'ദി കേരള സ്റ്റോറി' രണ്ടാം ഭാഗം; വർഗീയ ധ്രുവീകരണത്തിനുള്ള നീക്കം പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

തിരുവനന്തപുരം: 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനുള്ള വർഗീയ ശക്തികളുടെ ശ്രമമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തെ അപമാനിക്കാനും രാജ്യത്ത് വംശീയവും വർഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ഉദ്ദേശിക്കുന്ന നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ കുറിച്ചു.
മതേതരത്വത്തിനും സാമുദായിക സൗഹാർദത്തിനും പേരുകേട്ട കേരളത്തെ വിഷം തേച്ച നുണകൾ പ്രചരിപ്പിച്ച് അപമാനിക്കാനുള്ള സംഘപരിവാർ നീക്കത്തിന്റെ തുടർച്ചയായാണ് ദി കേരള സ്റ്റോറി എന്ന സിനിമ നേരത്തെ പുറത്തിറങ്ങിയത്. ആ സിനിമക്കെതിരെ അതിശക്തമായ പ്രതിഷേധം കേരളം ഉയർത്തിയിരുന്നു. അതിൻ്റെ രണ്ടാം ഭാഗം ഇറക്കുക വഴി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ച് അതിൽ നിന്നും രാഷ്ട്രീയനേട്ടം കൊയ്യാമെന്ന സംഘപരിവാർ വ്യാമോഹം വിലപ്പോവില്ലെന്ന് ഡിവൈഎഫ്ഐ കുറിച്ചു.
വികസന സൂചികയിലും മതേതരത്വത്തിലും വിദ്യാഭ്യാസത്തിലും രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ യഥാർഥ ചിത്രം മറച്ചുവെച്ച്, നുണക്കഥകൾ പ്രചരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഭാഗമായ ഒരു സംസ്ഥാനത്തെ ഇത്തരത്തിൽ അപമാനിക്കുന്നത് വഴി രാജ്യത്തെ തന്നെയാണ് അപമാനിക്കാൻ ശ്രമിക്കുന്നതെന്ന് സംഘപരിവാർ തിരിച്ചറിയണം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ ഇത്തരം നുണ പ്രചരണങ്ങളെ പ്രബുദ്ധ മലയാളി സമൂഹം തള്ളിക്കളയുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ അറിയിച്ചു.










0 comments