ad
Deshabhimani

വാടകയ്‌ക്ക്‌ കാർ; പുതിയ സേവനവുമായി എത്തിഹാദ് റെയിൽ

etihad rail
വെബ് ഡെസ്ക്

Published on Aug 23, 2026, 05:53 PM | 2 min read

ദുബായ് : യാത്രക്കാർക്ക് അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽനിന്ന് കാർ വാടകയ-്‌ക്ക്‌ നൽകുന്ന പദ്ധതിയുമായി എത്തിഹാദ് റെയിൽ. ദിവസം 80 ദിർഹംമുതൽ നിരക്കിൽ സുരക്ഷാ നിക്ഷേപം (ഡെപ്പോസിറ്റ്) ആവശ്യമില്ലാതെയാണ്‌ പദ്ധതി. ‘റെയിൽ ടു റോഡ്’ എന്ന പേരിൽ ത്രിഫ്റ്റി കാർ റെന്റലുമായി സഹകരിച്ചാണ് സേവനം. ഇന്ധനച്ചെലവ് ഉൾപ്പെടുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.


വാടക പാക്കേജിൽ 60 കിലോമീറ്റർ യാത്രയ്ക്കുള്ള ഇന്ധനം ഉൾപ്പെടും. അധിക ദൂരം സഞ്ചരിക്കാൻ പ്രത്യേകം നിരക്ക് നൽകണം. വാടക 24 മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും. ട്രെയിൻ എത്തുന്ന സമയത്തെയോ പുറപ്പെടുന്ന സമയത്തെയോ അടിസ്ഥാനമാക്കി വാടക കാലാവധി നിശ്ചയിക്കില്ല. മൂന്ന് വിഭാഗത്തിലായാണ് വാഹനങ്ങൾ ലഭിക്കുക. ടൊയോട്ട യാരിസ്, മാരുതി ബലേനോ, ഹ്യുണ്ടായി ആക്സന്റ്‌ തുടങ്ങിയ കാറുകൾ ഉൾപ്പെടുന്നതാണ് ‘എസൻഷ്യൽ’ വിഭാഗം. മസ്ദ സി എക്സ്‌ ത്രീ, ഹ്യുണ്ടായി ക്രെറ്റ, മസ്ദ സിക്സ്‌ തുടങ്ങിയവ ‘കംഫർട്ട്’ വിഭാഗത്തിലുണ്ട്. ഓഡി എ ത്രി, മസ്ദ സി എക്സ്‌ 90, ജീപ്പ് ചെറോക്കി, നിസാൻ പട്രോൾ, ജീപ്പ് റാംഗ്ലർ തുടങ്ങിയ വാഹനങ്ങളാണ് ‘സ്ട്രെച്ച്’ വിഭാഗത്തിൽ ഉൾപ്പെടുന്നത്. വാഹന വിഭാഗമനുസരിച്ച് പ്രതിദിന വാടക 80 മുതൽ 200 ദിർഹംവരെയാണ്.


വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാൻ കുറഞ്ഞ സമയപരിധിയില്ല. യാത്രയ്ക്കുമുമ്പും സ്റ്റേഷനിലെത്തിയശേഷവും ബുക്ക് ചെയ്യാനും കഴിയും. നേരിട്ടെത്തുന്ന യാത്രക്കാർക്കും വാഹനങ്ങൾ ലഭ്യമാക്കുമെന്ന് ത്രിഫ്റ്റി കാർ റെന്റൽ ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു. പണമടയ്ക്കാനായി കാർഡ് വിവരങ്ങൾ സുരക്ഷിതമായി രജിസ്റ്റർ ചെയ്യും. സാധാരണയായി വാഹനം എടുത്ത അതേ സ്റ്റേഷനിൽതന്നെ തിരികെ നൽകുന്ന രീതിയിലാണ് സേവനം രൂപകൽപ്പന ചെയ്യുന്നത്. എന്നാൽ, അധിക വൺവേ നിരക്ക് നൽകി ത്രിഫ്റ്റിയുടെ മറ്റ് കേന്ദ്രങ്ങളിലും വാഹനം തിരിച്ചേൽപ്പിക്കാം.


എത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഘട്ടത്തിൽ തന്നെ കാർ വാടകയ്ക്കെടുക്കാനുള്ള സൗകര്യം ലഭിക്കും. റെയിൽ ടിക്കറ്റ് ബുക്ക് ചെയ്തശേഷം വാടകകാർ തെരഞ്ഞെടുക്കാനാകും. എത്തിഹാദ് റെയിലും ത്രിഫ്റ്റിയും തമ്മിലുള്ള അഞ്ചുവർഷത്തെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഏകദേശം 500 വാഹനങ്ങൾ ഒരുക്കും. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വാഹനങ്ങളുടെ എണ്ണവും ഉയർത്തും. എത്തിഹാദ് റെയിലിന്റെ 11 യാത്രാസ്റ്റേഷനുകളിലും ഡിജിറ്റൽ കിയോസ്‌കുകളും സഹായ ഡെസ്കുകളും ഒരുക്കാനും പദ്ധതിയുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home