രണ്ടാംവരവില്‍ സന്തോഷം

രണ്ടാംവരവിലാണ് കരിയറിലെ ഏറ്റവും മികച്ച വേഷങ്ങൾ ചെയ്യാനായതെന്ന് നടി ജ്യോതിക. തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയെ വിവാഹം കഴിച്ച് സിനിമയിൽ ഇടവേളയെടുത്ത ജ്യോതികയ‌്ക്ക് തിരിച്ചുവരവിൽ ലഭിച്ചത് മികച്ച വേഷങ്ങൾ. മഞ്ജുവാര്യരുടെ മടങ്ങിവരവ് ചിത്രം ഹൗ ഓൾഡ് ആർയുവിന്റെ റീമേക്കിലൂടെയായിരുന്നു ജ്യോതികയുടെയും രണ്ടാമൂഴം.
പെൺസ്വാതന്ത്ര്യത്തിന്റെ കഥപറഞ്ഞ മഗളിയർ മട്രും (2017) ആയിരുന്നു രണ്ടാംചിത്രം. എന്നാൽ, കരിയറിലെ ഏറ്റവും മികച്ച വർഷമാണ് 2018 എന്ന് നടി പറയുന്നു. തമിഴിലെ സൂപ്പർ സംവിധായകൻ ബാലയുടെ നാച്ചിയറിൽ ജ്യോതിക തീപ്പൊരി പൊലീസ് ഓഫീസറെയാണ് അവതരിപ്പിച്ചത്. മണിരത്നം ചിത്രത്തിൽ അവസരം ലഭിച്ചതും ഈ വർഷം. ചെക്ക ചെവന്ത വാനം ഈ മാസം 27ന് തിയറ്ററുകളിലെത്തും. സംവിധായിക രാധ മോഹനൊപ്പം ഒന്നിക്കുന്ന കാട്രിൻ മൊഴി ഒക്ടോബറിൽ റിലീസ് ചെയ്യും.
ഹിന്ദിയിൽ സൂപ്പർഹിറ്റായ വിദ്യ ബാലൻ ചിത്രം തുമാരി സുലുവിന്റെ റീമേക്കാണ് കാട്രിൻ മൊഴി. റേഡിയോ ജോക്കിയാകുന്നതോടെ ജീവിതം മാറിമറിയുന്ന വീട്ടമ്മയുടെ കഥയാണ് സിനിമ പറയുന്നത്. എല്ലാവരിലും എത്തേണ്ട സന്ദേശമാണ് സിനിമയിലുള്ളതെന്നും അതിനാലാണ് വീണ്ടുമൊരു റീമേക് ചിത്രത്തിന് തയ്യാറെടുത്തതെന്നും ജ്യോതിക പറഞ്ഞു. അരവിന്ദ് സ്വാമി, സിമ്പു, വിജയ് സേതുപതി തുടങ്ങി വൻ താരനിരയുള്ള മണിരത്നം ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. അരവിന്ദ് സ്വാമിയുടെ ഭാര്യയുടെ വേഷമാണ് ജ്യോതികയ്ക്ക്. ബാല, മണി ചിത്രങ്ങൾ കൂടാതെ രണ്ട് പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾക്കുകൂടി ജ്യോതിക ഈ വർഷം കരാറിലൊപ്പിട്ടിട്ടുണ്ട്.
കരിയറിലെ ഒന്നാംഭാഗത്തിൽ ഡും ഡും ഡും, ഖുശി, പൂവെല്ലാം ഉൻ വാസം തുടങ്ങിയ നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ ജ്യോതിക അവതിപ്പിച്ചിട്ടുണ്ട്. എന്നാൽ, അന്ന് അവതരിപ്പിച്ചതിനേക്കാൾ ശക്തമായ പെൺകഥാപാത്രങ്ങളെ ഇപ്പോൾ തനിക്ക് അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നുണ്ടെന്ന് ജ്യോതിക ചൂണ്ടിക്കാട്ടുന്നു. താരകേന്ദ്രീകൃത സിനിമാലോകത്ത് പുരുഷതാരങ്ങൾക്കൊപ്പം ശക്തമായ കഥാപാത്രങ്ങളെ ഇപ്പോൾ അവതരിപ്പിക്കാൻ തെന്നിന്ത്യയിൽ നയൻതാരയ‌്ക്ക് കഴിയുന്നുണ്ടെന്നും ജ്യോതിക പറഞ്ഞു.
സ്വന്തമായി ചലച്ചിത്രവിപണി കണ്ടെത്താൻ നയൻതാരയ‌്ക്ക് കഴിഞ്ഞത് വലിയ കാര്യമാണ്. സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾക്ക് എല്ലായ‌്പോഴും വിപണിയിലെ മികച്ച പ്രതിഭകളെ ഒപ്പം കൂട്ടാനാകും. എന്നാൽ, നായികാപ്രാധാന്യമുള്ള സിനിമകളാകുമ്പോൾ നല്ല സംഗീത സംവിധായകരെ ലഭിക്കാൻപോലും പ്രയാസമാണെന്നും ജ്യോതിക പറഞ്ഞു.








0 comments