വനിതാ ചലച്ചിത്രമേള: തുടക്കം 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്'

womens-international-film-festival
avatar
സ്വന്തം ലേഖകൻ

Published on May 19, 2025, 10:34 AM | 2 min read

കൊല്ലം: സംസ്ഥാന ചലച്ചിത്ര അക്കാദമി 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' (പ്രഭയായ് നിനച്ചെതെല്ലാം) പ്രദർശിപ്പിക്കും. 2024ലെ കാൻ ചലച്ചിത്രമേളയിൽ ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ ഈ ചിത്രം പ്രധാനമായും മലയാളത്തിലാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാരുടെ വൈകാരികപ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ഈ സിനിമയിൽ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നീ മലയാളി താരങ്ങൾ വേഷമിടുന്നു. 23 ന് വൈകിട്ട് അഞ്ചിന്‌ ഉദ്ഘാടനച്ചടങ്ങിനുശേഷം മിനർവ തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കും.


ഐഎഫ്എഫ്കെയിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പായൽ കപാഡിയയ്ക്ക് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മുപ്പതു വർഷങ്ങൾക്കു മുമ്പ്, 1994ലെ 'സ്വം' എന്ന ചിത്രത്തിനുശേഷം കാൻ ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ ഇടംനേടിയ ഇന്ത്യൻ സിനിമയാണ് 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്. ഷിക്കാഗോ, സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളകളിലും ഈ സിനിമ പുരസ്‌കാരങ്ങൾ നേടിയിരുന്നു.


പ്രഭ, അനു എന്നീ നഴ്സുമാർ മുംബൈയിൽ ഒരുമിച്ചാണ് താമസിക്കുന്നത്. വിവാഹിതയായ പ്രഭ ജർമനിയിലുള്ള ഭർത്താവിന്റെ സാന്നിധ്യം പ്രതീക്ഷിച്ച് കഴിയുകയാണ്. ഷിയാസ് എന്ന മുസ്ലിം യുവാവുമായി പ്രണയത്തിലാണ് അനു. ആശുപത്രിയിലെ പാചകക്കാരിയായ പാർവതി തന്റെ പാർപ്പിടം ഇടിച്ചുതകർക്കാനൊരുങ്ങുന്ന നിർമാണക്കമ്പനിക്കെതിരെ പൊരുതുകയാണ്. ഈ മൂന്നു സ്ത്രീകൾ പരസ്പരം താങ്ങും തണലുമായി നിന്ന് ജീവിതത്തെ നേരിടുന്നതിന്റെ ഹൃദയസ്പർശിയായ കഥയാണിത്. 115 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം.



സംഘാടക സമിതി ഓഫീസ് തുറന്നു


സംസ്ഥാന ചലച്ചിത്ര അക്കാദമി 23 മുതൽ 25 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫീസ് പ്രവർത്തനം തുടങ്ങി. ചന്തമുക്ക് മുനിസിപ്പൽ സ്‌ക്വയറിൽ ആരംഭിച്ച സംഘാടക സമിതി ഓഫീസ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വൻനഗരങ്ങളിൽ മാത്രം നടന്നു വരുന്ന ചലച്ചിത്രമേളയ്ക്കാണ് കൊട്ടാരക്കര വേദിയാകുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ലോകത്തെ പ്രധാന മേളകളിൽ ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. വനിതാ സംവിധായകരുടെ 25 സിനിമകൾ പ്രദർശിപ്പിക്കുന്നമേള കൊട്ടാരക്കര ആവേശത്തോടെ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.


ഫെസ്റ്റിവൽ ബ്രോഷർ മന്ത്രി കെ എൻ ബാലഗോപാലിൽനിന്നും നിർമാതാവ് കെ അനിൽകുമാർ അമ്പലക്കര ഏറ്റുവാങ്ങി. മുനിസിപ്പൽ ചെയർമാൻ അഡ്വ. കെ ഉണ്ണിക്കൃഷ്ണമേനോൻ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കൗൺസിലർ അനിത ഗോപകുമാർ, കില പ്രതിനിധികളായ ശ്രീജ, ലാലി, എസ് ആർ രമേശ്, കാപ്പക്സ് ഡയറക്ടർ സി മുകേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി കെ ജോൺസൺ, കില ഡയറക്ടർ വി സുദേശൻ, സംഘാടക സമിതി കൺവീനർ സി അജോയ് തുടങ്ങിയവർ പങ്കെടുത്തു. കൊട്ടാരക്കര മിനർവ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായി 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും.


മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും. 1000 പേർക്ക് മാത്രമാണ് മേളയിൽ പ്രവേശനം അനുവദിക്കുക. https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന രജിസ്ട്രേഷൻ നടത്താം. ജിഎസ്ടി ഉൾപ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാർഥികൾക്ക് 236 രൂപയുമാണ് ഫീസ്‌. ഓഫ് ലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം സംഘാടക സമിതി ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home