ലോകകപ്പിലെ കൗമാര വിസ്‌മയം അയ്യൂബ് ബുവാദിയെ മാഞ്ചസ്‌റ്റർ സിറ്റി സ്വന്തമാക്കി

ലണ്ടൻ: ലോകകപ്പിൽ മിന്നും പ്രകടനം കാഴ്‌ചവെച്ച മൊറോക്കയുടെ കൗമാര വിസ്‌മയം അയ്യൂബ് ബുവാദിയെ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്‌റ്റർ സിറ്റി സ്വന്തമാക്കി. ഫ്രഞ്ച്‌ക്ലബ് ലിലെയിൽ നിന്ന് ഏകദേശം 95 മില്യൻ യൂറോ (1062 കോടി രൂപ)യ്‌ക്കാണ് പതിനെട്ടുകാരനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരുന്നത്. 2031 വരെയുള്ള കരാർ സിറ്റിയ്‌ക്ക് വേണമെന്നു കണ്ടാൽ 12 മാസം കൂടി നീട്ടാനും ധാരണയായിട്ടുണ്ട്.
കഴിഞ്ഞ രണ്ടുമാസമായി സിറ്റി അയ്യൂബിന് പിറകെയുണ്ട്. സിറ്റി മാധ്യനിരയിലെ പ്രധാനികളായിരുന്ന സ്‌പെയ്‌ൻ താരം റേഡ്രിയും പോർചുഗലിന്റെ ബെർണാഡോ സിൽവയും പോയ കുറവ് നികത്താനാണ് അയ്യൂബിനെ എത്തിക്കുന്നത്. ഹോൾഡിങ്ങ് മിഡ്‌ഫീൽഡർ റോളിൽ കളിക്കുന്ന മൊറോക്കന് റോഡ്രിയുടെ കുറവ് നികത്താൻ പോന്ന പ്രതിഭയുണ്ട്. പന്ത് പിടിച്ചു കളിക്കുന്ന റോഡ്രിയുടെ ശൈലിയാണ് അയ്യൂബിനും. ഒപ്പം പന്തുമായി മുന്നേറാനും മിടുക്കുണ്ട്. വലതു വിങ്ങിലും നന്നായി ശോഭിക്കും.
കഴിഞ്ഞ ലോകകപ്പിൽ ബ്രസീലിനെതിരായ അയ്യൂബിന്റെ അരങ്ങേറ്റം അതിഗംഭീരമായിരുന്നു. സമനിലയിലായ മത്സരത്തിൽ ഏറ്റവും കൂടുതൽ സമയം പന്ത് കൈവശം വെച്ചതും ഇൗ കൗമാരക്കാരാനാണ്. അന്നാണ് ലോകം ആറടിയിലധികം പൊക്കമുള്ള നീളൻ മുടിക്കാരനെ ശ്രദ്ധിച്ചത്. നേരത്തേ ലിലെയ്‌ക്കായി ചാന്പ്യൻസ് ലീഗിലടക്കം മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്. മെറോക്കൻ ദന്പതിമാർക്ക് ഫ്രാൻസിൽ ജനിച്ച അയ്യൂബിന് 2026 മെയിലാണ് മൊറോക്കോയ്‌ക്ക് കളിക്കാൻ ഫിഫ അനുമതി നൽകിയത്.









0 comments