ചിരിയും പ്രണയവും നിറച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സമ്പൂർണ ഫീൽ ഗുഡ്


പാർവതി ഗിരികുമാർ
Published on Aug 24, 2026, 04:14 PM | 2 min read
തിരുവനന്തപുരം: കെട്ടുപ്രായം കഴിഞ്ഞ് 'പുരയും പറമ്പും നിറഞ്ഞ്' നിൽക്കുന്ന ജസ്റ്റിന്റെയും കോളേജ് വിദ്യാർത്ഥിനിയായ ആഷ്‌ലിയുടെയും പ്രണയത്തിലൂടെയും ഒരു ഇടവകയിലെ കുടുംബങ്ങളുടെ ഒത്തൊരുമയും വരച്ചിട്ട 'ബെത്‌ലഹേം കുടുംബ യുണിറ്റ്' ബോക്സ് ഓഫീസ് തൂത്തുവാരുകയാണ്. ഗിരീഷ് എ ഡിയുടെ ഫീൽ ഗുഡ് ചിത്രങ്ങളിലെ ഏറ്റവും മികച്ചത്. തീയറ്ററിൽ നിന്നിറങ്ങിയാലും മനസ് കറുകുട്ടിയിലും അങ്കമാലിയിലും ബെത്‌ലഹേം കുടുംബ യുണിറ്റിലും ചുറ്റിത്തിരിയുന്ന മാസ്റ്റർപീസ്.
അഭിനേതാക്കളെല്ലാം ഒന്നിനൊന്ന് മെച്ചം. നാട്ടിലും വീട്ടിലും നടക്കുന്ന സാധാരണ സംഭവങ്ങളിലേക്ക് സ്വാഭാവികമായി തന്നെ നമ്മെ വിളിച്ച് കൊണ്ടുപോകുന്ന പ്രകടനമാണ് ഓരോരുത്തരിലും നിന്നും. ആവേശത്തിലെ ശാന്തകുമാരനിൽ നിന്ന് ബികെയുവിലെ ഗ്ലിക്‌സണിലേക്കെത്തിയ റോഷനാണ് എടുത്തുപറയേണ്ട കഥാപാത്രം. റോഷന് ഹാസ്യം അഭിനയമല്ലെന്നും മെയ്‌വഴക്കമാണെന്നും ഗ്ലിക്സൺ നമുക്ക് കാട്ടിത്തന്നു. വില്ലൻ വേഷങ്ങളിൽ നിന്ന് സുരേഷ് കൃഷ്ണയെത്തിയത് ബൈജു ചേട്ടൻ എന്ന ക്ലാസിക്കിലേക്കാണെന്നു തന്നെ പറയാം.
കാലം കഴിയുംതോറും തേച്ചുമിനുക്കുന്ന മമിതക്ക് കാണികളെ ആഷ്‌ലിയോടൊപ്പം നടത്തിക്കാൻ യാതൊരു പ്രയാസവുമുണ്ടായില്ല. ബിന്ദു പണിക്കർ, ശ്യാം മോഹൻ, ശ്രിന്ദ, സംഗീത് പ്രതാപ് എന്നിങ്ങനെ ഗിരീഷ് എഡിയുടെ സ്ഥിരക്കാരും അവരുടെ പകർന്നാട്ടവും ചിത്രത്തിലുടനീളവും ചിത്രം കഴിഞ്ഞാലും നമ്മോടൊപ്പം തന്നെയുണ്ടാകും. സർവം മായയിലൂടെ തിരിച്ചുവരവ് നടത്തി എന്നവകാശപ്പെടുന്ന നിവിൻ പോളിയുടെ യഥാർത്ഥ 'പ്രൈം' ബികെയു ആണെന്ന് തന്നെ പറയാം.
നിവിൻ പോളിയുടെ പ്രേമം കേരളത്തിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം എന്ന് നിവിൻ തന്നെ 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള'യിൽ പറയുന്നുണ്ട്. കൊച്ചുകുട്ടികളെപോലും പ്രേമിപ്പിക്കുന്ന 'തട്ടത്തിൻ മറയത്ത്' മാജിക് 14 വർഷങ്ങൾക്കിപ്പുറം കാണികളെ വീണ്ടും നിവിനിലേക്കടുപ്പിച്ചു. പ്രണയഗാനം കേൾക്കുമ്പോൾ നിവിനെ ഓർക്കാൻ വീണ്ടും മലയാളിക്ക് ബികെയുവിലൂടെ ജസ്റ്റിൻ അവസരം നൽകുകയായിരുന്നു.
വമ്പിച്ച ട്വിസ്റ്റുകളോ ത്രിൽ ഫാക്ടറുകളോ ഇല്ലാതെ തന്നെ ഓർത്തിരിക്കാനും ഒരിക്കൽ കൂടി കാണാനും കഴിയുന്ന ഒരു നല്ല ചിത്രമാണ് ഇത്തവണ ഗിരീഷ് എഡിയുടെ സംഭാവന. തിരക്കേറിയ ജീവിതത്തിനും ഇടയിൽ ഒരു 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എങ്കിലും ഉണ്ടാവണം എന്നോർമിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. റിലീസ് ആവാതെപോയ 'അന്ന' എന്ന ജോഷി ചിത്രത്തിലെ 'യവനകഥയിൽ' എന്ന ഗാനവും ഒരു ചെറുപുഞ്ചിരിയും ചുണ്ടിലില്ലാതെ തീയറ്ററിൽ നിന്നിറങ്ങാൻ കാണികളെ അനുവദിക്കാത്ത ഒരു ഗിരീഷ് എഡി സമ്പൂർണ ഫീൽ ഗുഡ്.










0 comments