ad
Deshabhimani

നാടിറങ്ങി കാട്ടുപന്നി 
ഭീതിയിൽ ജനങ്ങൾ

എഐ ചിത്രം
വെബ് ഡെസ്ക്

Published on Sep 20, 2026, 01:34 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ ജനവാസ മേഖലയിൽ കാട്ടുപന്നി ആക്രമണം തുടർക്കഥയായതോടെ ഭീതിയിൽ ജനങ്ങൾ. നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ വ്യാപകമായ കൃഷി നശിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവനും ഭീഷണിയാകുകയാണ്‌. വാഹനമോടിക്കുമ്പോഴും നടക്കുമ്പോഴും മാത്രമല്ല, വീട്ടിലിരിക്കാൻ പോലും പറ്റാത്ത സാഹചര്യമായി. ഒരാഴ്ചക്കിടയിൽ നിരവധി കേസുകളാണ്‌ ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തത്‌. ​കഴിഞ്ഞ ദിവസമാണ്‌ താമരശേരി കട്ടിപ്പാറയിൽ വീട്ടുമുറ്റത്ത്‌ പത്രം വായിച്ചിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചത്‌. വിഒടി സ്വദേശി കെ കെ അബ്ദുൽ ഖാദറിനാണ് പരിക്കേറ്റത്. വീട്ടിലെ കാർ പോർച്ചിലിരുന്ന്‌ പത്രം വായിക്കുന്നതിനിടെയാണ്‌ പന്നി ആക്രമിച്ചത്‌. കുറ്റ്യാടി വേളത്ത്‌ ഞായർ രാത്രി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെതിരെയും ആക്രമണമുണ്ടായി. ഓളോടിത്താഴ പാറച്ചാലിൽ ഷാകേഷിനാണ്‌ പരിക്കേറ്റത്. കാട്ടുപന്നി കുറുകെ ചാടി കൊടുവള്ളിയിൽ ബൈക്ക്‌ യാത്രികന്‌ പരിക്കേറ്റിരുന്നു. നെല്ലാങ്കണ്ടി– ആനപ്പാറ റോഡിൽ ചൊവ്വ രാത്രി പന്നി ആക്രമണത്തിൽ ആറങ്ങോട്‌ കരുന്പാരുകഴിയിൽ അരുണിനാണ്‌ പരിക്കേറ്റത്‌. ചെമ്പ്ര– ചക്കിട്ടപാറ റോഡിൽ സ്‌കൂട്ടർ യാത്രികനും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കാടിറങ്ങുന്ന വന്യമൃഗങ്ങൾ എട്ടുമാസത്തിനിടെ ഒന്നരക്കോടിയോളം രൂപയുടെ കൃഷിയാണ്‌ ജില്ലയിലാകെ നശിപ്പിച്ചത്‌. കാട്ടുപന്നി ശല്യത്തിൽ ജനം പൊറുതിമുട്ടിയിട്ടും കണ്ണടയ്ക്കുന്ന അധികൃതർക്കെതിരെ പ്രതിഷേധം ഉയരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home