ad
Deshabhimani

പാതിരാത്രിയിലെ പൊലീസ്

pathirathri
avatar
ഡോ. കീർത്തി പ്രഭ

Published on Oct 19, 2025, 12:01 AM | 3 min read

നൃത്തവേദികളിലെ ലാസ്യഭംഗിയിൽ തുടങ്ങി വെള്ളിത്തിരയിൽ സ്വന്തം ഇടം നേടിയെടുത്ത കലാകാരിയാണ് നവ്യ നായർ. ‘ഇഷ്ടം' എന്ന ആദ്യചിത്രത്തിലൂടെ പ്രേക്ഷകമനസ്സിൽ ചേക്കേറിയ ഈ നടി, കാലം മാറിയിട്ടും സിനിമയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശം ഒട്ടും കൈവിടാതെ സൂക്ഷിക്കുന്നു. ജീവിതത്തിലെ പുതിയ ദൗത്യങ്ങൾക്കായി ഒരുവേള സിനിമാലോകത്തുനിന്ന് മാറിനിന്നെങ്കിലും, തിരിച്ചുവരവിൽ കൂടുതൽ കരുത്തും ആഴവുമുള്ള കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയപാടവം അരക്കിട്ടുറപ്പിച്ചു. ഓരോ വേഷവും തെരഞ്ഞെടുക്കുമ്പോഴും തനിക്കായി അതിൽ പുതിയ വെല്ലുവിളികൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന നവ്യ, ഇപ്പോൾ ‘പുഴു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’യിലൂടെ നമുക്കു മുന്നിൽ എത്തുന്നു.


​രാത്രിയുടെ നിഗൂഢതകളും ഭീതിയും പശ്ചാത്തലമാക്കുന്ന ഈ കുറ്റാന്വേഷണചിത്രത്തിൽ, നവ്യ ആദ്യമായി ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോം അണിയുന്നു. സിനിമയെ വെറുമൊരു തൊഴിലായി കാണാതെ, ഹൃദയത്തോട് ചേർത്തുവച്ച അഭിനിവേശമായി കൊണ്ടുനടക്കുന്ന നവ്യ നായർ, സിനിമാജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മനസ്സ്‌ തുറക്കുന്നു.


​​പൊലീസ് വേഷം


ഒരു വനിതാ പൊലീസുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ ശരീരഭാഷയും പെരുമാറ്റരീതിയും തീർത്തും വ്യത്യസ്തമാണ്. സിനിമകളിലല്ലാതെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുമായി വ്യക്തിപരമായി എനിക്ക് വലിയ പരിചയമില്ല. അതിനാൽ ഞാൻ എറണാകുളത്തെ ടൗൺ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷാഹിന മാഡത്തെ കണ്ടു. പൊലീസ് അധികാരികളിൽനിന്ന് അനുമതി വാങ്ങി അവരോടൊപ്പം യാത്ര ചെയ്‌തു. പൊലീസ് സ്റ്റേഷനിൽ അവരുമായി സമയം ചെലവഴിച്ചു.


റത്തീന


ഒരു സംവിധായിക എന്നനിലയിൽ റത്തീനയെ ഞാൻ വേറിട്ടൊരു രീതിയിൽ കണ്ടിട്ടില്ല. സാധാരണഗതിയിലുള്ള ഒരു സിനിമാനുഭവംതന്നെയാണ് എനിക്കുണ്ടായത്. എങ്കിലും ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് പെരുമാറുമ്പോൾ ലഭിക്കുന്ന സ്വാഭാവികമായ സ്വാതന്ത്ര്യം തീർച്ചയായും ഇവിടെയുണ്ടായിരുന്നു. നമ്മുടെ ബുദ്ധിമുട്ടുകളും അഭിപ്രായങ്ങളും തുറന്ന്‌ സംസാരിക്കാനുള്ള ഇടം കൂടുതൽ ലഭിച്ചു. കഥയിലും ചിത്രീകരണത്തിലും ഒരു സ്ത്രീയുടെ വൈകാരികതലങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ഉൾക്കൊള്ളാനും മറ്റൊരു സ്ത്രീക്ക് സാധിക്കുന്നുണ്ട് എന്ന ഒരനുഭവമുണ്ടായി. പണ്ടുകാലത്ത് നോവലുകളിലൂടെ ഈയൊരു തലം സാധ്യമായിരുന്നു. എന്നാൽ, സിനിമയിൽ അത് അത്രത്തോളം സാധിച്ചിരുന്നില്ല എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ‘പാതിരാത്രി’യിൽ മൂന്നു പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങളുണ്ട്. ഇതിൽ ഏതെങ്കിലും ഒരു സ്ത്രീയുടെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകാത്ത ഒരു സ്ത്രീയും ഉണ്ടാകില്ല എന്നതാണ് ഈ സിനിമയുടെ പ്രസക്തി.


വെല്ലുവിളി


പതിനഞ്ചാംവയസ്സിലാണ് ഞാൻ സിനിമയിലേക്ക് വന്നത്. 24–ാംവയസ്സിൽ വിവാഹിതയായി. ആ കാലഘട്ടത്തിൽ, ഒരു നായിക വിവാഹം കഴിഞ്ഞശേഷം സിനിമയിൽനിന്ന് അകന്നുനിൽക്കുമെന്ന് കരുതുന്ന പൊതുവായ ധാരണ സമൂഹത്തിലുണ്ടായിരുന്നു. ‘വിവാഹിതയായ നായിക’ എന്നതൊരു വേറിട്ട വിഭാഗമായിത്തന്നെ ആളുകൾ കാണുമായിരുന്നു. കല്യാണം കഴിഞ്ഞിട്ടും അഭിനയിക്കുന്നത് പലരും ‘തിരിച്ചുവരവ്’ എന്ന രീതിയിൽ കാണുകയും ‘ഇപ്പോൾ എന്താണ് മാറ്റം വന്നത്’ എന്നൊരു കണക്കുകൂട്ടലോടെ ഉറ്റുനോക്കുകയും ചെയ്യും. ​ഇപ്പോഴത്തെപ്പോലെ വിവാഹം ഒരു വലിയ സംഭവമായി എടുക്കാതെ, അതിനുശേഷം ഒരു ദീർഘമായ ഇടവേള ഉണ്ടാകാതെതന്നെ കരിയർ തുടരുന്ന സമീപനം അന്ന് അത്ര സാധാരണമായിരുന്നില്ല.


എന്നാൽ, നായകനടന്മാരെക്കുറിച്ച് ആരും അങ്ങനെ ചിന്തിക്കാറില്ല. അവർക്ക് എത്ര കുട്ടികളുണ്ടായാലും വിവാഹിതരായാലും പ്രായം കടന്നാലും പ്രേക്ഷകർ അവരെ ‘വയസ്സായവർ’ എന്ന വിഭാഗത്തിൽ കാണാറില്ല. സ്ത്രീകളുടെ കാര്യത്തിൽ അതിന് എതിർരീതിയിലാണ് സമീപനം. ഒരു മോഡേൺവേഷം ധരിച്ചാൽപ്പോലും അതിനെപ്പറ്റി അഭിപ്രായങ്ങൾ പറയും. ഒരു നടിയായി എനിക്ക് തോന്നിയിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതാണ്.‌


എനിക്കെന്തെങ്കിലും പ്രത്യേകമായി ചെയ്യാനുള്ളതുണ്ടെങ്കിൽ ആ കഥാപാത്രത്തെ സ്വീകരിക്കുക എന്നതായിരുന്നു തുടക്കംമുതലേ എന്റെ രീതി. ഇന്നും ഒരു തൊഴിൽ എന്നതിലുപരി ഒരു അഭിനിവേശം എന്നനിലയ്ക്കാണ് ഞാൻ സിനിമ ചെയ്യുന്നത്. എന്റെ സ്വന്തം കാഴ്ചപ്പാടുകളുടെ പരിധിക്കപ്പുറത്തുനിന്ന് ചെയ്ത കഥാപാത്രം, എന്റെ ആദ്യത്തെ സിനിമയിലേതാണ്. അന്നത്തെ കാലത്ത് നാട്ടിൻപുറത്ത് വളർന്നുവന്ന ഒരാളെന്ന നിലയ്ക്ക് എന്റെ കാഴ്ചപ്പാടുകൾക്ക് ചേർന്ന ഭാവങ്ങളോ വേഷവിധാനങ്ങളോ ആയിരുന്നില്ല ‘ഇഷ്ടം’ എന്ന എന്റെ ആദ്യ സിനിമയിലെ കഥാപാത്രത്തിന്റേത്. അത് അവതരിപ്പിക്കുക എന്നത് അന്ന് വലിയ പ്രയാസമായിരുന്നു. ഇപ്പോൾ ‘പാതിരാത്രി’യിലെ പൊലീസ് വേഷവും വലിയൊരു വെല്ലുവിളിയായി എനിക്ക് അനുഭവപ്പെട്ടു.


സമൂഹമാധ്യമങ്ങൾ


മറ്റെല്ലാറ്റിനുമെന്നപോലെ സമൂഹമാധ്യമങ്ങൾക്കും നല്ല വശങ്ങളും ദോഷവശങ്ങളും ഉണ്ട്. നമുക്ക് ഏതെങ്കിലും ഒരു കാര്യം ജനങ്ങളിലേക്ക് എത്തിക്കാനുണ്ടെങ്കിൽ അത് വളരെ വേഗത്തിൽ സാധിക്കും എന്നതാണ് സമൂഹമാധ്യമങ്ങളുടെ ഗുണം. എല്ലാ വ്യക്തികൾക്കും അവരവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു ഇടംകൂടിയാണ് സമൂഹമാധ്യമങ്ങൾ. സിനിമകളുടെ പ്രചാരണകാര്യത്തിലും അങ്ങനെതന്നെയാണ്.

​ഒരു മോശം വാർത്തയാണെങ്കിലും അത് പെട്ടെന്ന് പ്രചരിക്കുമെന്നുള്ളത് ഒരു ദോഷവശമാണ്. ഒരു കാര്യം ശരിയാണോ തെറ്റാണോ എന്ന് വിശകലനം ചെയ്യുന്നതിനുമുന്പേതന്നെ ആകാംക്ഷ നിമിത്തം ആളുകൾ അതിനെ മറ്റൊരു രീതിയിൽ കണക്കിലെടുക്കുകയും അതിന് വലിയ പ്രചാരം ലഭിക്കുകയും ചെയ്യും. ജനങ്ങളുടെ ചിന്തകളെ വഴിതിരിച്ചുവിടാൻ സാധിക്കുന്ന തരത്തിലുള്ള റീലുകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിൽ ചിലർ വളരെ സമർഥരാണ്. ആളുകളെ തെറ്റായ രീതിയിൽ ആകർഷിക്കുന്ന അടിക്കുറിപ്പുകളോടെ പല വാർത്തകളും കാഴ്ചക്കാരുടെ എണ്ണം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി വളച്ചൊടിക്കുന്നു. വാർത്തകൾ പറയുന്ന രീതി, എഴുതുന്ന ശൈലി, അത് വീഡിയോയിലൂടെ അവതരിപ്പിക്കുന്ന രീതി എന്നിവയെല്ലാംതന്നെ ഒരുതരം തട്ടിപ്പുകളായി മാറിക്കൊണ്ടിരിക്കുകയാണ്.


സൗബിൻ


പാതിരാത്രി എന്ന സിനിമയിൽ സൗബിൻ ഷാഹിറിനൊപ്പമാണ് ഞാൻ കൂടുതൽ രംഗങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. ചിത്രീകരണവേളയിൽ ഓരോ രംഗത്തിലും അദ്ദേഹം ഇടപഴകുന്ന രീതിയാണ് എന്നെ ഏറെ ആകർഷിച്ചത്. അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്ന ചില ആശയങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വവും ലാളിത്യവും എന്നെ വല്ലാതെ പ്രചോദിപ്പിച്ചു. കഥാപാത്രങ്ങളെക്കുറിച്ച് എപ്പോഴും ആഴത്തിൽ ചിന്തിക്കുന്ന ഒരു പ്രകൃതമാണ് അദ്ദേഹത്തിന്റേത്. പല രംഗങ്ങളും വരുമ്പോൾ ‘ഈ കഥാപാത്രം ഇങ്ങനെ പ്രവർത്തിക്കുമോ' ‘ഇങ്ങനെ സംസാരിക്കുമോ' എന്നൊക്കെയുള്ള ചോദ്യങ്ങൾ അദ്ദേഹം നിരന്തരം ചോദിച്ചുകൊണ്ടിരിക്കും. ഒരുപാട് നർമബോധം ഉള്ളിൽ സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ‘കുമ്പളങ്ങി നൈറ്റ്‌സ്' ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകളിലെ പ്രകടനങ്ങൾ എനിക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. അത്തരമൊരു പ്രതിഭയോടൊപ്പം നിരവധി രംഗങ്ങൾ പങ്കിടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home