ad
Deshabhimani

പരീക്ഷകളെ തകർക്കുന്ന നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി: വീഴ്ചകളിൽ പഠിക്കാതെ സർക്കാർ

nta march sfi
വെബ് ഡെസ്ക്

Published on Aug 23, 2026, 06:00 PM | 2 min read

ന്യൂഡല്‍ഹി: നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി(എൻടിഎ) സ്വകാര്യ ഏജൻസികൾക്ക് പരീക്ഷകളുടെ സുരക്ഷ ചുമതല നൽ‌കിയതിന് പിന്നാലെ രാജ്യത്ത് നടക്കുന്ന മുഴുവൻ പ്രധാനപ്പെട്ട പരീക്ഷകളും അടിമുടി പ്രശ്നത്തിലായിരിക്കുന്നു. ഏജൻ‌സിയെ പിരിച്ചുവിടാൻ സർക്കാർ അപ്പോഴും തയ്യാറായില്ല. ഏറ്റവും അവസാനമിപ്പോൾ അഖിലേന്ത്യാ ആയുഷ്‌ പിജി പ്രവേശന പരീക്ഷ (എഐപിജിഇടി) എഴുതിയവരും വെട്ടലായിരിക്കുകയാണ് .


അഖിലേന്ത്യാ ആയുഷ്‌ പിജി പ്രവേശന പരീക്ഷ (എഐപിജിഇടി) എഴുതിയ വിദ്യാർഥികളാണ്‌ എൻടിഎയുടെ പുതിയ ഇര. ജയ്‌പുരിലെ ശ്രീസത്യസായ്‌ പി ജി കോളേജിലെത്തിയ 49 വിദ്യാർഥികൾക്ക്‌ വൈദ്യുതി തടസ്സപ്പെട്ടതുമൂ‍ലം പരീക്ഷ പൂ‍ർത്തിയാക്കാനായില്ല. ഇ‍ൗ വിദ്യാർഥികൾക്കായി സെപ്‌തംബർ ഒന്നിന്‌ പുനഃപരീക്ഷ നടത്തും.ആകെ 192 വിദ്യാർഥികളാണ്‌ ഇ‍‍ൗ കേന്ദ്രത്തിൽ പരീക്ഷയ്‌ക്കെത്തിയത്‌.പരീക്ഷ മുടങ്ങിയതിൽ ഖേദം പ്രകടിപ്പിച്ച എൻടിഎ, നടത്തിപ്പ്‌ ചുമതലയുണ്ടായിരുന്ന എം/എസ്‌ എഡുക്വിറ്റി കരിയർ ടെക്‌നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിനെ പഴിചാരി തടിയൂരാനുള്ള ശ്രമം തുടങ്ങി.


കരാർകമ്പനിക്ക് നോട്ടീസ് അയച്ചെന്നും മറുപടി നൽകും വരെ കരാർ സസ്‌പെൻഡ്‌ ചെയ്തുവെന്നും അറിയിച്ചു.എൻടിഎയുടെ കീഴിലുള്ള പരീക്ഷകളെല്ലാം സ്വകാര്യ ഏജൻസികളാണ്‌ നടത്തുന്നത്‌. ഇ‍ൗ പരീക്ഷകളിൽ സാങ്കേതിക തകരാറും വൈദ്യുതി തടസ്സങ്ങളുമുണ്ടാകുന്നത്‌ പതിവാണ്‌. വീഴ്‌ചകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ എൻടിഎ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാണെങ്കിലും സർക്കാർ‌ അത് ചെവിക്കൊള്ളാൻ തയ്യാറായിട്ടില്ല.


എൻടിഎയിൽ സ്ഥിരം ജീവനക്കാർ ആകെ 24 പേർമാത്രം. 15 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. കരാർ, പുറംതൊഴിൽ കരാർ സംവിധാനങ്ങളിൽ 197 പേരും ഇവിടെ ജോലി ചെയ്യുന്നതായി രാജ്യസഭയിൽ സർക്കാർ മറുപടി നൽകിയിട്ടുണ്ട്‌. ജനറൽ മാനേജർ, സീനിയർ അഡ്വൈസർ, സീനിയർ കൺസൾട്ടന്റ്‌, കൺസൾട്ടന്റ്‌, ഡാറ്റ അനലിസ്റ്റ്‌ തുടങ്ങി തസ്‌തികകളിൽ കരാർ അടിസ്ഥാനത്തിലാണ്‌ ജോലി. പരീക്ഷകൾ നടത്താൻ സംസ്ഥാന, ജില്ല, സിറ്റി തലങ്ങളിൽ അതത്‌ സമയം വാടകയ്‌ക്ക്‌ ആളെ എടുക്കുന്നതാണ്‌ പതിവ്‌. സ്വകാര്യവൽക്കരണമാണ്‌ ഇതിന്റെ കാതൽ. ദശലക്ഷക്കണക്കിന്‌ വിദ്യാർഥികൾ വർഷങ്ങളുടെ കഠിനാധ്വാനത്തിനുശേഷം എഴുതുന്ന മത്സരപരീക്ഷകൾ അങ്ങേയറ്റം അരാജക സംവിധാനത്തിലാണ്‌ കൈകാര്യം ചെയ്യുന്നതെന്ന്‌ അർഥം. സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തം ചോദ്യപേപ്പർ ചോർച്ചകൾക്കും മറ്റ്‌ അട്ടിമറികൾക്കും സാധ്യത വർധിപ്പിക്കുന്നു.


എൻടിഎയുടെ കാര്യക്ഷമത കൂട്ടാൻ തയ്യാറാകാതെ വീണ്ടും വീണ്ടും അധികാരകേന്ദ്രീകരണത്തിനാണ്‌ സർക്കാർ വ്യഗ്രത കാട്ടിയത്‌. കൂടുതൽ പരീക്ഷകൾ ഇവരുടെ പരിധിയിൽ കൊണ്ടുവന്നു. അങ്ങനെ ഏറ്റെടുത്ത പരീക്ഷയാകെ കുളമാക്കി വിദ്യാർഥികളുടെ ഭാവി തുലാസിലാക്കുന്ന ഏജൻസിയായിട്ടും ഏതെങ്കിലും ഒരു ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടുകയോ അഖിലേന്ത്യാ ആയുഷ് പിജി പ്രവേശന പരീക്ഷയിൽ ചെയ്തത് പോലെ ഖേദം പ്രകടിപ്പിക്കുകയോ മാത്രം ചെയ്ത് വിദ്യാർഥികളെ വെല്ലുവിളിച്ച് മുന്നോട്ടുപോവുകയാണ് സർക്കാർ.


ജന്തർ മന്തർ സമരം മുതൽ എൻടിഎയുടെ പിഴവ് മൂലം പ്രശ്നത്തിലായ മുഴുവൻ പരീക്ഷയ്ക്കുമെതിരെ അതിശക്തമായ സമരം പല സംസ്ഥാനങ്ങളിലും ഇപ്പോഴും തുടരുകയാണ്. എന്നാൽ എൻടിഎയെ മാറ്റാൻ സർക്കാർ ചെറുവിരലനക്കുന്നില്ല. വിദ്യാർഥിയുടെ ഭാവിയോടാണ് മോദി സർക്കാർ പിടിവാശി തുടരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home