print edition കരീന സംസാരിക്കും പാർവതിയിലൂടെ

പാർവതി തിരുവോത്ത്

ശ്രീരാജ് ഓണക്കൂർ [email protected]
Published on Sep 13, 2026, 01:30 AM | 2 min read
സിനിമയിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ട കാലം കഴിഞ്ഞെന്ന് വിശ്വസിക്കുന്നതായി നടി പാർവതി തിരുവോത്ത്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റ’യുടെ മലയാളം പതിപ്പിൽ കരീന കപൂർ ഖാനിന് ശബ്‌ദം നൽകാൻ കഴിഞ്ഞ സന്തോഷം പങ്കുവയ്ക്കുകയാണ് പാർവതി. ഒരു വിദ്യാർഥി തയ്യാറാകുന്പോൾ ഒരു ഗുരു നമ്മുടെ മുന്നിലെത്തുമെന്ന് പറയുന്നതുപോലെയാണ് ഇൗ ചിത്രത്തിൽ അവസരം ലഭിച്ചത്.
പ്രേക്ഷകരും ഞാനും തമ്മിലുള്ള ബന്ധം വളരെയധികം റെസ്‌പെക്‌ട്‌ഫുള്ളാണ്. ഒരിക്കലും കാലങ്ങളോളം നമ്മളെ മാറ്റിനിർത്താനാകില്ലല്ലോ. പല കാര്യങ്ങളും കാലംതന്നെ തെളിയിച്ചു എന്ന അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. എനിക്ക് അർഹിക്കുന്നതരത്തിലുള്ള പ്രോജക്‌ടുകളും മനസ്സിൽപ്പോലും വിചാരിക്കാത്ത ‘ദായ്‌റ’ പോലെയുള്ള അനുഗ്രഹങ്ങളും ഇപ്പോൾ ലഭിക്കുന്നുണ്ട്.
മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റ’യുടെ മലയാളം പതിപ്പിൽ കരീന കപൂർ ഖാൻ അവതരിപ്പിക്കുന്ന അജൂനി കോഹ്‌ലി എന്ന കഥാപാത്രത്തിനാണ് പാർവതി ശബ്ദം നൽകുന്നത്. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ചിത്രം 18ന് റിലീസാകും.
ഡബ്ബിങ് വളരെ വലിയ അനുഗ്രഹം
ഡബ്ബിങ് വളരെ വലിയ അനുഗ്രഹമാണ്. അഞ്ചാറുവർഷമായി വോയിസ് ആക്ടിങ്ങിലേക്ക് ചേക്കേറണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഹോളിവുഡ് അനിമേഷൻ ചിത്രങ്ങളിൽ ജസ്റ്റിൻ ഹോപ്‌മാൻ, റിച്ചാർഡ് ഗെയർ, ആഞ്‌ജലീന ജോളി, മെറിൽ സ്‌ട്രീപ് പോലെയുള്ളവർ ശബ്‌ദം നൽകിയിട്ടുണ്ട്. അവർ വളരെ ഗൗരവത്തോടെയാണ് ഡബ്ബിങ്ങിനെ സമീപിക്കുന്നത്. അഭിനയത്തിനു തുല്യമായ പ്രാധാന്യമാണവർ ഡബ്ബിങ്ങിന് നൽകുന്നത്.
കാമറയും ലൈറ്റും ഇല്ലെങ്കിലും പ്രകടനത്തിൽ അതിന്റെ സത്യസന്ധത കൊണ്ടുവരികയെന്നത് വളരെ വലിയ ഉത്തരവാദിത്വമാണ്. ഇതിനേക്കാൾ വലിയ ഉത്തരവാദിത്വമാണ് ‘ദായ്‌റ’ സിനിമയിൽ കരീന കപൂർ ഖാനിന് ശബ്‌ദം നൽകിയപ്പോൾ നേരിടേണ്ടിവന്നത്. കരീന അത്യുഗ്രമായി അഭിനയിച്ച ഒരു സിനിമയ്ക്ക് യോജിച്ച രീതിയിൽ ശബ്‌ദം നൽകുകയെന്നതായിരുന്നു ആദ്യത്തേത്. അതിൽ പാർവതി തിരുവോത്ത് കയറിവരാൻ പാടില്ലെന്നതായിരുന്നു രണ്ടാമത്തേത്. കരീനയും കഥാപാത്രവും മാത്രമേ അവിടെ ഉണ്ടാകാൻ പാടുള്ളൂ.
എന്നാൽ, നമ്മുടെ ഭാഷയോട് സത്യസന്ധത പുലർത്തുകയും വേണം. ഇതായിരുന്നു നേരിട്ട വെല്ലുവിളി. സംവിധായിക മേഘ്‌ന ഗുൽസാർ സിനിമയെക്കുറിച്ച് വിശദീകരിച്ചു. അവർ എന്നോട് കാണിച്ച വിശ്വാസത്തിന് ഏറെ നന്ദിയുണ്ട്. സത്യം പറഞ്ഞാൽ അഭിനയിക്കുന്നതിനേക്കാളേറെ ബുദ്ധിമുട്ടായിരുന്നു ഡബ്ബിങ്.
ശങ്കർ രാമകൃഷ്‌ണനാണ് ഡയലോഗുകൾ പറയാൻ ഗൈഡ് ചെയ്‌തത്. ഡബ്ബിങ് ആർട്ടിസ്റ്റുകളോട് നന്ദി പറയാനുള്ള അവസരംകൂടിയാണിത്. എന്റെ പല സിനിമകളും അന്യഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. പല ഡബ്ബിങ് ആർട്ടിസ്റ്റുകളാണ് ഇൗ സിനിമകളിൽ ശബ്‌ദം നൽകിയത്. നന്നായി ഡബ്ബ് ചെയ്‌തില്ലെങ്കിൽ എന്റെ അഭിനയപ്രകടനത്തെത്തന്നെ ബാധിക്കുമായിരുന്നു.
ഡബ്ബിങ് ആർട്ടിസ്റ്റുകൾ രണ്ടാംസ്ഥാനക്കാരല്ല
ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് നാം കുറച്ചുനാളായി രണ്ടാംസ്ഥാനമാണ് നൽകിയിരിക്കുന്നത്. ഒരു നടനോ നടിക്കോ കിട്ടുന്ന പകുതിയുടെ പകുതി പിന്തുണപോലും അവർക്ക് ലഭിക്കുന്നില്ല. ‘അവർ ഡബ്ബ് ചെയ്‌തു’ എന്നേ എല്ലാവരും പറയാറുള്ളൂ. ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനെ ജോലി ഏൽപ്പിക്കുന്നത് വളരെ വലിയൊരു വിശ്വാസമാണ്.
കഥാപാത്രത്തെ മനസ്സിലാക്കാനോ എഴുത്തുകാരനുമായി സംസാരിക്കാനോ അഭിനയിച്ചയാളോട് സംസാരിക്കാനോ അവർക്ക് കഴിഞ്ഞെന്നുവരില്ല. ഞാൻ ഒരു നടിയായതുകൊണ്ട് കരീന കപൂറിനോട് സംസാരിക്കണമെന്ന് എനിക്ക് ആവശ്യപ്പെടാം. പക്ഷേ, സാധാരണ ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് ആ സ്വാതന്ത്ര്യം ലഭിക്കണമെന്നില്ല. ഡബ്ബിങ് അഭിനയത്തിന്റെ അതേ തുല്യതയിൽ വരുന്ന ഒരു കലയാണ്. ഒരു രീതിയിലും അതിനെ ചുരുക്കിക്കാണാൻ സാധിക്കില്ല. ഡബ്ബിങ് ആർട്ടിസ്റ്റുകളോടുള്ള എന്റെ ബഹുമാനം ഇൗ സിനിമയോടുകൂടി ഏറെ വർധിച്ചെന്നും പാർവതി.
പുതിയ ചിത്രങ്ങൾ
പതിനൊന്നിന് റിലീസായ ‘പ്രഥമദൃഷ്‌ട്യാ കുറ്റക്കാരാ’ണ് പുതിയ ചിത്രം. തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലുമായി പുതിയ ചിത്രങ്ങൾ ഉടൻ വരുന്നുണ്ട്.










0 comments