Deshabhimani

print edition അമേരിക്കന്‍ ചുങ്കം അടിച്ചേല്‍പ്പിക്കല്‍; പ്രതികരിക്കാൻ ഭയന്ന് മോദി സർക്കാർ

modi trump
avatar
സ്വന്തം ലേഖകൻ

Published on Nov 27, 2026, 02:18 AM | 1 min read

ന്യൂഡൽഹി : ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ 25 ശതമാനം അധികതീരുവ ചുമത്താനുള്ള ട്രംപ്‌ സർക്കാരിന്റെ തീരുമാനത്തോട്‌ ശക്തമായി പ്രതികരിക്കാൻ ഭയന്ന്‌ കേന്ദ്രസർക്കാർ. അമേരിക്കയുമായുള്ള ഉഭയകക്ഷി കരാർ എത്രയും വേഗം പ്രാവർത്തികമാക്കാൻ ഇന്ത്യ പ്രതിജ്‌ഞാബദ്ധമാണെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ പ്രതികരണം.


അമേരിക്ക ആരോപിക്കുന്നത്‌ പോലെ ഉൽപ്പന്നനിർമാണ മേഖലയിൽ അമിത ഉൽപ്പാദനം ഇന്ത്യയിലില്ല. ഇക്കാര്യത്തിൽ അമേരിക്ക നടത്തിയ പരിശോധനകളോട്‌ ക്രിയാത്‌മകമായാണ്‌ ഇന്ത്യ പ്രതികരിച്ചത്‌. വ്യാപാരവുമായി ബന്ധപ്പെട്ട ഏത്‌ ആശങ്കയും നിലവിലെ വ്യാപാര കരാർ ചട്ടക്കൂട്ടിനുള്ളിൽ നിന്നാണ്‌ പരിഹരിക്കേണ്ടതെന്നും വാണിജ്യ മന്ത്രാലയം പ്രസ്‌താവനയിൽ പറയുന്നു.


അമേരിക്കയുടെ ഏകപക്ഷീയ തീരുവ പ്രഖ്യാപനം ഇന്ത്യയുടെ കയറ്റുമതി മേഖലയെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. 25 ശതമാനം തീരുവ നിലവിലായാൽ യുഎസ്‌ ഏറ്റവും തീരുവ ചുമത്തുന്ന രണ്ടാമത്തെ രാജ്യമാകും. 35 ശതമാനം തീരുവയുള്ള വിയത്‌നാമാണ്‌ ഒന്നാമത്‌. നിലവിലെ അടിസ്ഥാന തീരുവയായ ഒമ്പത്‌ ശതമാനത്തിനൊപ്പം 25 ശതമാനം തീരുവ കൂടി ചേരുമ്പോൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ മേലുള്ള നികുതി 34 ശതമാനമാകും.


യുഎസ്‌ സമ്മർദങ്ങൾക്ക്‌ വഴങ്ങരുത്‌: സിപിഐ എം


ന്യൂഡൽഹി : അധിക ഉൽപ്പാദനം, നിർബന്ധിത തൊഴിൽ തുടങ്ങിയ വ്യാജ ആരോപണങ്ങളുടെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ മേൽ 25 ശതമാനം തീരുവ ചുമത്താനുള്ള യുഎസ്‌ തീരുമാനത്തെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അപലപിച്ചു. ഇന്ത്യ–യുഎസ്‌ വ്യാപാര കരാർ നിലവിൽ വന്നാൽ തീരുവ 17 ശതമാനമായി കുറയ്‌ക്കുമെന്ന നിലപാട്‌ അമേരിക്കൻ താൽപ്പര്യങ്ങൾക്ക്‌ വഴങ്ങാനുള്ള സമ്മർദമാണ്. വ്യാപാര കരാർ ചർച്ചകളെ സ്വാധീനിക്കുകയാണ്‌ ലക്ഷ്യം. അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തെ ശക്തമായി എതിർക്കുന്നതിന്‌ പകരം ദുർബല നിലപാടാണ്‌ മോദി സർക്കാർ സ്വീകരിച്ചത്‌. അമേരിക്കയുടെ ഏകപക്ഷീയ നീക്കങ്ങളെ ശക്തമായി ചെറുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുംവിധം വ്യാപാര ചർച്ചകളിൽ കർക്കശ നിലപാട്‌ സ്വീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home