ad
Deshabhimani

ഐ എം വിജയന്റെ ജീവിതകഥ സിനിമയാവുന്നു

IM VIJAYAN.JPG

ഐ എം വിജയൻ, ചിത്രത്തിന്റെ പോസ്റ്റർ

വെബ് ഡെസ്ക്

Published on Apr 23, 2026, 12:19 PM | 1 min read

തിരുവനന്തപുരം: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയന്റെ ജീവിതകഥ സിനിമയാവുന്നു. സംവിധായകൻ ഒമർ ലുലുവാണ് ചിത്രം ഒരുക്കുന്നത്. കേശവ രാമചന്ദ്രപ്പ, കെ മഞ്ജു, രാജശേഖർ ജി എന്നിവർ ചേർന്നാണു ചിത്രത്തിന്റെ നിർമാണം. സിനിമയുടെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 26-ന് തൃശൂരിൽ നടക്കും. മറ്റുവിരങ്ങളൊന്നും അണിയറ പ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല.


'തൃശൂരിലെ ചെറിയൊരു ഗ്രാമത്തിൽ… ചപ്പാത്തിക്കു പോലും കഷ്ടപ്പെട്ടിരുന്ന ഒരു കുട്ടി. പാദരക്ഷ ഇല്ലാതെ മണ്ണിൽ കളിച്ച ആ ബാലൻ, ഒരു ദിവസം രാജ്യത്തിന്റെ മൈതാനങ്ങൾ കീഴടക്കും എന്ന് ആരും കരുതിയില്ല… പക്ഷേ അവൻ വിശ്വസിച്ചു. ആ കുട്ടി— വിജയൻ. അവന്റെ പാദങ്ങൾ മണ്ണിൽ നിന്ന് തുടങ്ങി…പിന്നീട് സ്റ്റേഡിയങ്ങളിലേക്ക് ഉയർന്നു… എല്ലാ പ്രതിബന്ധങ്ങളും തള്ളിക്കളഞ്ഞ്, ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായി മാറി'- എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ ഒമർ ലുലു സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.




1969 ഏപ്രിൽ 25ന്‌ തൃശൂർ കോലത്തുംപാടും അയനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായാണ് കേരളം സംഭാവനചെയ്‌ത എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരത്തിന്റെ ജനനം. ദാരിദ്ര്യംനിറഞ്ഞ കുട്ടിക്കാലത്തും മനസ്സുനിറയെ ഫുട്‌ബോളായിരുന്നു. 1986ൽ എം കെ ജോസഫ്‌ ഡിജിപിയായിരിക്കെയാണ്‌ പൊലീസിന്റെ സെലക്ഷൻ ട്രയൽസിനിറങ്ങുന്നത്‌. കളിമിടുക്ക് കണ്ട് ഇഷ്ടപ്പെട്ടെങ്കിലും 18 വയസ്സ് തികയാത്തതിനാൽ ടീമിലെടുത്തില്ല. ആറുമാസത്തിലധികം അതിഥി താരമായി ടീമിൽ കളിച്ചശേഷം 1987ൽ പൊലീസ്‌ കോൺസ്‌റ്റബിളായി നിയമിതനായി.


ഇതിനിടെ 1991ൽ കൊൽക്കത്ത മോഹൻബഗാൻ ക്ലബ്ബിനുവേണ്ടി കളിക്കാൻപോയി. അടുത്തവർഷം തിരിച്ചുവന്നു. 1993ൽ സന്തോഷ്‌ട്രോഫി കിരീടംനേടിയ കേരള ടീമിൽ അംഗമായി. അധികംവൈകാതെ വീണ്ടും പ്രൊഫഷണൽ ക്ലബ്ബുകളിലേക്ക് തിരിച്ചുപോയി. ഈസ്റ്റ്‌ ബംഗാൾ, ജെസിടി മിൽ‌സ് ഫഗ്വാര, എഫ്‌സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്‌സ്‌ തുടങ്ങിയ ടീമുകൾക്കായി ബൂട്ടുകെട്ടി. വർഷങ്ങൾക്കുശേഷം പൊലീസിൽ എഎസ്‌ഐയായി തിരിച്ചെത്തിയ വിജയൻ 2021ലാണ് എംഎസ്‌പി അസി. കമാൻഡന്റായത്. 1991മുതൽ 2003വരെ ഇന്ത്യക്കായി കളിച്ചു. രാജ്യത്തിനായി 88 കളിയിൽ 39 ഗോളടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home