ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. അന്താരാഷ്ട്ര വാർത്താ ശൃംഖലയായ അൽ ജസീറയുടെ ക്യാമറാമാൻ അഹമ്മദ് വിഷാ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച മധ്യ ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലെ ഒരു വീടിന് നേരെ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് അഹമ്മദ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അഹമ്മദിനെ കൂടാതെ മറ്റൊരു വ്യക്തിയും കൊല്ലപ്പെടുകയും, ഒരു പലസ്തീൻ പൗരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബുറൈജ് ക്യാമ്പിലുണ്ടായ ഈ വ്യോമാക്രമണത്തോടെ ഗാസയിൽ വിവിധയിടങ്ങളിലായി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 10 ആയി.
ഈ വർഷം ഏപ്രിൽ 8ന് തന്റെ വാഹനത്തിൽ സഞ്ചരിക്കവെ ഇസ്രയേലിന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് വിഷായുടെ സഹോദരനാണ് ഇപ്പോൾ കൊല്ലപ്പെട്ട അഹമ്മദ്. അതേസമയം, അഹമ്മദ് വിഷാഹ് ഒരു "ഹമാസ് ഭീകരൻ" ആയിരുന്നതിനാലാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) അവകാശപ്പെട്ടു. എന്നാൽ ഇസ്രയേൽ സൈന്യത്തിന്റെ ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് അൽ ജസീറ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
2023 ഒക്ടോബറിൽ ഗാസയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ വലിയ ആശങ്കയാണ് ഉയർത്തുന്നത്. യുദ്ധം ആരംഭിച്ചതുമുതൽ ഗാസയിൽ മാത്രം അൽ ജസീറയുടെ 12 മാധ്യമപ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. അന്താരാഷ്ട്ര മാധ്യമ സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റുകളുടെ (സിപിജെ) ഔദ്യോഗിക കണക്കുകൾ പ്രകാരം, 2023 ഒക്ടോബറിലെ ഗാസ യുദ്ധത്തിന്റെ തുടക്കം മുതൽ ഇതുവരെ കുറഞ്ഞത് 260 പലസ്തീൻ മാധ്യമപ്രവർത്തകർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.









0 comments