പ്രളയാനന്തര കേരളത്തിൽ സിനിമാ നിയമങ്ങൾ പൊളിച്ചെഴുതപ്പെടും: പി.കെ.ബിജുവിന്റെ 'ഓത്ത്' ചലചിത്രോൽസവത്തിന്

തിരുവനന്തപുരം> കേരളത്തിന്റെ 23‐മത് അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന് (IFFK2018) തിരുവനന്തപുരത്ത് തിരിതെളിയുമ്പോൾ അതിലേക്ക് ‘ഓത്തും’ എത്തുന്നു .സമാനതകളില്ലാത്ത പ്രളയത്തെ തുടർന്ന്, പുതിയ കേരളത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ ഇവിടെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്.പുതിയ കേരളത്തിൽ പുതിയ സിനിമകൾ പുതിയതരം നാടകങ്ങൾ, വിവിധ തരം വ്യത്യസ്ത കലാരൂപങ്ങൾ.. ഇവയെല്ലാം നമുക്ക് ആവിഷ്‌കരിക്കാൻ കഴിയണം. നിലവിലുള്ള നിയമങ്ങളും സങ്കല്പങ്ങളും അട്ടിമറിച്ചുകൊണ്ടുള്ള ഒരു സിനിമയായി 'ഓത്ത്' ഇവിടെ മാറി നിൽക്കുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല! അതുകൊണ്ട്, പ്രളയാനന്തര കേരളത്തിലെ നവസിനിമ. ഈ കൂട്ടത്തിലേക്ക് ഓത്ത് എന്ന സിനിമയെയും അതിന്റെ സൃഷ്ടാക്കളായ പി.കെ.ബിജുവിനെയും കൂട്ടുകാരെയും കണ്ണി ചേർക്കാനാണ് ഇഷ്‌ടപ്പെടുന്നയെന്ന് വി മനോജ് പറയുന്നു.
കേരളത്തിന്റേതായി 22 അന്താരാഷ്‌ട്ര ചലച്ചിത്രോത്സവങ്ങൾ നടന്നിട്ടും, അതിലൊന്നിൽ പോലും 'ഡെലിഗേറ്റ്' പോലും ആകാൻ കഴിയാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഈ ചലച്ചിത്രോത്സവത്തിന് എത്തുന്നുണ്ട്. IFFK2018_ന്റെ സംഘടകകരുടെ അതിഥികളായാണ് അവർ ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്നത്.
ഏറെ കാലമായി സിനിമയേയും നാടകത്തേയും നെഞ്ചേറ്റി നടക്കുന്ന കൊടുങ്ങല്ലൂർഎറിയാട് സ്വദേശികളായ പി.കെ.ബിജുവും കൂട്ടുകാരും തങ്ങളുടെ 'ഓത്ത്' എന്ന സിനിമയുമായാണ് IFFKയിലേക്ക് കടന്നു വരുന്നത്.
IFFK_യിലെ മലയാള സിനിമാ വിഭാഗത്തിൽ 12 ചലച്ചിത്രങ്ങളാണ് ഈ വർഷം പ്രദർശനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
സൗബിന്റെ _ പറവ, ജയരാജിന്റെ _ ഭയാനകം,ആഷിക്ക് അബുവിന്റെ _ മായനദി,ബി.അജിത്കുമാറിന്റെ _ ഈട പിന്നെയും ചിലതുകുടിയൊക്കെയുണ്ട്. ഇവക്കൊപ്പം അല്ല; ഈ സിനിമകൾക്കെല്ലാം മേലെയാണ് 'ഓത്ത്' IFFK2018_ൽ റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
ആദ്യമായി തന്റെ സിനിമ ഒരു അന്തർഷ്ട്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുക. അങ്ങിനെ തെരഞ്ഞെടുക്കപ്പെട്ടവയിൽ ഒന്നാമതാവുക. ഒരു സിനിമാക്കാരൻ അഹങ്കാരിയാവാൻ ഇതിനപ്പുറം എന്ത് വേണം.പക്ഷെ, പി.കെ.ബിജുവിന് അഹങ്കരം പോയിട്ട് ഇനിയും അന്ധാളിപ്പ് മാറിയിട്ടില്ല!
തന്റെ ചെറിയ വീട്ടിന്റെ മുറ്റത്തെ 'കർപെന്ററി' വർഷോപ്പിലിരുന്ന് (അത് ചെറിയൊരു ഓലപ്പുരയാണ് കേട്ടോ) വൈകിട്ട് പണി ആയുധങ്ങളായ ഉളിയും, കൊട്ടുവടിയും, ചിന്തേരും അടുക്കി വെക്കുമ്പോൾ രാത്രിയിൽ തന്റെ ഗ്രാമത്തിലെ നടകക്യാമ്പിലേക്ക് കപ്പയും കട്ടൻ കാപ്പിയും ഉണ്ടാക്കാൻ അമ്മയോട് വിളിച്ചു പറയുന്ന ബിജുവിന് IFFK _യുടെ അതിഥിയായി പോവുകയെന്നത് സ്വപ്നത്തിൽ പോലും ഉള്ള ചിന്ത ആയിരുന്നില്ല.
രണ്ട് ദശബ്ദ കാലമായി നടകം തന്നെ ആയിരുന്നു ബിജുവിന്റെ തട്ടകം. നാട്ടിലെമ്പാടും നടകത്തിനായി ഓടി നടക്കുന്ന ചെറുപ്പക്കാരൻ. നാടകം എഴുതുക, സംവിധാനം ചെയ്യുക, അത് സംഘടിപ്പിക്കുക, കളിക്കുക ഇതെല്ലാം പി.കെ.ബിജു എന്ന ചെറുപ്പക്കാരന്റെ ജീവിതചര്യയാണ്. സോളോ നാടകങ്ങൾ ബിജുവിന്റെ ഇഷ്ടപ്പെട്ട മേഖലയാണ്.
നാട്ടിലെ പുരോഗമന_ജനാധിപത്യ പ്രസ്ഥാനങ്ങളുടെ സമരങ്ങളിലും കാമ്പയിനുകളിലും പി.കെ.ബിജു നിറസാന്നിധ്യമാണ്. സി.പി.ഐ.(എം)ന്റെ എറിയാട് ലോക്കൽ കമ്മറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം യുണിറ്റ് സെക്രട്ടറി എന്നീ ചുമതലകൾ പി.കെ.ബിജു ഇപ്പോൾ നിർവ്വഹിക്കുന്നുണ്ട്.
ഇതിനിടയിൽ, രണ്ടോ‐മൂന്നോ ചെറു സിനിമകൾ (short films) സ്‌ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തു. നാടക പ്രവർത്തനങ്ങൾക്കും ഈ ചെറു സിനിമകൾക്കും ഉള്ള മൂലധനം തന്റെ തൊഴിലായ മരപ്പണിയിൽ നിന്നും കിട്ടുന്ന 'കൂലി' തന്നെ.
അങ്ങനെ ഇരിക്കുമ്പോൾ, താൻ ഒടുവിൽ നടത്തിയ നാടക പ്രവർത്തനം സാമ്പത്തികമായി എട്ടു നിലയിൽ പൊട്ടി! ബിജുവിനെ മാത്രം ഏതാണ്ട് അര ലക്ഷം രൂപ അത് കടക്കാരനാക്കി.
അപ്പോഴാണ്, ഇത്രയും വലിയൊരു തുക തന്റെ കലാ പ്രവർത്തനത്തിനായി കളയാമെങ്കിൽ അതിന്റെ രണ്ടോ മൂന്നോ ഇരട്ടി പൊടിച്ചുകൊണ്ട് തന്റെ വലിയ സ്വപ്നം 'ഓത്ത്' എന്തുകൊണ്ട് ഒരു സിനിമയായി ചെയ്തുകൂടാ?! ഈ ചിന്ത ബിജുവിനെ പിടികൂടിയത്.
ബിജു തന്റെ ഏറ്റവും അടുത്ത ചങ്ങാതിമാരോട് മാത്രം തന്റെ പ്രോജക്റ്റിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നു. 10 ദിവസത്തെ ഷെഡ്യുൽ തീരുമാനിക്കുന്നു. കാര്യമായി ആർക്കും പ്രതിഫലം നൽകില്ല; അല്ല നൽകാൻ ഇല്ല! ക്യാമറയുടെ വാടക, താമസം, ഭക്ഷണം, യാത്ര ഇവയെല്ലാമാണ് പ്രധാന ചെലവുകൾ. ഏതാണ്ട് 3 ലക്ഷം രൂപയുടെ ബഡ്ജറ്റ്.
തൃശൂർ ജില്ലയുടെ കിഴക്കൻ പ്രദേശത്ത് കണ്ടെത്തിയ ലൊക്കേഷൻ. ഷുട്ടിനായി കണ്ടെത്തിയ വീട്ടിൽ തന്നെ ഭക്ഷണവും താമസവും. 5 ദിവസംകൊണ്ട് തീർന്നു; സിനിമയല്ല _ കൈയ്യിലെ പണം മുഴുവൻ തീർന്നു. പിന്നെ നെട്ടോട്ടമായി. പലരോടും കൈനീട്ടി! ചിലർ കടം നൽകി!! കൂട്ടത്തിലെ പലരുടെയും വീട്ടിലെ സ്വർണ്ണത്തിന്റെ തരികളും പൊട്ടുകളും പലയിടത്തും പണയപ്പാടുകളായി!!!
എഡിറ്റിങ്ങ്, ശബ്ദമിശ്രണം എല്ലാം സമ്പത്തിക പ്രയാസത്തിൽ മുങ്ങി താണു. പ്രളയ കാലത്ത് എങ്ങിനെയോ ഒക്കെ നാം അതിജീവിച്ചതുപോലെ ഒടുവിൽ 'ഓത്ത്'_ഒരു വിധം തീർന്നു.
അപ്പോഴാണ് IFFK_യെ കുറിച്ച് അറിഞ്ഞത്. ചലച്ചിത്ര അക്കാദമിയിലുള്ള ചങ്ങാതിമാരുടെ നിർബന്ധം; എൻട്രി അയക്കാൻ തീരുമാനിക്കുകയായിരുന്നു.











0 comments