പൊലീസിനെയും സര്‍ക്കാരിനെയും അഭിനന്ദിക്കാതിരിക്കാനാകില്ല; നല്ല സിനിമയുടേയും സിനിമക്കാരുടേയും കാലം പുലരട്ടെ: ജയരാജ് വാര്യര്‍

ഏതാനും ദിവസം മുമ്പ് പൂക്കോട് വെറ്ററിനറി കോളേജില്‍ ചെന്നപ്പോള്‍ കുട്ടികള്‍ ചോദിച്ചു, ഏത് സ്രാവാണ് കുടുങ്ങാന്‍ പോണേന്ന്. ആദ്യം മനസ്സിലായില്ല, പിന്നീട് തിരിഞ്ഞു. അതൊക്കെ വേദിയില്‍ പറയാം എന്ന് പറഞ്ഞു. പൊലീസ് സിനിമയിലെ ചില സ്രാവുകള്‍ക്കായി വല വീശുകയായിരുന്നല്ലോ. കുടുങ്ങുകയും ചെയ്തു. പിന്നാലെ പത്രങ്ങളില്‍ കഥകളുമായി. വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. മലയാള സിനിമയില്‍ത്തന്നെയാണോ ഇതൊക്കെ നടക്കുന്നത്?
പെട്ടെന്ന് സ്രാവുകളുടെ കാര്യമാണ് ആലോചനയില്‍ വന്നത്. പാവങ്ങള്‍, അവര്‍ ഉടന്‍തന്നെ കടലില്‍ യോഗം ചേര്‍ന്ന് എന്നെ വിളിക്കാന്‍ സാധ്യതയുണ്ട്, വംശീയമായ ആക്ഷേപത്തിന്. '' ജയരാജേട്ടന്‍, ഞങ്ങളെ വിട്ടേക്ക്‌ട്ടോ. അവിടത്തെ സിനിമേലെ ചെല ഗഡികള് ഓരോന്ന് ഒപ്പിച്ചുവച്ച് അകത്തായതിന് ഞങ്ങള് എന്തുട്ടാ പെഴച്ചേ? പത്രങ്ങളില്‍ വന്നത് മുഴുവന്‍ വായിച്ചോ. സ്രാവുകളൊന്നും ഒന്നുമല്ലാന്ന് മനസ്സിലായില്ലേ. അതോണ്ട്, ഞങ്ങള് വല്ല ചാളേം, കൂരീം ഒക്കെ തിന്ന് ഇവിടെ കഴിഞ്ഞോളാം.
നിങ്ങടെ സിനിമക്കാരുമായിട്ട്, ദയവു ചെയ്ത് കൂട്ടിക്കുഴയ്ക്കരുത്..വമ്പന്‍ സ്രാവുപോലും..! ''
വാസ്തവത്തില്‍ നമ്മുടെ കുട്ടികളില്‍ പോലും ഇത്രമാത്രം ആകാംക്ഷ നിറച്ചുകൊണ്ട് മലയാള സിനിമയിലെ പിന്നാമ്പുറ കഥകള്‍ പുറത്തുവരുന്നത് നാണക്കേടുതന്നെയാണ്. മറ്റു ഭാഷാ സിനിമകളടക്കം ഏവരും നമ്മെ കാണുന്നത് എങ്ങനെയായിരിക്കും. ഒരു കാലത്ത് ദേശീയഅന്തര്‍ദേശീയ സിനിമകളില്‍ത്തന്നെ മികച്ചുനിന്ന വിഭാഗമാണ് മലയാളം സിനിമകള്‍. അതിനെ ഇത്തരമൊരു പ്രതിസന്ധിയിലേക്കെത്തിച്ചത് കാണുമ്പോള്‍ സങ്കടമുണ്ട്. ഏതായാലും ഈ സംഭവഗതികള്‍ മലയാള സിനിമയില്‍ മാറ്റം കുറിക്കുമെന്നാണ് വിശ്വാസം, ഒരു ശുദ്ധികലശംപോലെ.
യാത്രാമൊഴി തൊട്ടിങ്ങോട്ട് സിനിമയുടെ ഭാഗമാണ് ഞാനും. മഹാരഥന്മാരടക്കം സിനിമയിലെ വ്യത്യസ്തമേഖലകളിലുള്ളവരുമായി ബന്ധമുണ്ട്. സിനിമ തികച്ചും വ്യാപാര പ്രാധാനമായ മേഖലയാണ്. പക്ഷേ, ജീവിതഗന്ധിയായ കഥകള്‍, മികച്ച തിരക്കഥകള്‍, സുന്ദരമായ ഗാനങ്ങള്‍, സംഗീതം തുടങ്ങീ എല്ലാ മേഖലകളിലും ഉന്നതനിലവാരം പുലര്‍ത്തിയവരാണ് നമ്മുടെ പൂര്‍വസൂരികള്‍. അവരെല്ലാം ഈ മീഡിയത്തോട് സത്യസന്ധരും ആത്മാര്‍ഥതയുള്ളവരുമായിരുന്നു. അവിടെ നിന്നാണ് മലയാളസിനിമ മാറിയത്. കലാംശമുള്ള സിനിമകളുടെ എണ്ണം തുച്ഛമായി. വെറുതെ നമ്മളെ തൊട്ടുപോകുന്ന നിലവാരം കുറഞ്ഞ കോമഡികളുടെ കേന്ദ്രമായി.
ഏതാനും കോമാളികളുടെ പേക്കൂത്ത് എന്നാണ് ചിലര്‍ അതിനെ വിശേഷിപ്പിച്ചത്. അര്‍ഥവ്യത്യാസം വരുത്തി പറയുന്ന വാക്കുകളുടെ ഘോഷയാത്രയായി സംഭാഷണങ്ങള്‍. പലപ്പോഴും അവ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. അവിടെയാണ് അടൂര്‍ഭാസിയും ബഹദൂറും ശങ്കരാടിയും തുറന്നിട്ട മഹത്തായ ഹാസ്യപാരമ്പര്യത്തിന്റെ വില നാമറിയുക. മലയാളസിനിമയിലെ ആകെയുള്ള മാറ്റത്തിന്റെ ഫലമായുള്ള പുഴുക്കുത്തുകള്‍ അതിന്റെ സര്‍വമേഖലയേയും ബാധിച്ചിട്ടുണ്ട്. ഇതൊരു വലിയ സാംസ്‌കാരിക പ്രവര്‍ത്തനമാണെന്ന് എന്ന് മറന്നോ അന്നു തുടങ്ങി ഈ പ്രശ്‌നങ്ങള്‍.
സമൂഹത്തിനും കാലത്തിനും മുമ്പേ സഞ്ചരിക്കുന്നവരാണ് സിനിമയും അതിലെ കലാകാരന്മാരും എന്നാണ് പറയാറുള്ളത്. ജനങ്ങളോട് പലതും മുന്‍കൂട്ടി പറയാന്‍ അവര്‍ക്ക് കഴിയണം. അതുകൊണ്ട്, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമൂഹത്തിന് മാതൃകയാകണമെന്നൊന്നും പറയുന്നില്ലെങ്കിലും അവരുടെ ജീവിതത്തില്‍ അല്‍പ്പം സുതാര്യതയുണ്ടാവുന്നത് നല്ലകാര്യമാണ്.
ഇവിടത്തെ പ്രബുദ്ധരായ ജനങ്ങളുടെ വികാരത്തിന് വില കല്‍പ്പിക്കാത്ത സിനിമയ്‌ക്കോ സിനിമക്കാരനോ നിലനില്‍പ്പില്ല. ഇപ്പോള്‍ തിരുത്താന്‍ അവസരം വന്നിരിക്കുന്നു. നല്ല സിനിമയുടേയും നല്ല സിനിമക്കാരുടേയും കാലം പുലരട്ടെ. അപ്രകാരമൊരു തിരുത്തിയെഴുത്തിന് വഴിമരുന്നിട്ട പൊലീസിനേയും സംസ്ഥാന സര്‍ക്കാരിനേയും അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല; അദ്ദേഹം പറഞ്ഞു








0 comments