print edition റീൽസല്ല സിനിമ

കെ എ നിധിൻ നാഥ്
Published on Oct 04, 2026, 02:02 AM | 2 min read
സിനിമ എന്ന സ്വപ്‌നത്തിലേക്ക് എത്താനായി കോഴിക്കോട് സ്വദേശി അർച്ചന വിവേക് കണ്ട വഴി റീൽസായിരുന്നു. തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ റീൽസുകൾ ചെയ്‌തു. പക്ഷേ, പ്രതീക്ഷിച്ചപോലെ അവസരങ്ങൾ തേടിയെത്തിയില്ല. എന്നാലും സ്വപ്‌നത്തിലേക്കുള്ള ശ്രമങ്ങൾ തുടർന്നു. ഓഡിഷനുകളിലൂടെ ബ്ലെസൺ എൽസ സംവിധാനം ചെയ്യുന്ന ‘വിവാഃ’ എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി. തിയറ്ററിലെ പ്രദർശനത്തിനുശേഷം ചിത്രം ഒടിടിയിലെത്തി. നടി അർച്ചന വിവേക് സംസാരിക്കുന്നു.
ആദ്യസിനിമ
വിവാഹം കഴിഞ്ഞ നാലു കുടുംബങ്ങളുടെ കഥയാണ് ‘വിവാഃ.’വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം കഴിക്കുന്ന, എന്നാൽ പുരുഷന്മാരോട് ഇഷ്ടമില്ലാത്ത ഒരു കഥാപാത്രമാണ് ചെയ്യുന്നത്. ഒഡിഷൻ വഴിയാണ് സിനിമയിൽ എത്തിയത്. ആദ്യസിനിമ എന്നോട് സമാനമായ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ഓം ശാന്തി ഓശാന, ജൂൺ പോലെയുള്ള കഥാപാത്രമാണ് ആഗ്രഹിച്ചിരുന്നത്. കോളേജ് വൈബുള്ള കഥാപാത്രമോ പ്രണയകഥയോ ഒക്കെ ചെയ്യാനായിരുന്നു ഇഷ്ടം. എന്നാൽ, ഇതിൽനിന്നെല്ലാം വ്യത്യസ്‌തമായ കഥയാണ് സിനിമയിൽ ചെയ്‌തത്.
സമൂഹമാധ്യമങ്ങളിൽ റീലുകളാണ് ഇതിനുമുന്പ് ചെയ്‌തിരുന്നത്. പക്ഷേ, അതിൽനിന്ന് വളരെ വ്യത്യസ്‌തമാണ് സിനിമ. നമ്മുടെ അടച്ചിട്ട മുറിയിൽ ഒറ്റയ്ക്കാണ് റീൽസ് ചിത്രീകരിക്കുന്നത്. ചിലപ്പോൾ വളരെ അടുത്ത സുഹൃത്ത് ചിത്രീകരിച്ചുതരും. കണ്ടന്റും എഡിറ്റിങ്ങുമെല്ലാം സ്വയം ചെയ്യും. പക്ഷേ, സിനിമ അതിൽനിന്ന് തീർത്തും വ്യത്യസ്‌തമാണ്. ആദ്യസിനിമയായതിന്റെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ, എല്ലാവരുടെ പിന്തുണയിൽ സിനിമ നല്ല രീതിയിൽ ചെയ്യാനായി. റീൽസ് നമുക്ക് എത്രതവണ വേണമെങ്കിലും ചെയ്യാം. പോസ്റ്റ് ചെയ്‌തശേഷം ഡിലീറ്റ് ചെയ്യാം. പക്ഷേ, സിനിമ അങ്ങനെയല്ല. ചെയ്‌തുകഴിഞ്ഞാൽ പിന്നെ മാറ്റങ്ങളില്ല. കുറെ പേരിലേക്ക് എത്തുന്നതാണ്. അതിനാൽ പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചു. ചെറിയ ബജറ്റിലുള്ള സിനിമയായതിനാൽ അധികം ടേക്കുകളൊന്നും എടുത്തിരുന്നില്ല. വേഗത്തിൽ ചിത്രീകരിക്കാനാണ് ശ്രമിച്ചിരുന്നത്. പലപ്പോഴും റീടേക്കുകളും കുറവായിരുന്നു. പ്രതീക്ഷിച്ചപോലെയെല്ലാം ചെയ്യാനായിട്ടില്ല.
സിനിമയിലേക്കുള്ള വഴി
ഞാൻ കണ്ടന്റ് ക്രിയേറ്ററാണ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറല്ല. ആളുകളെ സ്വാധീനിക്കാനായി ഞാനൊന്നും ചെയ്‌തിട്ടില്ല. എനിക്ക് സിനിമയിൽ അവസരം കിട്ടാനായി എന്റെ കഴിവ് പ്രകടിപ്പിക്കാൻവേണ്ടിയാണ് റീൽസ് ചെയ്‌തിരുന്നത്. ആദ്യം ടിക് ടോക്കിൽ ചെയ്‌തിരുന്നു. അത് നിരോധിച്ചപ്പോൾ ഇൻസ്റ്റഗ്രാമിലേക്ക് മാറി. റീൽസ് ചെയ്യുമ്പോൾ അത് കണ്ട് സിനിമയിലേക്ക് വിളിക്കും, അവസരം കിട്ടുമെന്നുമെല്ലാം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. പക്ഷേ, കാസ്റ്റിങ് ഡയറക്ടേഴ്‌സിനെ പരിചയപ്പെടാനായി.
ധൈര്യം ചോർത്തി
യഥാർഥത്തിൽ റീൽസ് ധൈര്യം കളയുകയാണ് ചെയ്‌തത്. റീൽസ് നമ്മൾ മാത്രമുള്ള ഇടത്താണല്ലോ ചെയ്യുന്നത്. കണ്ണാടിയിൽ നോക്കി എന്തും ചെയ്യാൻ കഴിയും. അതുപോലെതന്നെയാണ് റീൽസ്. റീൽസിനേക്കാളും നാടകമാണ് സിനിമയിൽ എന്നെ സഹായിച്ചത്. അഞ്ചാംക്ലാസ് മുതൽ നാടകം ചെയ്യുമായിരുന്നു.









0 comments