മാസ്റ്റര്‍ ഷോമാന് 100

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 08:21 AM | 0 min read

ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഷോമാനായിരുന്ന രാജ് കപൂറിന് ഡിസംബർ 14ന് നൂറാം ജന്മവാർഷികം.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ് കപൂറിന്റെ തിരജീവിതത്തിനും അഭേദ്യമായൊരു ബന്ധമുണ്ട്. 1947ലാണ് രാജ് ആദ്യമായി നായകവേഷമണിയുന്നത്. ഹിന്ദി സിനിമയിലെ എക്കാലത്തെയും സ്വപ്നസുന്ദരിയായ മധുബാലയ്ക്കൊപ്പം നായകനായി കിദാർ ശർമ്മ സംവിധാനം ചെയ്ത നീൽ കമലിലൂടെ. പത്താം വയസ്സിൽ ഇങ്ക്വിലാബ് എന്ന സിനിമയിൽ ബാലതാരമായി അരങ്ങേറി, ഒരു വ്യാഴവട്ടത്തെ ചെറുവേഷങ്ങൾക്കും പിന്നണിപ്രവർത്തനങ്ങൾക്കും ശേഷമായിരുന്നു അത്. പിന്നീട്, ഇന്ത്യയിലെ ഏക്കാലത്തെയും ഏറ്റവുമധികം സ്വാധീനശക്തിയുള്ള മാസ്റ്റർ ഷോമാനായ നടനും സംവിധായകനും നിർമാതാവുമെന്ന അചഞ്ചല സിംഹാസനത്തിലേക്കുള്ള താരോദയം.


ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ചലച്ചിത്രകുടുംബമാണ് കപൂർ ഖാന്ധാൻ അഥവാ കപൂർ കുടുംബം. പെഷാവറിൽനിന്ന് മുംബൈയിലെത്തി ചലച്ചിത്ര-നാടകപ്രവർത്തകനായി പേരെടുത്ത പൃഥ്വിരാജ് കപൂറിന്റെ രണ്ടാം തലമുറയിൽ രാജ്കപൂറും ഷമ്മി കപൂറുമാണ് തിരവിഗ്രഹങ്ങളായിത്തീർന്നത്. പൃഥ്വിയുടെയും രാംസരണിയുടെയും ആറു മക്കളിൽ മൂത്തതാണ് 1924 ഡിസംബർ 14 ന് ജനിച്ച സൃഷ്ടിനാഥ് കപൂർ എന്ന രാജ്കപൂർ. പൃഥ്വിരാജ് സിനിമയിൽ ഭാഗ്യംതേടി ബോംബെയിലേക്കു വന്നപ്പോൾ രാജ് അമ്മയോടൊപ്പം പെഷാവറിൽ കഴിഞ്ഞു. പിന്നീട് അമ്മയേയും കൂട്ടി അച്ഛനോടൊപ്പം പൃഥ്വിരാജ് ജോലി ചെയ്തിരുന്ന ടൂറിങ് നാടകകമ്പനി പോകുന്നിടത്തൊക്കെയായിട്ടായിരുന്നു രാജ്കപൂറിന്റെ പഠനം. അങ്ങനെ ഡെറാഡൂണിൽ കേണൽ ബ്രൗൺസ് സ്കൂൾ, കൊൽക്കത്തയിൽ ബംഗാളി മീഡിയം സ്കൂൾ, ബോംബെയിൽ ഒരു മറാത്തി സ്കൂൾ. പിന്നെ അന്റോണിയോ ഡിസൂസ സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം.

കുട്ടിക്കാലത്ത് ഗുണ്ടുമണിയായിരുന്നു സൃഷ്ടിനാഥ്. ശരീരപ്രകൃതിയുടെ പേരിൽ ധാരാളം പരിഹാസവും അപമാനവും നേരിടേണ്ടിയും വന്നു. അരങ്ങിലും കളിക്കളത്തിലുമൊന്നും ഈ തടി കാരണം ആരും അടുപ്പിച്ചില്ല. ഏറെനാൾ ആഗ്രഹിച്ചൊടുവിൽ ഒരു സ്കൂൾ നാടകത്തിൽ വന്നു പോകുന്നൊരു എക്സ്ട്രാ വേഷം കിട്ടിയപ്പോഴാകട്ടെ വസ്ത്രത്തിൽ ചവിട്ടി സ്റ്റേജിൽ വീണതോടെ ദുരന്തമായിത്തീർന്നു. അച്ഛനവതരിപ്പിച്ച മൃച്ഛകടികം നാടകത്തിൽ അഞ്ചുവയസ്സുള്ളപ്പോഴാണ് സൃഷ്ടി ആദ്യമായി അഭിനയിക്കുന്നത്.


കിദാർ ശർമയുടെ സംവിധാന സഹായിയായിട്ടായിരുന്നു സിനിമയ്ക്കു പിന്നിലെ രാജ് കപൂറിന്റെ അരങ്ങേറ്റം. ബോംബെ ടാക്കീസിനുവേണ്ടി അമിയ ചക്രവർത്തി സംവിധാനം ചെയ്ത ചിത്രത്തിലും സുശീൽ മജുംദാറിന്റെ ചിത്രത്തിലും സഹായിയായി. സംവിധാന സഹായിയായിരിക്കെ നിനച്ചിരിക്കാതെ പറ്റിയ വലിയൊരു പിഴയിലൂടെയാണ് നായകനായിട്ടുള്ള രാജിന്റെ രാശി തെളിയുന്നത്. കിദാർ ശർമയുടെ ചിത്രത്തിൽ ഒരു ഷോട്ടിന്‌ രാജ് ക്ലാപ്പടിക്കുമ്പോൾ മുന്നിൽ നിന്ന നടന്റെ വയ്‌പുതാടി ക്ലാപ്പ് ബോർഡിൽ കുടുങ്ങി ഇളകി. ഷോട്ട് കുളമായതിൽ അരിശപ്പെട്ട കിദാർ ശർമ്മ പരസ്യമായി രാജിന്റെ ചെകിട്ടത്തടിച്ചു. തന്റെ ചെയ്തിയിൽ മനം നൊന്ത അദ്ദേഹം പിറ്റേന്ന് രാജിനെ വിളിച്ച് തന്റെ പുതിയ ചിത്രമായ നീൽ കമലിൽ നായകവേഷം വാഗ്ദാനം ചെയ്യുകയായിരുന്നു. ആ വർഷം തന്നെ നാലു ചിത്രങ്ങളിൽ അദ്ദേഹം നായകനായി.

ചിറ്റോർ വിജയ്, ദിൽ കി റാണി, ജയിൽ യാത്ര എന്നിവയാണ് മറ്റു ചിത്രങ്ങൾ. മൂന്നു ചിത്രങ്ങളിൽ മധുബാല നായികയായി, ഒന്നിൽ കാമിനി കൗശലും. നായകനായതിന്റെ തൊട്ടടുത്ത വർഷം തന്നെ, 24-–-ാമത്തെ വയസ്സിൽ രാജ് സ്വപ്നനഗരിയിൽ സ്വന്തം ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു ആർ കെ ഫിലിംസ്. രണ്ടുവർഷം മുമ്പുവരെ ബോളിവുഡിന്റെ പര്യായമായിരുന്ന ഇതിഹാസ ബ്രാൻഡ്. 1949ലാണ് തന്റെ കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭം -ആഗ് പുറത്തിറങ്ങുന്നത്. നർഗീസ് ദത്തായിരുന്നു നായിക.അതേവർഷം തന്നെ ഇതേ ജോഡിക്കൊപ്പം ദിലീപ് കുമാറും അണിനിരന്ന അന്ദാസ് നടനെന്ന നിലയ്ക്കുള്ള രാജിന്റെ ആദ്യ സൂപ്പർ ഹിറ്റായി. നർഗീസിനൊപ്പമഭിനയിച്ച ബർസാത്ത് നിർമാതാവെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കുമുള്ള ആദ്യ മെഗാഹിറ്റിറങ്ങുന്നതും അതേവർഷം. അങ്ങനെ നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ രാജിന്റെ പേര് സിനിമാചരിത്രത്തിലിടം നേടി. തുടർന്നു പുറത്തുവന്ന സർഗം, ദസ്താന തുടങ്ങിയവയൊക്കെ വിജയമാവർത്തിച്ചു. നർഗീസുമൊത്തഭിനയിച്ച ആവാര (1951) ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഇതിഹാസ ചിത്രങ്ങളിലൊന്നായിത്തീർന്നു. ചാർളി ചാപ്ളിനെ അനുസ്മരിപ്പിക്കുംവിധം രാജു എന്ന ഒരു തെരുവുനായകന്റെ പ്രതിച്ഛായയിൽ മേം ആവാരാ ഹും എന്ന പാട്ടും പാടി നടക്കുന്ന രാജിന്റെ താരബിംബം ഇന്ത്യൻ നായകത്വത്തിന്റെ പര്യായമായി. ഈ സിനിമ സോവിയറ്റ് യൂണിയൻ, ചൈന, ടർക്കി, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെല്ലാം വൻ തരംഗം സൃഷ്ടിച്ചു. രാജ് കപൂർ അങ്ങനെ ഇന്ത്യയിൽനിന്നുള്ള ആദ്യ പാൻ ഏഷ്യൻ താരമായി മാറി. റഷ്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യൻ താരവും രാജായിരുന്നു.


നർഗീസുമൊത്ത് 1955ൽ പുറത്തു വന്ന ശ്രീ 420,  ആവാര തീർത്ത കലക്ഷൻ റെക്കോർഡുകളെ അതിശയിപ്പിച്ച വിജയം നേടി. അതിലെ മേരി ജൂത്ത ഹൈ ജപ്പാനി രാജിന്റെ ചാപ്ളിനിക്ക്‌ പ്രതിച്ഛായ ഊട്ടിയുറപ്പിച്ച ഹിന്ദിയിലെ ഇതിഹാസ ഗാനങ്ങളിലൊന്നായി ലോകശ്രദ്ധ നേടി. കെ എ അബ്ബാസിന്റെ രചനയിൽ രാജ് കപൂർ അഭിനയിച്ച സിനിമകളിൽ പലതും ഹിറ്റും മെഗാഹിറ്റുമായി.

1952ൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ രാജ്യാന്തര ചലച്ചിത്രമേള രാജ് കപൂറിന്റെ ചലച്ചിത്രസങ്കൽപ്പത്തെ മാറ്റിമറിച്ചു. അതിന്റെ പ്രതിഫലനം തുടർന്നുള്ള ചിത്രങ്ങളിൽ പ്രതിഫലിച്ചു. ബൂട്ട് പോളിഷ് (1954), ശ്രീ 420 (1953), ജാഗ് തേ രഹോ (1956) എന്നീ ചിത്രങ്ങൾ വിദേശമേളകളിലും ശ്രദ്ധിക്കപ്പെട്ടു. ആ സ്വാധീനത്തിലാണ് സത്യജിത് റായ്‌യെ സിനിമ ചെയ്യാൻ രാജ് കപൂർ ക്ഷണിക്കുന്നത്. എന്നാൽ മാതൃഭാഷയ്ക്കു പുറത്തൊരു സിനിമ  ചെയ്യാൻ റേ തയ്യാറായില്ല.
65 ചിത്രങ്ങളിൽ രാജ് കപൂർ അഭിനയിച്ചു. ആർ കെ സ്റ്റുഡിയോയിൽ താൻ നിർമിച്ച് സംവിധാനം ചെയ്ത ചിത്രങ്ങളെക്കാൾ നടനെന്ന നിലയ്ക്ക് അദ്ദേഹം തിളങ്ങിയത് മറ്റു സംവിധായകരുടെ നായകനായപ്പോഴാണ്. ശംഭു മിത്രയുടെ ജാഗ് തേ രഹോ, കെ എ അബ്ബാസിന്റെ അൻഹോ നേ, ബസു ഭട്ടാചാര്യയുടെ തീസ്‌രി കസം എന്നീ ചിത്രങ്ങളിൽ രാജിന്റെ പ്രകടനം അവിസ്മരണീയമായി.

മക്കൾക്കൊപ്പം മാത്രമല്ല അച്ഛനൊപ്പവും സഹോദരനോടൊപ്പവും തിരയിടം പങ്കിടാൻ ഭാഗ്യം സിദ്ധിച്ച അഭിനേതാവാണ് രാജ് കപൂർ. ബാലാജി പെന്ധാർക്കറുടെ വാല്‌മീകിയിൽ പൃഥിരാജ് വാല്‌മീകിയായി വന്നപ്പോൾ നാരദന്റെ വേഷം രാജ് കപൂർ ചെയ്തത്. കൽ ആജ് ഔർ കൽ (1971) എന്ന ചിത്രത്തിലൂടെ മൂത്തമകൻ രൺധീർ കപൂറിനെ സിനിമയിലേക്കു കൊണ്ടുവന്നു. ബോബി (1973)യിലൂടെ ഋഷി കപൂറിനെയും. ചാർ ദിൽ ചാർ രാഹേം (1959) എന്ന ചിത്രത്തിൽ ഹിന്ദിയിലെ സ്റ്റൈൽമന്നനായിരുന്ന ഇളയ സഹോദരൻ ഷമ്മി കപൂറുമൊത്തഭിനയിച്ചു. സർഗം, ജിസ് ദേശ് മേം ഗംഗ ബഹ്റി ഹേ, സംഗം തുടങ്ങിയ ചിത്രങ്ങൾക്കുശേഷം വലിയ പ്രതീക്ഷയോടെ രാജ് കപൂർ കളറിൽ സംവിധാനം ചെയ്ത മേരാ നാം ജോക്കർ (1970) മികച്ച സിനിമയെന്ന നിലയ്ക്ക് അഭിപ്രായം നേടിയെങ്കിലും വേണ്ടത്ര കമ്പോള വിജയം നേടിയില്ല.

നർഗീസായിരുന്നു ഏറ്റവും ശ്രദ്ധേയയായ രാജ് നായിക. അവർ ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമയിലെ ഇതിഹാസ താരജോഡിയായി. സംഗത്തിൽ ദക്ഷിണേന്ത്യയിൽനിന്നുള്ള വൈജയന്തിമാലാ ബാലിയേയും ജിസ് ദേശ് മേം ഗംഗ ബഹി ഹൈയിൽ മലയാളി നടി പദ്മിനിയെയും നായികയാക്കി. മേരാ നാം ജോക്കറിലും പദ്മിനിയായിരുന്നു നായിക. കശ്മീർ പശ്ചാത്തലത്തിൽ ഒന്നിലേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ആഗിൽ ബാലതാരമായിരുന്ന അനുജൻ ശശിയെ നായകനാക്കിയ സത്യം ശിവം സുന്ദര(1978)ത്തിൽ സീനത്ത് അമാനായിരുന്നു നായിക.

ഇളയ പുത്രൻ രാജീവ് കപൂറിനെയും പുതുമുഖം മന്ദാകിനിയെയും അവതരിപ്പിച്ച രാം തേരി ഗംഗാ മൈലി (1985)യാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാനചിത്രം. ഹെന്ന എന്ന പേരിൽ ഇന്ത്യ -പാക് സംയുക്ത സിനിമയുടെ പണിപ്പുരയിലായിരിക്കെയായിരുന്നു മരണം. ഹെന്ന പിന്നീട് മകൻ രൺധീർ കപൂർ പൂർത്തിയാക്കി.
ഹിറ്റ് ഗാനങ്ങൾ, അവയുടെ ആഡംബരപൂർണമായ ചിത്രീകരണം, നാടകീയത മുറ്റിയ കഥാവതരണം, ചെറുപ്പക്കാരുടെ മനസ്സിളക്കുംവിധം നായികമാരുടെ അവതരണം ഇതൊക്കെ രാജ് കപൂർ സിനിമകളുടെ സവിശേഷതകളായിരുന്നു. |

ഇന്ത്യൻ സിനിമയ്ക്കുള്ള സംഭാവനകളെ മാനിച്ച് 1971ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ശതകത്തിലെ ഷോമാനുള്ള സ്ക്രീൻ അവാർഡ് തുടങ്ങിയവ ലഭിച്ചു.1955ലും(ശ്രീ 420) 60ലും (ജിസ് ദേശ് മേം ഗംഗ ബഹി ഹൈ) മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിനായിരുന്നു.

രാജ് കപൂർ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ആജീവനാന്ത സംഭാവനയ്ക്കുള്ള ദാദാ സാഹേബ് അവാർഡ് സ്വീകരിക്കാനായിരുന്നു. അവശതമൂലം അദ്ദേഹത്തിന് സ്റ്റേജിലേക്കുകയറാനായില്ല. രാഷ്ട്രപതി സദസ്സിലേക്കിറങ്ങിവന്ന് അവാർഡ് സമ്മാനിക്കുകയായിരുന്നു. അവിടെനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയ രാജ് കപൂർ ജീവിതത്തിലേക്കു മടങ്ങിവന്നില്ല. എന്നാൽ മക്കളും മക്കളുടെ മക്കളായ കരിഷ്മയും കരീനയും രൺധീറുമൊക്കെയായി കപൂർ ഖാന്ധാന്റെ പകരം വയ്ക്കാനില്ലാത്ത ആധിപത്യം ഇന്നും ബോളിവുഡ് സിനിമയിൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home