print edition കടലാഴം തന്ന തവസിമുത്തു

കരുണാനിധി സേതു

ബിജോ ടോമി
Published on Sep 20, 2026, 01:30 AM | 3 min read
സിനിമയിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ തമിഴ്‌നടൻ കരുണാസ് എന്ന കരുണാനിധി സേതു, സജീവ് പാഴൂർ ഒരുക്കിയ പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ നായകവേഷത്തിലൂടെ ഒരു മലയാളം ക്രൂവിന്റെ ഭാഗമായതിന്റെ സന്തോഷത്തിലാണ്. 25 വർഷത്തെ സിനിമാജീവിതവും നാടൻപാട്ടുവിശേഷങ്ങളും ‘എന്ന വിലൈ’ സിനിമയെക്കുറിച്ചുമെല്ലാം കരുണാസ് സംസാരിക്കുന്നു. ഒപ്പം അൽപ്പം രാഷ്‌ട്രീയവും.
വിക്രം അഭിനയിച്ച ‘കാശി’ കണ്ടതുമുതലുള്ള എന്റെ ആഗ്രഹമാണ് മലയാളത്തിൽനിന്നുള്ളവരുമായി ഒരു ചിത്രം. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ സിനിമയുടെ റീമേക്കാണ് കാശി. മലയാളത്തിൽ അവസരങ്ങൾ വന്നെങ്കിലും ശരിയായില്ല. ആ സാഹചര്യത്തിലാണ് സംവിധായകൻ സജീവ് പാഴൂർ ‘എന്ന വിലൈ’ സിനിമയുമായി സമീപിക്കുന്നത്. കഥ ഇഷ്ടപ്പെട്ടു.
നിമിഷ സജയനാണ് നായിക. സംസ്ഥാന അവാർഡും കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ടെങ്കിലും ഇൗ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടണമെന്ന് ആഗ്രഹമുണ്ട്– കണ്ണിറുക്കിയശേഷം കരുണാസ് ചിരിച്ചു.
ഞാനും കലാഭവൻ മണിയും ഒരുപോലെ
കലാഭവൻ മണിയെ ഏറെ ഇഷ്‌ടമായിരുന്നുവെന്ന് കരുണാസ് പറഞ്ഞു. ഞാനും നാടൻപാട്ടിലൂടെയാണ് സിനിമയിലെത്തിയത്. ആദ്യം ലഭിച്ചത് ഹാസ്യകഥാപാത്രങ്ങൾ, പിന്നീട് സ്വഭാവനടനായി. തഞ്ചാവൂരിലെ കുരിക്കരാംബൈ ഗ്രാമത്തിലാണ് ജനനം. മദ്രാസ് തമിഴ് ഭാഷാഭേദത്തിന്റെ താളാത്മകതയും നാടൻസംഗീതവും ഇഴചേർന്ന പാട്ടുകളോടായിരുന്നു താൽപ്പര്യം.
സ്കൂൾ കാലഘട്ടംമുതൽ എഴുതി കമ്പോസ് ചെയ്ത് പാടുമായിരുന്നു. ചെന്നൈയിലെ പ്രസിഡൻസി കോളേജിൽ പഠിക്കുമ്പോഴാണ് ആദ്യമായി തമിഴ് പോപ്പ് മ്യൂസിക് കമ്പോസ് ചെയ്യുന്നത്. ആയിരത്തിലധികം പാട്ടുകളും നിരവധി അയ്യപ്പഭക്തിഗാനങ്ങളും ചെയ്തിട്ടുണ്ട്. സ്വതന്ത്ര സംഗീത കലാകാരനാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, അപ്രതീക്ഷിതമായി അഭിനയത്തിലെത്തി– കരുണാസ് പറഞ്ഞു.
ഇതിനോടകം നൂറ്റമ്പതിലധികം സിനിമ. നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് ആഗ്രഹം. സംവിധായകൻ ബാലയാണ് വഴികാട്ടി. 2001ലെ ‘നന്ദ’യിലെ ലൊടുക്ക് പാണ്ടി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. വില്ലൻ, ബാബ, പിതാമഹൻ, തിരുടാ തിരുടി തുടങ്ങിയ ചിത്രങ്ങളിലെ ഹാസ്യകഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. വടക്കുനോക്കിയന്ത്രം തമിഴിലാക്കിയപ്പോൾ നായകനായി. ആ കഥാപാത്രമാണ് വലിയ പേര് നേടിത്തന്നതും പിന്നീട് എംഎൽഎയാകാൻ വഴിയൊരുക്കിയതും.
ചെറിയ വിഷയങ്ങൾ; മനോഹര സിനിമകൾ
മലയാളത്തിൽ ചെറിയ വിഷയങ്ങൾ കണ്ടെത്തി മനോഹരമായ സിനിമയാക്കുന്നു. സജീവ് പാഴൂർ, നിമിഷ സജയൻ തുടങ്ങിയവർക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ മറക്കാനാകാത്തതാണ്. ‘നന്ദ’ ചിത്രീകരിച്ച രാമേശ്വരത്തായിരുന്നു 25 വർഷങ്ങൾക്കുശേഷം ‘എന്ന വിലൈ’യുടെ ആദ്യഷോട്ടും. ബാല, ബാലു മഹേന്ദ്ര, ജനനാഥൻ, വെട്രിമാരൻ, റാം എന്നിങ്ങനെ നിരവധി ദേശീയ പുരസ്‌കാര ജേതാക്കളായ സംവിധായകർക്കൊപ്പം സിനിമ ചെയ്തിട്ടുണ്ട്. കാര്യങ്ങൾ ഉൾക്കൊണ്ടാണ് ഞാൻ അഭിനയിക്കുന്നത്.
വളരെ പെർഫെക്റ്റായി, തനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായും കൃത്യമായും ജൂനിയർ ആർട്ടിസ്റ്റുകളിൽനിന്നുപോലും പുറത്തെടുത്ത ആളാണ് സജീവ് പാഴൂർ. രാമേശ്വരത്ത് ജീവിക്കുന്ന യഥാർഥ മനുഷ്യരുടെ മുഖങ്ങൾ തെരഞ്ഞെടുത്ത് മനോഹരമായ ഒരു ചിത്രമാണ് അദ്ദേഹം നിർമിച്ചിരിക്കുന്നത്. 25 വർഷത്തെ സിനിമാജീവിതത്തിൽ ഞാൻ അഭിനയിച്ച മികച്ച ചിത്രങ്ങളിലൊന്നാണ് ‘എന്ന വിലൈ'. ഒരു മത്സ്യത്തൊഴിലാളിസമൂഹത്തിൽപ്പെട്ട ‘തവസിമുത്തു' എന്ന കഥാപാത്രം.
കടലിൽ മുങ്ങി തർപ്പണക്രിയകൾക്കുശേഷമുള്ള വസ്ത്രങ്ങളും നാണയങ്ങളുമെല്ലാം ശേഖരിക്കുകയും ക്ഷേത്രപരിസരത്ത് കളിപ്പാട്ടങ്ങൾ വിൽക്കുകയും ചെയ്യുന്ന സാധാരണ മത്സ്യത്തൊഴിലാളിയുടെ കഥ പൊളിറ്റിക്കൽ കോർട്ട് ഡ്രാമയായി മാറുകയാണ്. പൂർണ സംതൃപ്തനാക്കിയ കഥാപാത്രമായിരുന്നു തവസിമുത്തു.
അച്ഛനും മകനും
എന്നെ സംബന്ധിച്ചിടത്തോളം കലയ്ക്ക് ഭാഷയും മതവും അതിർവരമ്പുകളുമില്ല. ആ രീതിയിൽ എന്റെ മകൻ കെൻ കരുണാസ് ആദ്യമായി സംവിധാനംചെയ്‌ത ചിത്രം ‘യൂത്ത്’ന് ലഭിച്ച വിജയത്തിൽ സന്തോഷമുണ്ട്. കെൻതന്നെയായിരുന്നു നായകനും. മലയാളിതാരം സുരാജ് വെഞ്ഞാറമൂടായിരുന്നു കെനിന്റെ അച്ഛൻവേഷത്തിലെത്തിയത്. ഇടയ്ക്ക് അവൻ കേരളത്തിലേക്ക് പോകും. ചോദിക്കുമ്പോൾ കഥയെഴുതാനാണെന്നാണ് പറയുക– കരുണാസ് ചിരിച്ചു.
ഞാൻ കേരളത്തിൽ ഒരു ആയുർവേദ ആശുപത്രിയിൽ വന്നപ്പോൾ മകന്റെ ഫാനാണെന്ന് പറഞ്ഞ് ചിലർ അടുത്തുവന്ന് ഫോട്ടോയും ഓട്ടോഗ്രാഫുമൊക്കെ ചോദിച്ചു. ഒരുപാട് സന്തോഷം തോന്നി. മകനൊപ്പം കുറച്ച് സിനിമകൾ ആഗ്രഹമാണെന്നും കരുണാസ് കൂട്ടിച്ചേർത്തു. ധനുഷിന്റെ അസുരൻ എന്ന ചിത്രത്തിൽ കെൻ ശ്രദ്ധേയവേഷം ചെയ്തിരുന്നു.
കരുണാസിന്റെ ഭാര്യ ഗ്രേസ് അഭിനേത്രിയും ഗായികയുമാണ്. ഗ്രേസ് കരുണാസിനൊപ്പം പാടിയ ‘ആലങ്കുടി... വേലങ്കുടി’ ആൽബം ശ്രദ്ധിക്കപ്പെട്ടിരുന്നു. അംബാസമുദ്രം അംബാനി, കാസേ താൻ കടവുളെടാ എന്നീ ചിത്രങ്ങളിൽ സംഗീതമൊരുക്കുകയും ചെയ്‌തു. വീണ്ടും പാട്ടിന്റെ ലോകത്ത് സജീവമാകണം. ജനുവരിയിൽ ആൽബം പുറത്തിറക്കും.
അൽപ്പം രാഷ്‌ട്രീയം
അഭിനയം തൊഴിലും രാഷ്ട്രീയം സേവനവുമാണെന്ന് കരുണാസ് പറയുന്നു. ഒരുതവണ എംഎൽഎയായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു. ഡിഎംകെ മുന്നണിയിലാണ് കരുണാസിന്റെ മുക്കുലത്തോർ പുലിപ്പടൈ മത്സരിച്ചത്. 2016ൽ എഐഎഡിഎംകെ ടിക്കറ്റിലാണ് എംഎൽഎയായത്. 2021ൽ മാറിനിന്നു. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യകൂട്ടായ്‌മയുടെ പ്രചാരണത്തിൽ സജീവമായിരുന്നു.










0 comments