print edition തിളച്ചുമറിഞ്ഞ് കർഷകരോഷം; രാജ്യവ്യാപക പ്രതിഷേധവുമായി എസ്കെഎം


സ്വന്തം ലേഖകൻ
Published on Nov 27, 2026, 02:22 AM | 1 min read
ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച (എസ്കെഎം)യുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധമിരമ്പി. മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്ന സമരത്തിൽ മോദി സർക്കാരിനെതിരെ ലക്ഷങ്ങൾ തെരുവിലിറങ്ങി. വിളകൾക്ക് സ്വാമിനാഥൻ കമീഷൻ പ്രകാരമുള്ള താങ്ങുവില നൽകുക, സ്വതന്ത്ര വ്യാപാര കരാറുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളോടൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, എസ്ഐആർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തിൽ ഉന്നയിച്ചു. ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിന്റെ ആറാം വാർഷികത്തിലാണ് എസ്കെഎം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചത്. കർഷകത്തൊഴിലാളി സംഘടനകളും തൊഴിലുറപ്പ് തൊഴിലാളികളും ഉൾപ്പെടെ നിരവധി പേർ പ്രതിഷേധത്തിൽ പങ്കാളിയായി.
പ്രതിഷേധ പരിപാടികൾക്ക് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്കെഎം നേതാക്കളെ പൊലീസ് തടങ്കലിലാക്കി. നിരവധിയിടങ്ങളിൽ ബിജെപി ഗുണ്ടകളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ അക്രമസംഭവങ്ങൾ അരങ്ങേറി. പശ്ചിമ ബംഗാളിൽ അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റ് അമൽ ഹൽദ്വാറിന് ക്രൂരമായി മർദനമേറ്റു. നെറ്റി പൊട്ടി ചോരയൊലിച്ചു. എന്നാൽ, അടിച്ചമർത്തൽ ശ്രമങ്ങളെയെല്ലാം അതിജീവിച്ച് കർഷകർ ഒറ്റക്കെട്ടായി സമരപരിപാടികൾ സംഘടിപ്പിച്ചു.
ഹരിയാനയിലെ ബഹാദൂർഗഡിൽ നിന്ന് ടിക്രി അതിർത്തിയിലേക്ക് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ വന്പൻ റാലി നടന്നു. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നൽകി. പൊലീസ് റോഡിൽ നിരത്തിയിട്ട ബാരിക്കേഡുകൾ മറിച്ചിട്ടാണ് കർഷകർ മാർച്ച് ചെയ്തത്.
മഹാരാഷ്ട്രയിൽ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് കർഷകരാണ് തെരുവിലിറങ്ങിയത്. പാൽഘർ ജില്ലയിലെ ദഹാനു താലൂക്കിൽ അദാനി ഗ്രൂപ്പിന്റെ വധ്വാൻ തുറമുഖ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരത്തിൽ കർഷകരും പങ്കുചേർന്നു. ദഹാനുവിൽ വനിതകളുൾപ്പെടെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലെ പട്യാല, അമൃത്സർ, ഭട്ടിൻഡ എന്നിവിടങ്ങളിൽ ബിജെപി സർക്കാർ നയങ്ങൾക്കെതിരെ കർഷകരോഷം ഇരന്പി. ബിഹാറിലെ പട്നയിൽ നടന്ന മാർച്ചിൽ ചെങ്കാടികൾ നിറഞ്ഞു. പ്രതിഷേധ സ്ഥലങ്ങളിൽ കർഷകർ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി.









0 comments