ദുബായ് അൽ ഖൂസിൽ റോഡ് നവീകരണം

ദുബായ് : അൽ ഖൂസിലെ പ്രധാന ഗതാഗതപാതയായ അൽ മറാബിയ തെരുവിന്റെ നവീകരണ പ്രവർത്തനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽ ഖൂസിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനും യാത്രാസമയം ലഘൂകരിക്കാനുമാണ് പദ്ധതി നടപ്പാക്കിയത്. അൽ ഖൈൽ റോഡ് എക്സിറ്റിൽനിന്ന് അൽ അസായേൽ തെരുവിലേക്കുള്ള 1.1 കിലോമീറ്റർ ഭാഗമാണ് വികസിപ്പിച്ചത്.
റോഡിന്റെ ഗതാഗതശേഷി 30 ശതമാനം വർധിച്ചു. തിരക്കേറിയ സമയങ്ങളിലെ യാത്രാസമയം 30 ശതമാനംവരെ കുറയുമെന്നും ആർടിഎ അറിയിച്ചു. 16 എ തെരുവിലേക്ക് പ്രവേശിക്കുന്ന ജങ്ഷനിൽ പുതിയ ഗതാഗതപാതയും നിർമിച്ചു. ഇതോടെ ഇവിടെ വാഹനത്തിരക്കും കാത്തിരിപ്പും 50 ശതമാനത്തോളം കുറഞ്ഞു. രാത്രികാലങ്ങളിൽ കാഴ്ചയും സുരക്ഷയും മെച്ചപ്പെടുത്താനായി പുതിയ ലൈറ്റിങ് പോസ്റ്റും സ്ഥാപിച്ചു.
അൽ ഖൂസിനെ അൽ മെയ്ദാൻ, ബിസിനസ് ബേ, ദുബായ് ഡൗൺടൗൺ എന്നിവയുമായും സമീപത്തെ വ്യാവസായിക, താമസ മേഖലകളുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് അൽ മറാബിയ തെരുവ്. പദ്ധതിയുടെ ഭാഗമായി സർവീസ് റോഡ്, തുടർച്ചയായ കാൽനടപ്പാത, അൽ ഖൈൽ റോഡ് എക്‌സിറ്റിൽനിന്നുള്ള പുതിയ പ്രവേശനപാത എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ വികസനപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇവ ആഗസ്ത് അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.









0 comments