മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം ചൂടുന്ന ആദ്യ മലയാളിയായി മാവേലിക്കരക്കാരി കസിയ

കൊച്ചി: കേരളത്തിന്റെ അഭിമാനമായി കസിയ ലിസ് മെജോ. 19കാരിയായ മലയാളി നിയമവിദ്യാർഥിയും മോഡലുമായ കസിയ ലിസ് മെജോ മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം സ്വന്തമാക്കി. ജയ്പൂരിൽ ഞായറാഴ്ച നടന്ന ദേശീയ സൗന്ദര്യമത്സരത്തിന്റെ ഫൈനലിൽ 52 മത്സരാർഥികളെ പിന്തള്ളിയാണ് കസിയ ഇന്ത്യയുടെ ദേശീയ കിരീടം സ്വന്തമാക്കിയത്. ഇതോടെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും കസിയ സ്വന്തമാക്കി.
നവംബറിൽ പ്യൂർട്ടോറിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ കസിയ ഇന്ത്യയെ പ്രതിനിധീകരിക്കും.
തമിഴ്നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഒന്നാം റണ്ണറപ്പായപ്പോൾ ഗുജറാത്തിന്റെ അനുഷ്രി സതാവ്ലേക്കർ രണ്ടാം റണ്ണറപ്പായി. അനുഷ്രിക്കാണ് മിസ് ഇന്റർനാഷണൽ ഇന്ത്യ 2026 കിരീടവും ലഭിച്ചത്.
കസിയയുടെ ആദ്യ സൗന്ദര്യമത്സര നേട്ടമല്ല ഇത്. 17-ാം വയസിൽ മിസ് ടീൻ ദിവ 2024 കിരീടം നേടിയ കസിയ, തുടർന്ന് മിസ് ടീൻ ഇന്റർനാഷണൽ 2025 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം റണ്ണറപ്പായി. ഈ വർഷം മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കിയിരുന്നു.
മാവേലിക്കര സ്വദേശിയായ കസിയയുടെ ബാല്യകാലം അബുദാബിയിലായിരുന്നു. എമിറേറ്റ്സ് നാഷണൽ സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. നിലവിൽ ബംഗളൂരുവിൽ നിയമപഠനം തുടരുന്ന കസിയ, മോഡലിങ്ങിലും സജീവമാണ്.
സൗന്ദര്യമത്സരങ്ങൾക്കപ്പുറം കലാരംഗത്തും കസിയ സജീവമാണ്. 12 വർഷത്തോളം ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുണ്ട്. പാട്ടുപാടാനും ഡ്രംസ്, വയലിൻ എന്നിവ വായിക്കാനും കഴിയും. പ്രസംഗത്തിലും അഭിനയത്തിലും പരിശീലനം നേടിയിട്ടുണ്ട്.
മലയാള സിനിമയിലും കസിയ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെ അരങ്ങേറ്റം.
മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെൻ അധ്യക്ഷയായ വിധികർത്തൃ പാനലാണ് ദേശീയ മത്സരത്തിലെ വിജയിയെ തിരഞ്ഞെടുത്തത്. മുൻ മിസ് യൂണിവേഴ്സ് ഇന്ത്യ ജേതാക്കളായ ഉർവശി റൗട്ടേലയും സെലിന ജെയ്റ്റ്ലിയും വിധികർത്താക്കളിലുണ്ടായിരുന്നു.
ദേശീയ കിരീടം സ്വന്തമാക്കിയതോടെ കസിയയുടെ അടുത്ത ലക്ഷ്യം ലോകവേദിയാണ്. നവംബറിൽ പ്യൂർട്ടോറിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയ്ക്കായി കസിയ മത്സരിക്കും.










0 comments