ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്റെ സോണിലുള്ള സിനിമ

കെ എ നിധിൻ നാഥ്
Published on Aug 23, 2026, 05:04 PM | 4 min read
പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന ഗിരീഷ് എ ഡി യൂണിവേഴ്‌സിൽ നിന്നൊരു സിനിമ കൂടി തിയറ്ററിലെത്തി. ഭാവന സ്റ്റുഡിയോസ് നിർമിച്ച നിവിൻ പോളിയും മമ്മിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. തണ്ണീർ മത്തൻ ദിനങ്ങളിൽ തുടങ്ങിയ വിജയ യാത്ര സൂപ്പർ ശരണ്യയും പ്രേമലുവും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റിൽ എത്തി നിൽക്കുകയാണ്. ഫീൽ ഗുഡ് സിനിമകളിലൂടെ ഗിരീഷ് തീർക്കുന്ന മാന്ത്രികയിൽ ഇത്തവണയും ഒപ്പം ചേർന്ന് പ്രേക്ഷകർ കൈയ്യടിക്കുകയാണ്. പുതുമകൾക്കും പരീക്ഷണങ്ങൾക്കും വഴിമാറാതെ തന്റെ വഴികളിലൂടെ യാത്ര തുടർന്ന് എന്നാൽ അവിടെ വിജയം ആവർത്തിക്കുന്ന സിനിമാ യാത്രയെക്കുറിച്ചും ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിശേഷങ്ങളും സംവിധായകൻ ഗിരീഷ് എ ഡി പങ്കുവെക്കുന്നു...
എന്റെ ശൈലി സിനിമ
മുൻ സിനിമകളെ പോലെ തന്നെയുള്ള ഫീൽ ഗുഡ്, സന്തോഷ പരിയവസാനിയായ സിനിമയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആദ്യമായി നിവിൻ പോളിയെ വച്ച് സിനിമ ചെയ്യുന്നു എന്ന പ്രത്യേകതയുണ്ട്. പൂർണമായും എന്ററ്റെൻമെന്റ് നൽകുന്ന തമാശയും ഇമോഷൻസുമെല്ലാമുള്ള സിനിമയാണ്. അങ്കമാലിലാണ് സിനിമ നടക്കുന്നത്. ഞാൻ കണ്ടുവളർന്ന സാഹചര്യങ്ങളും അനുഭവങ്ങളും സിനിമയിലുണ്ട്. പള്ളി സ്‌കൂൾ, അവിടത്തെ അന്തരീക്ഷം ഇതൊക്കെയാണ് സിനിമയിലുള്ളത്. ഒരു കത്തോലിക്കാ പള്ളി പരിസരത്തെ 'കുടുംബ യൂണിറ്റുകളെ' കേന്ദ്രീകരിച്ചാണ് കഥ. സ്‌കൂൾ കാലം തൊട്ട് ഇൗ അന്തരീക്ഷത്തെക്കുറിച്ച് എനിക്ക് കൗതുകമുണ്ടാതയിരുന്നു.
വലിയ പ്രായവ്യത്യാസമുള്ള നായകനും നായികയും തമ്മിലുള്ള പ്രണയകഥയാണ്. നിവിന്റെ കഥാപാത്രം ഒരു വ്യവസായിയും മമിത കോളേജിൽ പഠിക്കുന്ന കുട്ടിയുമാണ്.
നിവിൻ പോളി
ജസ്റ്റിൻ എന്ന നായക വേഷത്തിന് നിവിൻ അല്ലാതെയും ഓപ്ഷൻ ഉണ്ടായിരുന്നു. പക്ഷേ ചേട്ടനായിരുന്നു ആദ്യത്തെ ഓപ്ഷൻ. ‘ബോയ് നെക്‌സ്റ്റ് ഡോർ’ എന്നതാണ് സിനിമയിലെ നായികനായി ആലോചിക്കുന്നത്. നിവിൻ ഈ റോൾ വളരെ രസമായി ചെയ്തിട്ടുണ്ട്. താരത്തിനു വേണ്ടിയുള്ള മാറ്റങ്ങൾ സിനിമയിൽ നടത്തിയിട്ടില്ല. താരത്തിനു വേണ്ടിയെന്നത് എഴുത്തിന്റെ സമയത്ത് ആലോചിച്ചിട്ടില്ല. സൂപ്പർ താരങ്ങൾക്കു വേണ്ടി (ലാലേട്ടനൊക്കെ വേണ്ടി) എഴുതുമ്പോൾ മാത്രമേ ലാലേട്ടൻ, ഫാൻസ് എന്നതൊക്കെ ആലോചിക്കേണ്ടതുള്ളു. മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്ഥമായി ബത്‌ലഹേമിലെ നായകൻ കുറച്ചു കൂടി സമൂഹത്തിൽ ഇടപെടുന്ന, ആക്ടീവായ ആളാണ്. 1983ലൊക്കെ കണ്ടപോലെയുള്ള നിവിൻ പോളിയാണ് സിനിമയിലുള്ളത്. നമ്മൾ കാണാൻ ആഗ്രഹിച്ച ഒരു നിവിനെ ബെത്‌ലഹേമിൽ കാണാനാകും.
മമിത ബൈജു
‘സൂപ്പർ ശരണ്യ'യുടെ സമയത്ത് ആഷ്‌ലി എന്ന കഥാപാത്രത്തിന് മമിത അനുയോജ്യമായിരിക്കുമെന്ന് തോന്നിയിരുന്നു. അത് മമിതയോട് പറയുകയും ചെയ്‌തിരുന്നു. പിന്നീട് പ്രേമലു 2 ഇല്ല എന്ന ഘട്ടത്തിലാണ് ബെത്‌ലഹേം ചെയ്യാൻ തീരുമാനിക്കുന്നത്. മമിതയ്ക്ക് കഥാപാത്രം ഇഷ്‌ടപ്പെട്ടിരുന്നു. അങ്ങനെയാണ് സിനിമയുടെ ഭാഗമായത്. സ്റ്റാർഡത്തിനപ്പുറത്ത് മമിതയെ കഥാപാത്രമായി അവതരിപ്പിക്കുകയാണ് ചെയ്‌തിട്ടുള്ളത്. മമിതയ്ക്കും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് താൽപ്പര്യം. മുണ്ടക്കയത്തുനിന്നുള്ള ഒരു കർഷക കുടുംബത്തിലെ അംഗമാണ് ആഷ്‌ലി. മമിത ഇതുവരെ ചെയ്‌തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ്. അത് രസകരമായി ചെയ്‌തിട്ടുമുണ്ട്. മമിതയുടെ വളർച്ചയിൽ എനിക്ക് അദ്‌ഭുതമില്ല. നല്ല അഭിനയ ശേഷിയുള്ള നടിയാണ്. ഏത് കഥാപാത്രത്തെയും ഉൾക്കൊള്ളാൻ സാധിക്കും. മമിതയുടെ വളർച്ച ആകസ്‌മികമായി സംഭവിച്ചതല്ല. അത് സ്വാഭാവികമായി ഉണ്ടായ ഒന്നാണ്.
ഗിരീഷ് എ ഡി യൂണിവേഴ്‌സ്
സ്‌കൂൾ, കോളേജ്, ജോലി, ഇപ്പോൾ കുടുംബം എന്നിങ്ങനെ ആലോചിച്ച് ചെയ്‌തതല്ല. സംഭവിച്ച് പോയതാണ്. പക്ഷെ ഇൗ ഓർഡറില്ലെങ്കിലും ഇൗ സിനിമകളൊക്കെയാണ് ഞാൻ ചെയ്യുക. തണ്ണീർമത്തൻ ദിനങ്ങൾ നടന്നില്ലെങ്കിൽ ആദ്യം ചെയ്യാം എന്ന് വിചാരിച്ച സിനിമയാണ് ബത്‌ലഹേം. തണ്ണീർമത്തൻ കുട്ടികളെ വച്ചുള്ള സിനിമയാണ്. പക്ഷെ ഇത് ചെയ്യാൻ ഒരു സ്റ്റാർ ഉണ്ടെങ്കിലേ നടക്കു. പിന്നെ തണ്ണീർമത്തന് ശേഷം ചെയ്യാം എന്ന് തീരുമാനിച്ചു, അതും നടന്നില്ല. സൂപ്പർ ശരണ്യ ചെയ്‌തു. പിന്നെ പ്രേമലു വന്നു. അതിനു ശേഷം പ്രേമലു 2 ആണ് തീരുമാനിച്ചത്. അത് നടക്കാതെ പോയപ്പോഴാണ് ബത്‌ലഹേം ചെയ്യുന്നത്. ‘പ്രേമലു'വിന്റെ കഥ പറയുമ്പോൾ ഭാവനാ സ്റ്റുഡിയോസിനോട് ഈ കഥയും പറഞ്ഞത്. പോത്തേട്ടൻ (ദിലീഷ് പോത്തൻ) ആണ് കഥ പറഞ്ഞത്. അവർക്ക് രണ്ടും ഇഷ്ടമായി. രണ്ടും അവർ നിർമിക്കുകയായിരുന്നു.
തുടർ വിജയങ്ങൾ
തുടർച്ചയായ വിജയങ്ങൾ നമ്മളെ ബാധിക്കും. പ്രേമലു ചെയ്യുന്ന സമയം പോലെയല്ലായിരുന്നു ബെത്‌ലഹേം ചെയ്യുമ്പോഴുണ്ടായിരുന്നു. സമർദം അധികമായിരുന്നു.അത് എന്തിനാണെന്ന് എനിക്ക് അറിയില്ല. ടെൻഷനൊന്നും ഇല്ലാതെയിരിക്കാനാണ് എന്റെ ആഗ്രഹം. സിനിമയാകുമ്പോൾ എല്ലാ തരം ഫലങ്ങളും നമ്മൾ പ്രതീക്ഷിക്കണം. അത് മുന്നിൽ കണ്ട് മാത്രം നമ്മൾ ഇറങ്ങിയാൽ മതി എന്നാണ് ബുദ്ധി പറയുന്നത്. പക്ഷെ ചില സമയത്ത് സമർദം വരും. ആ സാഹചര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും.
ഭാവന സ്റ്റുഡിയോസ്
ഭാവന സ്റ്റുഡിയോസ് സിനിമ നിർമിച്ചത് കാര്യങ്ങൾ വളരെ എളുപ്പമാക്കി. എന്നെ എന്റെ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ വിടും. എന്നാൽ, എന്ത് ആവശ്യമോ പ്രശ്‌നമോ ഉണ്ടെങ്കിൽ നമുക്ക് നേരിട്ട് ഇടപെടാൻ പറ്റും. സമർദം വരുമ്പോൾ അവരെ വിളിക്കും. ചില പ്രൊഡക്ഷനുകൾ ചിലപ്പോൾ നമ്മുടെ ആവശ്യങ്ങളെ അവഗണിക്കും. എങ്ങനെയെങ്കിലും എത്തിക്കാം എന്ന രീതിയിലാകും. എന്നാൽ ഭാവന സ്റ്റുഡിയോസിന് അവരുടെ സിനിമ ഏറ്റവും മികച്ചതാകണമെന്നാണ്. അവർ സിനിമയ്‌ക്ക് ഒരു ബഹുമാനം കൊടുക്കും.
കഥാപാത്രങ്ങളിലെ ഞാൻ
കഥാപാത്രങ്ങളിലേക്ക് കുറേയൊക്കെ ഞാൻ കടന്ന് വരും. അത് ബോധപൂർവം ചെയ്യുന്നതല്ല. എന്റെ ഇഷ്ടങ്ങൾ കഥാപാത്രങ്ങളുടെ ഇഷ്ടമായിട്ട് മാറും. എന്റെ സംഗീത അഭിരുചിയായിരിക്കും കഥാപാത്രത്തിന്റേതായി വരുന്നത്. കുടുംബ പശ്ചാത്തലത്തിന്റെ കാര്യങ്ങൾ ഒക്കെ കടന്ന് വരും. സുഹൃത്തുക്കളുമായുള്ള ഇടപഴകൽ ഒക്കെ വരും. പ്രാദേശികമായ വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലായിടത്തെയും മനുഷ്യന്റെ കാര്യങ്ങളാണ് പറയുന്നത്. തണ്ണീർ മത്തൻ ദിനങ്ങളുടെ നമ്മുടെ സ്‌കൂളാണ് കാണിച്ചിരിക്കുന്നത്, പക്ഷെ കേരളത്തിലെ എല്ലാ സ്‌കൂളിൽ പഠിച്ചവർക്കും അത് ബന്ധിപ്പിക്കാനായി. അതുപോലെ തന്നെ എല്ലാവർക്കും അവരുടേതാണ് എന്ന് തോന്നുന്ന രീതിയിലാണ് ബെത്‌ലെഹേം ഒരുക്കിയിട്ടുള്ളത്.
ജോണർ മാറ്റം
എന്റെ സ്ഥിരം രീതികൾ മാറ്റണമെന്ന് മാറ്റണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അതിനായി ബോധപൂർവമായ ശ്രമം നടത്തില്ല. ജോണർ മാറ്റി സിനിമ ചെയ്യണാൻ പറ്റിയ സംഭവം കിട്ടാത്തിനാൽ മാത്രമാണ് ചെയ്യാത്തത്. പാറ്റേൺ മാറ്റാനായി എങ്ങനെയെങ്കിലും തട്ടികൂട്ടി ചെയ്‌തിട്ട് കാര്യമില്ല. ഒരു സാധനം ചെയ്യാനായി പ്രചോദനം വേണം. ഇത് കൊള്ളാം എന്ന് തോന്നണം. ചില ആളുകൾക്ക് ഒപ്പം സിനിമ ചെയ്യാനായി ഞാൻ അങ്ങോട്ട് വിളിച്ചിട്ടുണ്ട്. ഞാൻ ചെയ്യാത്ത തരം പരിപാടികൾ അവരുടെ കൈയ്യിലുണ്ടെന്ന് കരുതിയാണ് അങ്ങനെ ചെയ്യുന്നത്. പക്ഷെ ഇത് കൊള്ളം എന്ന തരത്തിലുള്ള ഒന്ന് കിട്ടിയിട്ടില്ല. ഹൊറർ ചെയ്യാൻ ഇഷ്ടമാണ്. ആക്ഷൻ ചെയ്യണമെന്നുണ്ട്. നമ്മൾ സ്ഥിരം കാണുന്ന മാസ് കൾച്ചറിലുള്ളതല്ലാത്ത ആക്ഷൻ സിനിമ ചെയ്യണമെന്നുണ്ട്. ചെയ്യുന്ന ആളെ കണ്ടിട്ടല്ലാതെ അതിലെ പരിപാടികൾ കണ്ടിട്ട് ആളുകൾക്ക് ആവേശം വരുന്ന തരത്തിൽ ചെയ്യണം. താരകേന്ദ്രീകതമല്ലാതെ സിനിമയുടെ മികവിൽ നിൽക്കുന്ന തരത്തിൽ സിനിമയെടുക്കണം.
പ്രേമലു 2
പ്രേമലു 2 ഉപേക്ഷിച്ചു. നിർമാതാക്കളും ഞങ്ങളെല്ലാവരും ഹാപ്പിയായിരുന്നു. പ്രേമലുവിനേക്കാളും വിജയവും കളക്ഷനും കിട്ടാൻ സാധ്യതയുള്ള പടവുമായിരുന്നു. എന്നാൽ അതിൽ ഒരാൾക്ക് എന്തൊ പ്രശ്‌നമായി അങ്ങനെ പോയതാണ്.










0 comments