അമ്പോ! കിടിലൻ സർപ്രൈസ്; 'സ്പൈഡർമാൻ' കൊച്ചി ഫാൻസ് ഷോ ടിക്കറ്റ് പുറത്തിറക്കി ടോം ഹോളണ്ട്

കൊച്ചി: കേരളത്തിലെ മാർവൽ ആരാധകർക്ക് വമ്പൻ സർപ്രൈസ്. സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയുടെ കൊച്ചി ഫാൻസ് ഷോയുടെ ടിക്കറ്റുകൾ പുറത്തിറക്കിയത് ആരാണെന്നറിയാമോ? സ്പൈഡർമാൻ നടൻ ടോം ഹോളണ്ട് ആണ് ടിക്കറ്റ് ഔദ്യോഗികമായി പുറത്തിറക്കിയത്. ചിത്രത്തിന്റെ അന്താരാഷ്ട്ര പ്രസ് ടൂറിന്റെ ഭാഗമായി ജർമ്മനിയിലെ ബെർലിനിൽ വെച്ച് ആരാധകരുമായുള്ള സംവാദത്തിനിടയിലാണ് താരം ടിക്കറ്റിൽ ഒപ്പുവെച്ച് പ്രകാശനം നിർവഹിച്ചത്.
ഈ ടിക്കറ്റ് മാർവൽ ഫാൻസ് ഇന്ത്യയെയും ബെർലിനിലെ മാർവൽ ഫാൻസ് കേരളയെയും പ്രതിനിധീകരിക്കുന്ന ആന്റണി ഇമ്മാനുവൽ ആണ് ഏറ്റുവാങ്ങിയത്. വ്യാഴാഴ്ച മാർവൽ ഫാൻസ് ഇന്ത്യ സോഷ്യൽ മീഡിയ വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കേരളത്തിലെ ഫാൻസ് കൂട്ടായ്മകൾക്ക് ലഭിച്ച ആഗോള അംഗീകാരമായാണ് ആരാധകർ ഇതിനെ കാണുന്നത്. കൊച്ചിയിലെ ഫാൻസ് ഷോയുടെ ടിക്കറ്റുകൾ പ്രീ-ബുക്കിങ് തുടങ്ങി വെറും ഒന്നര മണിക്കൂറിനുള്ളി തന്നെ ഹൗസ്ഫുൾ ആയി.
മാർവൽ ഫാൻസ് ഇന്ത്യയും കേരള പോപ്പ് കോണും ചേർന്നാണ് ഈ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത്. ജൂലൈ 30-ന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടോം ഹോളണ്ട്, പീറ്റർ പാർക്കർ/സ്പൈഡർമാൻ ആയി വീണ്ടും എത്തുന്നു. സെൻഡായ, ജേക്കബ് ബറ്റലോൺ, മാർക്ക് റഫല്ലോ, മൈക്കൽ മാൻഡോ, ജോൺ ബെർന്താൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 'സ്പൈഡർമാൻ: നോ വേ ഹോം' എന്ന ചിത്രത്തിലെ സംഭവവികാസങ്ങൾക്ക് ശേഷമുള്ള പീറ്റർ പാർക്കറുടെ ജീവിതമാണ് ഈ പുതിയ ചിത്രം പറയുന്നത്.
'സ്പൈഡർമാൻ: ഹോംകമിങ്' (2017), 'സ്പൈഡർമാൻ: ഫാർ ഫ്രം ഹോം' (2019), 'സ്പൈഡർമാൻ: നോ വേ ഹോം' (2021) എന്നീ ചിത്രങ്ങളിൽ പീറ്റർ പാർക്കറായി വേഷമിട്ടത് ടോം ഹോളണ്ട് ആണ്. ഇതിനുപുറമെ 'ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ' (2016), 'അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ' (2018), 'അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം' (2019) തുടങ്ങിയ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രങ്ങളിൽ അദ്ദേഹം കാമിയോ വേഷത്തിലും എത്തിയിരുന്നു. സ്പൈഡർമാൻ കോമിക്കുകളെ അടിസ്ഥാനമാക്കി സാം റൈമി സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിൽ ടോബി മാഗ്വയർ ആയിരുന്നു പീറ്റർ പാർക്കറെ അവതരിപ്പിച്ചത്.










0 comments