ad
Deshabhimani

"ഞങ്ങൾ പേടിച്ചുപോയെന്ന് പറഞ്ഞേക്ക്"; ഇൻസ്റ്റ അക്കൗണ്ട് പൂട്ടിച്ചതിൽ പ്രതിഷേധിച്ച് കുട്ടികൾ

Balasangam Children Protest in Tirur

ബാലസംഘം പച്ചാട്ടിരി വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Aug 23, 2026, 06:47 PM | 1 min read

തിരൂർ (മലപ്പുറം): വൈറൽ വീഡിയോക്ക് പിന്നാലെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് മെറ്റയെക്കൊണ്ട് പൂട്ടിച്ചതിൽ പ്രതിഷേധിച്ച് ബാലസംഘം കുട്ടികൾ. മലപ്പുറം വെട്ടം പച്ചാട്ടിരി വില്ലേജ് കമ്മിറ്റിയിലെ ഹെൽത്ത് സെന്റർ യൂണിറ്റിലെ ബാലസംഘം പ്രവർത്തകരുടെ ഇൻസ്റ്റ അക്കൗണ്ടാണ് കഴിഞ്ഞദിവസം മെറ്റ പൂട്ടിയത്.


‘കുട്ടിസഖാവ്’ എന്ന അക്കൗണ്ടിലൂടെ ബാലസംഘം പ്രവർത്തകനായ മുഹമ്മദ് സെയിൻ സമാൻ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലാകുകയും പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉൾപ്പെടെ കമന്റ് ഇടുകയും ചെയ്തതിന് പിന്നാലെയാണ് മെറ്റ അക്കൗണ്ട് നീക്കംചെയ്തത്. പ്രത്യേകിച്ച് യാതൊരു കാരണവും ചൂണ്ടിക്കാട്ടാതെയായിരുന്നു നടപടി.


മെറ്റയുടെ നടപടിയിൽ ബാലസംഘം പച്ചാട്ടിരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. "ഞങ്ങൾ പേടിച്ചുപോയെന്ന് പറഞ്ഞേക്ക്, അക്കൗണ്ട് പൂട്ടിച്ച പൂക്കികളോട്" എന്ന പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രതിഷേധം. ഹെൽത്ത് സെന്റർ യൂണിറ്റിലെ മുഹമ്മദ് സെയിൻ സമാൻ ഉൾപ്പെടെ നൂറോളം കുട്ടികൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.


വില്ലേജ് സെക്രട്ടറി ആഷ്‌ലിൽ, പ്രസിഡന്റ് ദേവിക എന്നിവർ നേതൃത്വം നൽകി. ​വില്ലേജ് കോ-ഓർഡിനേറ്റർ ശ്രീലക്ഷ്മി, ഏരിയ കോ- ഓർഡിനേറ്റർ അനിൽ കുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി സുലൈമാൻ, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി എം ഇ വൃന്ദ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. യു സൈനുദ്ദീൻ, ബഷീർ കൊടക്കാട് തുടങ്ങിയവർ പ്രതിഷേധത്തിന് പിന്തുണ നൽകി.


മെറ്റയുടെ നടപടിക്ക് പിന്നാലെ സെയിൻ സമാന്റേതായി സഖാവ് സാനു എന്ന പേരിൽ പുതിയ ഇൻസ്റ്റ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 61,000ൽ അധികം ഫോളോവേഴ്സ് നിലവിൽ പുതിയ അക്കൗണ്ടിനുണ്ട്. പഴയ അക്കൗണ്ട് തിരിച്ചുകിട്ടാനുള്ള നടപടികൾ തുടരുകയാണെന്ന് സെയിൻ സമാന്റെ രക്ഷിതാക്കൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home