ad
Deshabhimani

കഞ്ചിക്കോട്ടെ കാറ്റാടിപ്പാടവും സ്വകാര്യമേഖലയ്ക്ക്‌

kanchikode wind factory
avatar
വേണു കെ ആലത്തൂർ

Published on Jun 21, 2026, 07:15 AM | 1 min read

പാലക്കാട്‌ : കെഎസ്‌ഇബിയുടെ കഞ്ചിക്കോട്‌ വ്യവസായമേഖലയിലെ കാറ്റാടിപ്പാടം സ്വകാര്യമേഖലയ്‌ക്ക്‌ വിൽക്കുന്നു. ഇതിനായി കെഎസ്‌ഇബി താൽപ്പര്യപത്രം ക്ഷണിച്ചു. സംസ്ഥാനത്ത്‌ പൊതുമേഖലയിൽ ആദ്യമായി ആരംഭിച്ച കാറ്റാടിപ്പാടമാണിത്‌. 225 കിലോവാട്ട്‌ വീതം ഉൽപ്പാദനശേഷിയുള്ള ഒമ്പത്‌ കാറ്റാടികളാണ്‌ ഉള്ളത്‌. 30 വർഷം പഴക്കമുള്ള ഇവ നവീകരിക്കാൻ മൂലധനച്ചെലവ്‌ കൂടുതലാണെന്ന കാരണം പറഞ്ഞാണ്‌ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുന്നത്‌. 25 വർഷത്തേക്കാണ്‌ കരാർ. നവീകരിച്ചശേഷം വൈദ്യുതി ഉൽപ്പാദിപ്പിച്ച്‌ കെഎസ്‌ഇബിക്ക്‌ വിൽക്കാനുള്ള ടെണ്ടർ സ്വീകരിക്കാനാണ്‌ സർക്കാർ നീക്കം.


1995ലാണ്‌ കഞ്ചിക്കോട്‌ വ്യവസായമേഖലയിൽ ആലാമരം കെഎസ്‌ഇബി സബ്‌സ്‌റ്റേഷനുസമീപം കാറ്റാടിപ്പാടം തുടങ്ങിയത്‌. സെക്കൻഡിൽ നാലുമുതൽ 30 മീറ്റർ വേഗത്തിൽ തിരിയുന്ന കാറ്റാടികളാണുള്ളത്‌. ഉൽപ്പാദനശേഷി മൂന്നുമുതൽ അഞ്ച്‌ മെഗാവാട്ട്‌വരെ ഉയർത്താനായാണ്‌ നവീകരിക്കുന്നതെന്നാണ്‌ കെഎസ്‌ഇബി വാദം. കരാറെടുക്കുന്ന കമ്പനി, കാറ്റാടി നവീകരിച്ചശേഷം വൈദ്യുതി കെഎസ്‌ഇബിക്ക്‌ നൽകണം. ഇതിന്‌ വിലനിശ്‌ചയിക്കുന്നത്‌ കമ്പനിയാകും. മുടക്കുമുതൽ ഉൾപ്പെടെ ചേർത്ത്‌ അതിന്റെ ആനുപാതത്തിലാകും വില കണക്കാക്കുക.


സംസ്ഥാനത്ത്‌ കെഎസ്‌ഇബിക്കുള്ള മൂന്ന്‌ കാറ്റാടിപ്പാടങ്ങളിൽ ഒന്നാണിത്‌. അട്ടപ്പാടിയിലും ഇടുക്കിയിലെ രാമക്കൽമേട്ടിലുമാണ്‌ മറ്റ്‌ രണ്ടെണ്ണം. പാലക്കാട്‌ ചുരത്തിൽ എന്നും ശക്തമായ കാറ്റടിക്കുന്നതിനാൽ വൈദ്യുതി ഉൽപ്പാദനത്തിന്‌ അനുയോജ്യമാണ്‌. പൊതുമേഖലയിൽ ഫലപ്രദമായി ഉപയോഗിച്ച്‌ സംസ്ഥാനത്തെ വൈദ്യുതി മേഖല ശാക്തമാക്കുന്നതിന്‌ പകരം സ്വകാര്യമേഖലയ്ക്ക്‌ തീറെഴുതാനുള്ള ശ്രമമാണ്‌ യുഡിഎഫ്‌ സർക്കാർ നടത്തുന്നത്‌. നിരവധി സ്വകാര്യകമ്പനികൾ ഇവിടെ കാറ്റാടികൾ സ്ഥാപിച്ച്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home