത്. പാരിസിൽ ജീവിച്ചിരുന്ന ഇറ്റലിക്കാരനായ ചലച്ചിത്ര സൈദ്ധാന്തികൻ റിക്കിയോട്ടോ കനുഡോയാണ് (Ricciotto Canudo) 1921-ൽ ആദ്യ ഫിലിം സൊസൈറ്റി രൂപീകരിച്ചത്. ബ്രിട്ടനിൽ 1925-ൽ ജനാധിപത്യ ഇടതുപക്ഷാഭിമുഖ്യമുള്ള എഴുത്തുകാരുടെയും കലാകാരരുടെയും ബുദ്ധിജീവികളുടെയും നേതൃത്വത്തിൽ ഒരു ഫിലിം ക്ലബ് രൂപീകരിച്ചു.
ക്രമേണ യൂറോപ്പിലും ബ്രിട്ടനിലുമൊക്കെ ധാരാളം ഫിലിം സൊസൈറ്റികൾ വന്നു. സിനിമ വെറും കച്ചവടച്ചരക്കല്ലെന്നും മാനവികതയുടെ ചരിത്രത്തെ പ്രകാശമാനമാക്കുന്ന കലാരൂപമാണെന്നും അത് മനുഷ്യരുടെ ചരിത്രത്തിലും സംസ്കാരത്തിലും പ്രധാന ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന സാംസ്കാരിക രൂപമാണെന്നുമുള്ള നിലപാടുകൾ ഉയർത്തിപ്പിടിച്ച് അത് നല്ല സിനിമയ്ക്കൊപ്പം യാത്ര ചെയ്തു. ഈ പ്രസ്ഥാനത്തിൽനിന്ന് ചലച്ചിത്രകാരന്മാരും തിരക്കഥാകൃത്തുക്കളും നിരൂപകരും ഗവേഷകരും ബുദ്ധിജീവികളും ഉയർന്നുവന്നു.
ഇന്ത്യയിൽ 1937-ൽ ബോംബെയിൽ ഒരു ഫിലിം സൊസൈറ്റി ഉണ്ടായി. 1947 ഒക്ടോബർ ഒന്നിന് കൽക്കത്ത കേന്ദ്രമാക്കി കൽക്കത്ത ഫിലിം സൊസൈറ്റി രൂപംകൊണ്ടു. സത്യജിത് റായ്, ചിദാനന്ദ ദാസ് ഗുപ്ത തുടങ്ങിയവരായിരുന്നു നേതൃനിര. മഹത്തായ ലോകസിനിമയുടെ പ്രദർശനവും ചർച്ചകളും പഠനങ്ങളുമായിരുന്നു ലക്ഷ്യം. 1952-ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് പ്രേക്ഷകർ അതുവരെ കാണാത്ത ലോകസിനിമകൾ കണ്ടുതുടങ്ങിയത്. നെഹ്റുവിന്റെ സാംസ്കാരികനയത്തിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി എന്നിവയൊക്കെ രൂപീകരിച്ചു. ഇതുപോലെ ഒരു ചലച്ചിത്ര അക്കാദമി രൂപീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, പ്രാവർത്തികമായില്ല. ഇന്ദിരയുടെ കാലത്ത് ശിവരാമ കാരന്ത് കമ്മിറ്റിയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ചലച്ചിത്ര അക്കാദമി എന്ന ആശയം വീണ്ടും ഉന്നയിച്ചിരുന്നു. പക്ഷേ, അതും നടപ്പാക്കിയില്ല.
ബോംബെയിൽ നടന്ന ആദ്യത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ സ്വാധീനത്തിലും ആവേശത്തിലുമാണ് ഇന്ത്യയിൽ നവതരംഗസിനിമ ആരംഭിക്കുന്നത്. 1955-ൽ സത്യജിത് റായിയുടെ ‘പഥേർ പാഞ്ചാലി’ ഇന്ത്യയിലും വിദേശത്തും വൻ സ്വീകാര്യത നേടി.
ഈ പശ്ചാത്തലത്തിലാണ് ഫിലിം സൊസൈറ്റികളുടെ ഒരു ഫെഡറേഷൻ എന്ന ആശയം ഉയർന്നുവന്നത്. 1959 ഡിസംബറിൽ ആറ് സൊസൈറ്റികളുടെ ഫെഡറേഷനായി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (FFSI) കൽക്കത്തയിൽ രജിസ്റ്റർ ചെയ്തു. ആദ്യ പ്രസിഡന്റായി സത്യജിത് റായിയെ തെരഞ്ഞെടുത്തു. നിരവധി പ്രശസ്തർ ഫിലിം സൊസൈറ്റി ഫെഡറേഷന്റെ ഭാരവാഹികളായി. വടക്കൻ മേഖലയുടെ വൈസ് പ്രസിഡന്റായി ഇന്ദിരാഗാന്ധിയും ഐ കെ ഗുജ്റാളും പ്രവർത്തിച്ചിട്ടുണ്ട്.
ഫിലിം സൊസൈറ്റി കേരളത്തിൽ
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ആറുപതിറ്റാണ്ട് പ്രായം കഴിഞ്ഞു. 1965 ജൂലൈ 21-ന് തിരുവനന്തപുരത്ത് ചിത്രലേഖ ഫിലിം സൊസൈറ്റി ആരംഭിച്ചതോടെയാണ് നല്ല സിനിമയുടെയും ലോകസിനിമയുടെയും വാതിലുകൾ തുറന്നത്. അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ കുളത്തൂർ ഭാസ്കരൻ നായർ, കെ പി കുമാരൻ, ശ്രീവരാഹം ബാലകൃഷ്ണൻ തുടങ്ങിയവരുടെയൊക്കെ പങ്കാളിത്തത്തോടെ സൊസൈറ്റിയുടെ പ്രവർത്തനം പുരോഗമിച്ചു. ഫിലിം സൊസൈറ്റി പ്രസ്ഥാനം കാഴ്ചയുടെ പുതിയ സൗന്ദര്യശാസ്ത്രനിർമിതികളെയും ഘടനാരീതികളെയും പരിചയപ്പെടുത്തി. സിനിമ യഥാർഥത്തിൽ കാഴ്ചയുടെയും കേൾവിയുടെയും പുതിയ കലാരൂപമായി മാറിത്തീർന്നതെങ്ങനെയെന്ന് മലയാളികൾ അറിഞ്ഞത് അപ്പോഴാണ്.
കേരളത്തിന്റെ സവിശേഷമായ സാംസ്കാരിക -രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിനുള്ള സാഹചര്യങ്ങൾ കുറഞ്ഞുവന്നപ്പോൾ കേരളത്തിന് സ്വതന്ത്രമായ ഒരു മേഖല രൂപീകരിക്കേണ്ടതുണ്ടെന്ന് ഫിലിം സൊസൈറ്റി പ്രവർത്തകർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്തവർക്കുമാത്രമായിരുന്നു എംബസികളിൽനിന്ന് ലഭ്യമാകുന്ന ചലച്ചിത്രങ്ങളുടെ പാക്കേജുകൾ സർക്കുലേറ്റ് ചെയ്തിരുന്നത്. സിനിമയുടെ ലഭ്യത വലിയ പ്രശ്നമായിരുന്നു. ഫിലിം ആർക്കൈവ്സിലെ സിനിമകളെ ആശ്രയിച്ചാണ് പലരും നിലനിന്നത്. കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങൾക്കും സമ്മർദങ്ങൾക്കും വഴങ്ങി 1986-ൽ ഇന്ത്യയിൽ ആദ്യമായി കേരളത്തിനുവേണ്ടി ഫെഡറേഷന്റെ ഒരു സ്റ്റേറ്റ് ലെവൽ ഓഫീസ് രൂപീകരിച്ചു. ആ ഘട്ടത്തിലൊന്നും എഫ്എഫ്എസ്ഐക്ക് ഓഫീസ് പോലും ഉണ്ടായിരുന്നില്ല.
തൊണ്ണൂറുകളിലെ ചരിത്രം
1990-ൽ കേരളത്തിലെ മറ്റ് സൊസൈറ്റികളുടെ പിന്തുണയോടെ കേരളത്തിലെ കൗൺസിൽ ജനാധിപത്യപരമായി, വിപുലീകരിച്ച പ്രാതിനിധ്യസ്വഭാവത്തോടെ രൂപീകരിച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബീമിന്റെ സെക്രട്ടറി ഡി ചന്ദ്രസേനൻ സെക്രട്ടറിയായും സംഘചിത്രയുടെ പ്രതിനിധിയായ ചന്ദ്രശേഖരൻ പിള്ള ട്രഷററായും ചുമതലയേറ്റു. ഈ ലേഖകനെ വിക്രം സാരാഭായി സ്പേസ് സെന്ററിലെ സ്പാർക്ക് ഫിലിം സൊസൈറ്റിയിൽനിന്ന് കേരളത്തെ പ്രതിനിധാനംചെയ്യുന്ന റീജണൽ കൗൺസിൽ അംഗമായി സതേൺ റീജണൽ കൗൺസിലിലേക്കും തെരഞ്ഞെടുത്തു. സതേൺ റീജണൽ കൗൺസിലിന്റെ കീഴിൽത്തന്നെയായിരുന്നു എഫ്എഫ്എസ്ഐ.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയോടെ എല്ലാ നല്ല സിനിമകളുടെയും ഡിവിഡികൾ സൊസൈറ്റികൾക്ക് ലഭ്യമാകാനുള്ള സാഹചര്യങ്ങളുണ്ടായി. എൽസിഡി പ്രൊജക്ടറുകളും വ്യാപകമായി. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ നിവേദനങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് ടി കെ രാമകൃഷ്ണൻ സാംസ്കാരികമന്ത്രിയായിരുന്ന സമയത്ത് ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതും അതിന്റെ നേതൃത്വത്തിൽ ഇന്നത്തെ രീതിയിലുള്ള വിപുലമായ ഐഎഫ്എഫ്കെ ആരംഭിക്കുന്നതും. ഇക്കാര്യങ്ങളിലൊക്കെ കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ സംഭാവന വളരെ വലുതാണ്. നൂറിലധികം ഫിലിം സൊസൈറ്റികൾ വീണ്ടും സജീവമായി. മന്ത്രി ടി കെ രാമകൃഷ്ണൻ, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായിരുന്ന പി ഗോവിന്ദപ്പിള്ള തുടങ്ങിയവരുമായൊക്കെ നടന്ന ചർച്ച അനുകൂലതീരുമാനങ്ങൾ സ്വീകരിച്ചു. കേരളത്തിന്റെ പ്രത്യേക റീജണൽ പദവിക്കുവേണ്ടിയുള്ള പോരാട്ടം തുടർന്നു. ആവശ്യം 2022ൽ അംഗീകരിച്ചു.
നിരന്തരമായ പ്രവർത്തനങ്ങളുടെ കൂട്ടായ്മയിൽ കൂടുതൽ സൊസൈറ്റികൾ രൂപംകൊണ്ടു. ഫിലിം സൊസൈറ്റികളുമായി ബന്ധമുണ്ടായിരുന്ന നിരവധിപേർ സംവിധായകരായും സാങ്കേതികവിദഗ്ധരായും നിരൂപകരായും ഉയർന്നുവന്നു. പ്രാദേശിക ചലച്ചിത്രമേളകൾ വന്നു. കേരള ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 2005-ൽ ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കുമുള്ള ‘സൈൻസ്’ മത്സരമേള ആരംഭിച്ചു. തിരുവനന്തപുരത്ത് ആരംഭിച്ച ഈ മേളയിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ചലച്ചിത്രകാരന്മാർ പങ്കെടുത്തു. ആശയങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയായി ഇത് മാറി.
ഫിലിം സൊസൈറ്റി ഫെഡറേഷനും
അക്കാദമിയും
ഇന്ത്യയിൽ ആദ്യമായി ഒരു ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നത് കേരളത്തിലാണ്. 1998-ൽ നായനാർ സർക്കാരിന്റെ കാലത്ത് സാംസ്കാരികമന്ത്രിയായിരുന്ന ടി കെ രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് കേരള ചലച്ചിത്ര അക്കാദമി രൂപീകരിച്ചത്. വി എസ് സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കും സാംസ്കാരികമന്ത്രിയായിരുന്ന എം എ ബേബിയും വലിയ പിന്തുണ നൽകി. 50 ലക്ഷം രൂപ ഫെഡറേഷന് ഗ്രാന്റ് നൽകാൻ ബജറ്റിൽ വകകൊള്ളിച്ചു. ചെറുതും വലുതുമായ നിരവധി മേളകളും ക്യാമ്പുകളും സംഘടിപ്പിച്ചു. പുതിയ സൊസൈറ്റികൾ രൂപംകൊണ്ടു. കേരളത്തിന്റെ മേളയായ ഐഎഫ്എഫ്കെ ആരംഭിക്കുന്നതിലും ഫെഡറേഷന്റെ നിർണായക പങ്കുണ്ടായിരുന്നു.
ടൂറിങ് ടാക്കീസ്
മാനവികതയുടെ പക്ഷത്ത് നിൽക്കുന്ന ലോകസിനിമ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്റെയും ചലച്ചിത്രവിദ്യാഭ്യാസത്തിന്റെയും ഭാഗമായി ആരംഭിച്ചതായിരുന്നു അക്കാദമിയുടെ ടൂറിങ് ടാക്കീസ്. അത് അവസാനിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ പ്രൊജക്ടറുകളും സ്ക്രീനും സിനിമകളുമായി ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലുമൊക്കെ ജീവനക്കാരും ചലച്ചിത്രപ്രവർത്തകരും എത്തി സിനിമ കാണിക്കുകയും കാണികളുമായി സംവദിക്കുകയും ചെയ്തു. ഷാജി എൻ കരുൺ ചെയർമാനായിരുന്ന ആദ്യസന്ദർഭംമുതൽ അടൂർ ഗോപാലകൃഷ്ണനും തുടർന്നുവന്ന മറ്റ് ചെയർമാൻമാരും ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോയി. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ നേതൃത്വത്തിൽ ലോക ക്ലാസിക്കുകൾ മലയാളത്തിലേക്ക് സബ്ടൈറ്റിൽ ചെയ്ത് പ്രദർശനങ്ങളെ കൂടുതൽ ജനകീയമാക്കി. ഇത് സൃഷ്ടിച്ച സാംസ്കാരിക ഉണർവ് അത് ശ്രദ്ധിക്കുന്നവർക്കേ തിരിച്ചറിയാനാകൂ.
ഇപ്പോൾ അക്കാദമി ചിലരുടെ താൽപ്പര്യസംരക്ഷണാർഥമാണ് ഓപ്പൺ ഫോറത്തിന്റെ നടത്തിപ്പിൽ കൈകടത്തുന്നത്. എഫ്എഫ്എസ്ഐയിൽ കുത്തിത്തിരിപ്പുണ്ടാക്കി പരാജയപ്പെട്ട മൂന്നുനാല് സൊസൈറ്റികൾ അനധികൃതമായി രൂപീകരിച്ച ഒരു സംഘടനയുടെ പ്രതിനിധിയെ അക്കാദമിയുടെ കൗൺസിൽ അംഗമാക്കുകയും എഫ്എഫ്എസ്ഐ പ്രതിനിധിയെ ഉൾക്കൊള്ളിക്കാതിരിക്കുകയും ചെയ്തതിന്റെ തുടർച്ചയാണിത്. നൂറിലധികം ഫിലിം സൊസൈറ്റികളിൽ മൂന്നുപേരുടെമാത്രം പിന്തുണയുള്ള ഈ സംഘടനയുടെ സമ്മർദത്തിന് വഴങ്ങി ഓപ്പൺ ഫോറം തുടങ്ങിയ പല കാര്യങ്ങളിലും നാളിതുവരെയുള്ള കീഴ്വഴക്കവും പ്രവർത്തനരീതിയും നിരാകരിക്കുമ്പോൾ സംഭവിക്കുന്നത് അക്കാദമിയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും അധികം സഹകരിപ്പിക്കേണ്ട ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ തകർക്കാനുള്ള ഗൂഢശ്രമങ്ങളെ സഹായിക്കലാകും.
അടൂർ ഗോപാലകൃഷ്ണൻ അക്കാദമി ചെയർമാനായിരുന്ന ഘട്ടത്തിൽ ഫെസ്റ്റിവലിൽ ഡെലിഗേറ്റ് പാസ് നൽകുന്നതിനുള്ള ചുമതല ഫെഡറേഷനെയാണ് ഏൽപ്പിച്ചിരുന്നത്. ഫെഡറേഷന്റെ ഭാരവാഹികളും പ്രവർത്തകരുമൊക്കെ ദിവസങ്ങളോളം ഒരു പ്രതിഫലവുമില്ലാതെയാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ മേളവരെ ഇത് തുടർന്നു. ഐഎഫ്എഫ്ഐ (International Film Festival of India) 1988ൽ തിരുവനന്തപുരത്ത് വന്നപ്പോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചതായിരുന്നു ഓപ്പൺ ഫോറം. അതിനുശേഷം ഫെസ്റ്റിവലിലെ ഏറ്റവും സംവാദാത്മകമായ ജനാധിപത്യ ഇടമായി അത് വികസിച്ചു.
കേരളത്തിൽ പലയിടങ്ങളിലും നടക്കുന്ന ചലച്ചിത്രപഠനക്യാമ്പുകളുടെ സംഘാടനത്തിലും വിഷയനിർണയത്തിലും ഫാക്കൽറ്റികളെ കണ്ടെത്തുന്നതിലുമൊക്കെ നിർണായക പങ്കാളിത്തം ഫിലിം സൊസൈറ്റി ഫെഡറേഷനാണ് വഹിച്ചിരുന്നത്. കേരളത്തിലെ നിരൂപകരെല്ലാംതന്നെ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ്.ഫെഡറേഷന്റെ മുഖമാസികയായ ‘ദൃശ്യതാളം’ സിനിമയെക്കുറിച്ചുള്ള പഠനങ്ങളും സംവാദങ്ങളും ഉൾക്കൊള്ളിച്ച് മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നുണ്ട്. നല്ല സിനിമ എന്ന ആശയത്തെ എക്കാലവും ഉയർത്തിപ്പിടിക്കുകയും ചലച്ചിത്രകലയുടെ സൗന്ദര്യശാസ്ത്രവികാസങ്ങളുടെ വ്യത്യസ്ത ധാരകളെ അടുത്തറിയാൻ മലയാളിസമൂഹത്തെ സഹായിക്കുകയും ചെയ്തുകൊണ്ട് ചെറിയ ന്യൂനപക്ഷമാണെങ്കിലും ഫിലിം സൊസൈറ്റി പ്രസ്ഥാനം ഉണർന്നിരിക്കുന്നുണ്ട്.









0 comments